- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷക എന്ന നിലയിൽ അല്ല മകൾ എന്ന നിലയിൽ തന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അച്ഛന് ഒരു ദിവസത്തെ പരോൾ നൽകണം; മകളുടെ വിവാഹത്തിനായി പൊലീസ് സംരക്ഷണത്തിൽ റിപ്പർ ജയാനന്ദന് തലേദിവസം വീട്ടിലെത്താം; ഭാര്യയുടെ ഹർജ്ജിയിൽ അച്ഛനായി വാദിച്ച് പരോൾ നേടിയെടുത്ത് മകൾ; റിപ്പർ ജയാനന്ദന് പരോൾ ലഭിക്കുമ്പോൾ
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് ഒരു ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി.മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കോടതി അനുമതി നൽകിയത്.ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.അഭിഭാഷകയായ മകൾ തന്നെയാണ് അച്ഛന് വേണ്ടി അമ്മയുടെ ഹർജ്ജി വാദിച്ചതെന്ന പ്രത്യേകതയും ഈ സംഭവത്തിനുണ്ട്.
കഴിഞ്ഞ പതിനേഴിനാണ് മകളുടെ വിവാഹത്തിന് പതിനഞ്ച് ദിവസത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്.സർക്കാർ ജയാനന്ദന്റെ പരോളിനെ എതിർക്കുകയും ചെയ്തിരുന്നു.അമ്മയ്ക്ക് വേണ്ടി, ജയാനന്ദന്റെ അഭിഭാഷകയായ മകളാണ് കോടതിയിൽ ഹാജരായത്.അഭിഭാഷക എന്ന നിലയിൽ അല്ല മകൾ എന്ന നിലയിൽ തന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അച്ഛന് ഒരു ദിവസത്തെ പരോൾ അനുമതി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കീർത്തി ജയാനന്ദൻ കോടതിയോട് ആവശ്യപ്പെട്ടു.
തുടർന്ന് ഉപാധികളോടെ ഹൈക്കോടതി പരോൾ അനുവദിക്കുകയായിരുന്നു. വിവാഹത്തിനായി ജയാനന്ദന് തലേദിവസം പൊലീസ് സംരക്ഷണത്തിൽ വീട്ടിൽ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തിൽ രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ ജയാനന്ദന് വീട്ടിൽ തുടരാമെന്നും കോടതി അറിയിച്ചു.തൃശൂർ വിയ്യൂർ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവിൽ റിപ്പർ ജയാനന്ദൻ കഴിയുന്നത്.
തിരികെ ഇയാൾ ജയിലിലേക്ക് മടങ്ങുമെന്ന് മകളും ഭാര്യയും തൃശൂർ ജില്ലാ കോടതിയിൽ സത്യവാങ്മൂലം നൽകണണമെന്നും കോടതി അറിയിച്ചു.
ഒൻപത് പേരെ കൊന്നുതള്ളിയ കൊടുംകുറ്റവാളി
സിനിമക്കഥയെ പോലും വെല്ലുനന്ന ജീവിതമാണ് റിപ്പർ ജയാനന്ദന്റേത്. 9 പേരെ കൊലപ്പെടുത്തിയ ഇയാളുടെ കയ്യിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധിയാണ്. ആഡംബര ജീവിതവും മദ്യപാനവും തന്നെയാണ് റിപ്പർ ജയനന്ദന്റെ മോട്ടിവ്. സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതള്ളും.എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്.
തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്വർണം ലഭിക്കാൻ വേണ്ടി കൈ വെട്ടിമാറ്റി വളയെടുക്കുന്ന കൊടുംക്രൂരനാണ് റിപ്പർ.ഏഴ് കൊലപാതകങ്ങൾ നടത്തിയ ശേഷമാണ് റിപ്പറിനെ തൊടാൻ പോലും പൊലീസിന് സാധിച്ചതെന്നതാണ് ബുദ്ധിമാനായ ക്രിമിനലാണ് ജയാനന്ദൻ എന്നു സാക്ഷ്യപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നുവെന്ന കഥയാണ് റിപ്പറിന്റേത്.
ആരായിരുന്നു ജയാനന്ദൻ?
എട്ടാം ക്ലാസ് വരെ പഠിച്ച ജയാനന്ദൻ ചെറുപ്പത്തിൽ അച്ഛനൊപ്പം മീൻ പിടിക്കാൻ പോയിരുന്നു സാധാരണക്കാരനായ കൂലിപ്പണിക്കാരനായിരുന്നു ജയാനന്ദൻ. ചെറുപ്പത്തിൽ ചെറിയ മോഷണങ്ങൾ നടത്തി തുടങ്ങിയത് ആഡംബര ജീവിതത്തിനും മദ്യപാനത്തിനും പണം തികയാതെ വന്നതോടെയാണ്. ജയാനന്ദന്റെ സ്വഭാവത്തെക്കുറിച്ച് വീട്ടുകാർക്കുപോലും ആദ്യം അറിവുണ്ടായിരുന്നില്ല. ബാർ ഹോട്ടലുകൾക്കു മദ്യം എത്തിച്ചുകൊടുക്കുന്ന ജോലിയാണു തനിക്കെന്നും ദൂരെ റബർ തോട്ടമുണ്ടെന്നും ഇയാൾ ഭാര്യയോടു പറഞ്ഞിരുന്നു. രാത്രികളിലെ ജോലിയെ കുറിച്ച് വീട്ടുകാർ ചോദിക്കുമ്പോൾ ജയാനന്ദൻ പറഞ്ഞിരുന്നത് ഈ കഥയായിരുന്നു.
