- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടും വെയിലിൽ തളർന്ന് പാലത്തിനടിയിൽ വിശ്രമിച്ച യുവാവ്; വീട് കാക്കനാട്ടെന്ന് പറഞ്ഞപ്പോൾ ചൂരൽ ഒടിയും വരെ മർദ്ദനം; അടിയെ ചോദ്യം ചെയ്തപ്പോൾ ചെകിടത്തും മർദ്ദനം; ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു; ഡോക്ടർ തുടർ ചികിൽസയ്ക്ക് നിർദ്ദേശിച്ചിട്ടും വഴങ്ങാത്ത 'കാക്കി ക്രൂരത'; കൊച്ചി പൊലീസ് വീണ്ടും വിവാദത്തിൽ
കൊച്ചി: കൊടും വെയിലിൽ തളർന്ന് പാലത്തിനടിയിൽ വിശ്രമിച്ച യുവാവിനെ പൊലീസ് അകാരണമായി മർദ്ദിച്ചുവെന്ന് പരാതി. കാക്കനാട് തുതിയൂർ കല്ലേറ്റിൽ വീട്ടിൽ റിനീഷി(29)നെയാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. മർദ്ദനമേറ്റ് അവശനായ യുവാവ് കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. മാൻപവർ സപ്ലൈ കമ്പനിയിലെ ജീവനക്കാരനായ റിനീഷ് ജോലിക്കിടെ വിശ്രമിക്കാനായാണ് നോർത്ത് റെയിൽവേ സ്റ്റേഷൻ പാലത്തിനടിയിൽ ഇരുന്നത്. ഈ സമയം അവിടെയെത്തിയ പൊലീസ് സംഘം ഇവിടെ എന്തിനാണ് ഇരിക്കുന്നതെന്ന് ചോദിച്ചു. വെയിൽ മൂലം തളർന്ന് ഇരുന്നതാണെന്ന് മറപടി നൽകിയപ്പോൾ വീട് എവിടെയാണെന്ന് ചോദിച്ചു.
വീട് കാക്കനാടാണ് എന്ന് മറുപടി പറഞ്ഞതോടെ കാക്കനാടുള്ളവൻ ഇവിടെ വന്നിരിക്കുന്നതെന്തിനാണെന്നായി ചോദ്യം. പിന്നീട് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ചൂരൽ ഉപയോഗിച്ച് തല്ലിയത്. അടിയുടെ ആഘാതത്തിൽ ചൂരൽ ഒടിഞ്ഞു പോയി. അകാരണമായി തന്നെ തല്ലിയത് ചോദ്യം ചെയ്തതോടെ പൊലീസ് ഉദ്യോഗസ്ഥൻ വീണ്ടും ചെകിടത്ത് അടിക്കുകയും ജീപ്പിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു.
പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴേക്കും റിനീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഛർദ്ദിക്കുകയും ചെയ്തു. ഇതോടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ റിനീഷ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. എന്നാൽ പിന്നീട് തലകറങ്ങി വീണതോടെയാണ് പൊലീസ് റിനീഷിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തയ്യാറായത്.
ഡോക്ടറോട് തനിക്ക് പൊലീസിൽ നിന്നും മർദ്ദനനേറ്റകാര്യം റിനീഷ് പറഞ്ഞു. തുടർന്ന് എക്സറേ എടുക്കുകയും കൂടുതൽ പരിശോധിക്കുകയും ചെയ്തു. മറ്റൊരു ഡോക്ടറെ കാണിക്കണമെന്ന് പൊലീസുകാരോട് ഡോക്ടർ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ റിനീഷിനെ തിരികെ സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു.
പിന്നീട് അഞ്ച് മണിയോടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജരെ വിളിച്ചു വരുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. എന്തിനാണ് തന്നെ പൊലീസ് മർദ്ദിച്ചതെന്നോ കസ്റ്റഡിയിലെടുത്തതെന്നോ റിനീഷിന് മനസ്സിലായില്ല. വീട്ടിലെത്തിയ ശേഷം വിവരം മാതാപിതാക്കളോട് പറയുകയും വീണ്ടും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയും ചെയ്തു. അവശനാണ് എന്ന അറിയിച്ചിട്ടും അവിടെ അഡ്‌മിറ്റ് ചെയ്യാൻ ഡോക്ടർ തയ്യാറായില്ല. തുടർന്ന് കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് റിനീഷ്. മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ദുശീലങ്ങളൊന്നും തന്നെയില്ലാത്ത റിനീഷ്നെപറ്റി നാട്ടുകാർക്ക് നല്ല മതിപ്പാണ്. യാതൊരു പ്രശ്നങ്ങൾക്കു പോകാത്ത ഒരാളെ എന്തിനാണ് പൊലീസ് മർദ്ദിച്ചതെന്ന ചോദ്യമാണ് നാട്ടുകാരും സുഹൃത്തുക്കളും ചോദിക്കുന്നത്. സംഭവമറിഞ്ഞ് തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പൊലീസിന്റെ ക്രൂര നടപടിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും നിയമ നടപടികൾക്കായി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അതേ സമയം അസ്വാഭാവികമായി കണ്ട റിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നും പിന്നീട് വിട്ടയച്ചു എന്നുമാണ് നോർത്ത് എസ്.എച്ച്.ഒ പറയുന്ന വാദം. മർദ്ദിച്ചിട്ടില്ലെന്നും ആരോപണം വെറുതെയാണെന്നുമാണ് സിഐയുടെ വിശദീകരണം. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഇരുമ്പനം സ്വദേശിയായ മനോഹരൻ കുഴഞ്ഞു വീണ് മരിച്ചതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസിനെതിരെ മർദ്ദന പരാതി ഉയർന്നിരിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.