തൃശൂര്‍: ഭാര്യയെ പേടിച്ചു പണം മോഷ്ടിക്കാന്‍ ഇറങ്ങിയ റിയോയുടെ ചെയ്ത്തിയില്‍ ആകെ പെട്ടുപോയത് ഭാര്യയും മക്കളുമാണ്. അച്ഛന്‍ ചെയ്ത പ്രവൃത്തി കാരണം സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നിരിക്കയാണ് കുടുംബം. വീട്ടിലേക്ക് പോലിസ് എത്തിയതും ചുറ്റും നടക്കുന്ന ബഹളങ്ങളും എല്ലാമായി ആകെ തകര്‍ന്നിരിക്കയാണ് റിജോയുടെ കുട്ടികള്‍. കുവൈത്തില്‍ നഴ്‌സായ ഭാര്യയും ആകെ തകര്‍ന്ന അവസ്ഥയിലാണ്. എല്ലാം റിജോയുടെ കുരുട്ടുബുദ്ധി വരുത്തിവെച്ചതാണ്.

പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസിലെ പ്രതി അയല്‍വാസിയായ റിജോ ആന്റണിയാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരും. കോവിഡ് കാലത്ത് ഗള്‍ഫിലെ ജോലി പോയി നാട്ടില്‍ തിരിച്ചെത്തിയതാണ് റിജോ ആന്റണി. ജോലി പോയെന്ന് വച്ച് ആര്‍ഭാടത്തിന് ഒട്ടും കുറവില്ലാതെയായിരുന്നു ജീവിതം. സുഹൃത്തുക്കളുമൊത്ത് സ്ഥിരം മദ്യപാന പരിപാടികള്‍. തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്പനി കൂടല്‍ എല്ലാം പതിവായിരുന്നു. ഗള്‍ഫില്‍ നഴ്‌സായ ഭാര്യയുടെ ചിലവിലായിരുന്നു ഈ ആര്‍ഭാടങ്ങളൊക്കെ. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം അതറിയാം. എന്നാല്‍, കുവൈത്തിലുള്ള ഭാര്യ ഇതേക്കുറിച്ചൊന്നും അറിഞ്ഞില്ല.

ഭാര്യ അയക്കുന്ന പണത്തിന്റെ നാലിരട്ടിയെങ്കിലും കടമെടുത്തും ചിലവാക്കി റിജോ. മറ്റുള്ളവര്‍ കടം കൊടുക്കുന്നതും റിജോയെ കണ്ടല്ല, കുടുംബത്തിന് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഭാര്യയെ കണ്ടാണ്, ഗള്‍ഫില്‍ നിന്ന് അവര്‍ മുടങ്ങാതെ പണം അയക്കുന്നതിന്റെ ധൈര്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ നാട്ടിലെത്തുമ്പോള്‍ ഈ കടമെല്ലാം വീട്ടുമെന്ന് പലരും പ്രതീക്ഷിക്കും. വരുന്ന ഏപ്രിലില്‍ അവര്‍ അവധിക്ക് എത്താനിരിക്കെ, അതിന് മുന്‍പേ കടമെല്ലാം തീര്‍ക്കാന്‍ റിജോ വഴിതേടിയത് ഈ പേടിയിലാണ്. ഏതാണ്ട് 49 ലക്ഷം കടമുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ഈ കടം വാങ്ങി ചിലവഴിച്ച തുകക്കൊന്നും ഭാര്യയോട് കണക്ക് പറയാന്‍ കഴിയുന്ന സാഹചര്യമില്ല. അതിലും എളുപ്പം കവര്‍ച്ചയാണെന്ന് റിജോ കണക്കുകൂട്ടി. അതാണ് ഒടുവില്‍ ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. പോലീസ് വിളിപ്പിച്ചാല്‍ അല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടിലേക്ക് വരാനും അവര്‍ തയ്യാറായേക്കില്ല എന്നാണ് സൂചനകള്‍. ഭര്‍ത്താവിന്റെ അതിബുദ്ധി കാരണംമുണ്ടായ മാനക്കേടിലാണ് അവര്‍. അതേസമയം നാട്ടില്‍ ഭര്‍ത്താവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മക്കളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് അവര്‍.

''രണ്ടര വര്‍ഷം മുന്‍പാണ് റിജോ എന്റെ വാര്‍ഡില്‍ വന്നു താമസിക്കാന്‍ തുടങ്ങിയത്. എപ്പോഴും ജോളിയായിട്ട് നടക്കുന്ന ഒരു മനുഷ്യനാണ്. കുഴപ്പമുള്ള വ്യക്തിയേ അല്ലായിരുന്നു. റിജോ വിദേശത്തായിരുന്നു. കോവിഡ് സമയത്താണ് നാട്ടിലേക്ക് വന്നത്. എല്ലാവരുമായും കമ്പനിയായി പോകുന്നയാളാണ്. എന്തെങ്കിലും പരിപാടി വന്നാല്‍ ആദ്യാവസാനം റിജോയുണ്ടാകും. അത്രമാത്രം സഹകരണമായിരുന്നു. പള്ളി പെരുന്നാള്‍ വന്നാലും ആഘോഷങ്ങളുടെ മുന്‍പന്തിയിലുണ്ടാകും. ആരെ എപ്പോള്‍ കണ്ടാലും ചിരിച്ചുകൊണ്ടേ സംസാരിക്കുമായിരുന്നുള്ളൂ. എന്റെ വീടിന്റെ അടുത്താണ് റിജോ താമസിക്കുന്നത്. 200 മീറ്റര്‍ മാത്രമാണ് ഞങ്ങളുടെ വീടുകള്‍ തമ്മിലെ അകലം.'' വാര്‍ഡ് കൗണ്‍സിലര്‍ ജിജി ജോണ്‍സന്‍ പറയുന്നത് ഇങ്ങെയാണ്.

''റിജോയുടെ ഭാര്യ വിദേശത്ത് നഴ്‌സാണ്. പിള്ളേരുടെ കാര്യങ്ങളൊക്കെ റിജോയാണ് നോക്കിയിരുന്നത്. മൂത്തയാള്‍ പ്ലസ് വണ്ണിലും രണ്ടാമത്തെയാള്‍ നാലാം ക്ലാസിലുമാണ്. അവരെ സ്‌കൂളിലേക്ക് അയച്ചു കഴിഞ്ഞാല്‍ റിജോ മാത്രമേ വീട്ടിലുണ്ടാവൂ. റിജോയുടെ അറസ്റ്റിന്റെ ഷോക്കിലാണ് കുട്ടികള്‍. അയാളുടെ ഭാര്യയൊരു പാവമാണ്. അവര്‍ ഈ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ഇരുന്ന് പൊട്ടിക്കരയുകയാണ്. റിജോയുടെ വീട്ടില്‍ അയാളുടെ അമ്മയില്ല. അത്തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണ്. അമ്മ മേലൂരിലെ വീട്ടില്‍ സുഖമില്ലാതെ കിടപ്പാണ്. ജോലിക്കാരിയായി ഒരു ചേച്ചിയുണ്ട്. ആ ചേച്ചിക്കോ മക്കള്‍ക്കോ റിജോയെ സംശയമുണ്ടായിരുന്നില്ല. അയാള്‍ അങ്ങനെ ഒരാളെ അല്ലായിരുന്നു.'' ജിജി പറഞ്ഞു.

''ഞായറാഴ്ച കുടുംബയോഗം റിജോയുടെ വീട്ടിലായിരുന്നു ചേര്‍ന്നിരുന്നത്. എല്ലാവരോടും ചിരിച്ചും കളിച്ചും വളരെ സ്വാഭാവികമായാണ് റിജോ പെരുമാറിയത്. ഉള്ളില്‍ ചിലപ്പോള്‍ അസ്വസ്ഥത ഉണ്ടായിരുന്നിരിക്കാം. തലേദിവസവും ഞാന്‍ റിജോയെ കണ്ടിരുന്നു. അന്നും ചിരിച്ചൊക്കെയാണ് സംസാരിച്ചത്. ഞാന്‍ കൗണ്‍സിലറായതു കൊണ്ട് നാട്ടുകാര്യങ്ങളും റിജോ എന്നോട് സംസാരിക്കും. മൂന്നോ നാലോ തവണ ആ വീടിനു മുന്നില്‍ കൂടി ഞാന്‍ ദിവസവും പോകുന്നതാണ്. കള്ളന്‍ ഏതെങ്കിലും കാട്ടില്‍ പോയി ഒളിച്ചിട്ടുണ്ടായിരിക്കും എന്ന് റിജോ കുടുംബയോഗത്തില്‍ പറഞ്ഞിട്ടില്ല. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.

വികാരിയച്ചന്‍ കുടുംബയോഗത്തില്‍ വന്നപ്പോള്‍ പൊലീസുകാര്‍ ഈ ഭാഗത്ത് തമ്പടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കള്ളന്‍ ഈ ഭാഗത്ത് കാണുമെന്നും പൊലീസ് ഇവിടെ വളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കള്ളനെയൊന്നും പിടിക്കാന്‍ പറ്റില്ല അവന്‍ ആ വഴി പോയിട്ടുണ്ടാകും, ഏതെങ്കിലും മതിലിനടിയില്‍ അവന്‍ ഒളിച്ചിരിപ്പുണ്ടാകും' എന്നാണ് റിജോ പറഞ്ഞത്. ഇരുപതോളം പേര്‍ കുടുംബ യോഗത്തില്‍ പങ്കെടുത്തിരുന്നു. ചായയും പഴംപൊരിയും സമൂസയുമൊക്കെ കഴിക്കാനായി റിജോ ഒരുക്കിയിരുന്നു.

രണ്ടരയ്ക്ക് തുടങ്ങിയ കുടുംബസംഗമം വൈകിട്ടു നാലരയ്ക്കാണ് കഴിഞ്ഞത്. ആ സമയത്തൊക്കെ പൊലീസ് പരിസരത്ത് കറങ്ങുന്നുണ്ട്. എന്റെ വീടിന്റെ മുന്‍വശത്തെ ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഈ സ്‌കൂട്ടര്‍ കിട്ടിയിരുന്നു. പക്ഷേ അത് റിജോ ആണെന്ന് എന്നൊന്നും നമ്മള്‍ സംശയിക്കുന്നില്ലല്ലോ. പ്രദേശവാസികള്‍ ചോദിച്ചപ്പോള്‍ പൊലീസ് വേറെ പല കാര്യങ്ങളുമാണ് പറഞ്ഞിരുന്നത്. റിജോയെപ്പറ്റി ഒരക്ഷരം പറഞ്ഞിരുന്നില്ല. പിടിക്കുമെന്ന് റിജോയും കരുതിയിരുന്നില്ല. 6 മണി കഴിഞ്ഞപ്പോഴാണ് പൊലീസ് റിജോയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പിന്നീട് റിജോയുടെ സംസാരിക്കാന്‍ പറ്റിയില്ല.

കവര്‍ച്ച ചെയ്ത പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്ന് റിജോ മൊഴി നല്‍കിയിരുന്നു. ബാങ്ക് കൊള്ളയടിച്ച പ്രതി റിജോ ആണെന്ന് വാര്‍ത്തയിലൂടെ അറിഞ്ഞ ആ സുഹൃത്ത്, പണമത്രയും ഇന്നലെ തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍ പോലീസ് അയാളെ തിരിച്ചയക്കുകയും ഇന്ന് തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയുമായി എത്തി പണം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്ത തുകയില്‍ വലിയൊരു ഭാഗം കെട്ടുപോലും പൊട്ടിക്കാത്ത അവസ്ഥയില്‍ റിജോയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു.

വീടു നിര്‍മിച്ചതിനെ ബാധ്യത തീര്‍ക്കാനായിരുന്നു കവര്‍ച്ച നടത്തിയതെന്ന് ആദ്യം പറഞ്ഞ പ്രതി പിന്നീടിത് മാറ്റിപ്പറഞ്ഞു. നന്നായി മദ്യപിക്കുന്നയാളാണ് പ്രതിയെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. ഈ വഴിക്കുണ്ടായ ചിലവും മറ്റ് ആര്‍ഭാടങ്ങളും ബാധ്യത വരുത്തിവച്ചു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെ മോഷ്ടിച്ച പണത്തില്‍ നിന്ന് കുറച്ചെടുത്ത് മദ്യവും വാങ്ങിയാണ് വീട്ടിലെത്തിയത്. ഈ കുപ്പിയും ഇത് വാങ്ങാന്‍ കടയില്‍ നല്‍കിയ നോട്ടുകളും തെളിവിന്റെ പ്രധാന ഭാഗമാകും. ഇവയടക്കം സുപ്രധാന തെളിവെല്ലാം ഈ ദിവസങ്ങളില്‍ പോലീസ് ശേഖരിക്കും. ഒരേയൊരു പ്രതിയെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ കുറ്റപത്രം ഉടനടി സമര്‍പ്പിക്കാനായേക്കും.