ജയാനന്ദന്റെ മോഷണത്തെക്കുറിച്ച് ഭാര്യയ്ക്ക് സൂചന ലഭിക്കുന്നത് ഒരു സാരിയിലൂടെയാണ്. അയൽവീട്ടിൽ ഉണങ്ങാനിട്ടിരുന്ന സാരി മോഷ്ടിച്ച് പുതിയ സാരിയാണെന്നു പറഞ്ഞു ജയാനന്ദൻ ഭാര്യക്കു സമ്മാനിച്ചു. ഒരു വിവാഹ ചടങ്ങിൽ സാരിയുടെ യഥാർഥ ഉടമ ജയാനന്ദന്റെ ഭാര്യയെ തൊണ്ടി സഹിതം പിടികൂടി. സാരിയുടെ പണം കൊടുത്ത് അന്നു കേസ് ഒതുക്കിങ്കെിലും മോഷ്ടാവെന്ന പേരു വീണതിനാൽ ഇയാൾ കൊടുങ്ങല്ലൂരിലേക്കു താമസം മാറ്റി. എന്നാൽ സ്ഥലം മാറിയെങ്കിലും മോഷണം നടത്തുന്ന പതിവ് ജയാനന്ദൻ തുടങ്ങി.
കൊടുങ്ങല്ലൂരിലെ താമസ സ്ഥലത്തിനു സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തതാണ് ഇയാൾക്കെതിരെയുള്ള രണ്ടാമത്തെ കേസ്. പിന്നീട് കൊലപാതകക്കേസിൽ കുടുങ്ങുന്നതുവരെ ഒരിക്കൽപോലും പൊലീസിന് ഇയാളെ പിടികൂടാനായില്ല. കൊലപാതകങ്ങൾ നടത്തി നാടുവിറപ്പിച്ച കൊടുംകുറ്റവാളി ജയാനന്ദൻ ആയിരുന്നുവെന്ന വാർത്ത ഞെട്ടലോടൊണ് സുഹൃത്തുക്കൾ കേട്ടത്. കവർച്ചമുതൽ ഉപയോഗിച്ചു സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന പതിവും ജയാനന്ദനുണ്ടായിരുന്നു.
സ്വർണം ധരിച്ച സ്ത്രീകളെ നോട്ടമിടും, പണയം വെച്ചു പണമാക്കും
എറണാകുളം -തൃശൂർ അതിർത്തി മേഖലകളിൽ നടന്ന പല മോഷണങ്ങളുടെയും പിന്നിൽ ജയാനന്ദനായിരുന്നു. സ്വർണാഭരണങ്ങൾ ധരിച്ച സ്ത്രീകളായിരുന്നു മുഖ്യലക്ഷ്യം. സ്വർണം മോഷ്ടിച്ചു പണയം വെക്കുകയായിരുന്നു ജയാനന്ദന്റെ സ്‌റ്റൈൽ. മോഷ്ടിച്ചെടുക്കുന്ന സ്വർണം പണയം വയ്ക്കുകയായിരുന്നു പതിവ്. പണയം വച്ച സ്ഥാപനം പോലും കൃത്യമായി ഓർത്തെടുക്കാൻ ജയാനന്ദന് കഴിഞ്ഞിരുന്നില്ല. സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നു പ്രചോദനം നേടിയാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ സോക്‌സ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്. ഗ്യാസ് തുറന്നുവിട്ടും മണ്ണെണ്ണ സ്‌പ്രേ ചെയ്തും തെളിവു നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണു പഠിച്ചതെന്ന് ജയാനന്ദൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.
കൊലപാതകങ്ങളെല്ലാം തനിച്ചു ചെയ്തിരുന്ന ജയാനന്ദൻ കവർച്ച ചെയ്യേണ്ട വീടുകൾ തലേന്നാണു തീരുമാനിച്ചിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുമ്പുദണ്ഡുകളും പാരകളും സമീപത്തെ വീടുകളിൽ നിന്നാണ് എടുക്കുകയും ചെയ്യും. കൃത്യം നടത്തിയ ശേഷം ഇതു സംഭവസ്ഥലത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു പതിവ്.
ജയാനന്ദന്റെ കുറ്റസമ്മതം
2003 സെപ്റ്റംബറിൽ തൃശ്ശൂർ ജില്ലയിലെ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരൻ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ ജോസിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ജയാനന്ദൻ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സംഭവസ്ഥത്ത് പരിശോധന നടത്തിയ പൊലീസിന് ഒരു തുമ്പും ലഭിച്ചില്ലിരുന്നില്ല. വിരലടയാളങ്ങളോ സാക്ഷികളോ മറ്റ് തെളിവുകളോ ഒന്നും ലഭിച്ചില്ല. പൊലീസിന്റെ പരാജയം വലിയ വിജയമായാണ് ജയാനന്ദൻ കണക്കാക്കിയത്. കേസിൽ പൊലീസ് തന്നിലേക്ക് എത്താതിരുന്നത് ജയാനന്ദന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്നും അയാൾ കരുതി.
2004 മാർച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ നബീസ മരുമകൾ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദൻ കൊന്നത്. മറ്റൊരു മരുമകളായ നൂർജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 32 പവനോളം ആഭരണങ്ങളും അവിടെനിന്നും ജയാനന്ദൻ കവർന്നു. മറ്റ് കൊലപാതകങ്ങൾ പോലെതന്നെ തെളിവുകൾ അവിടെയും അവശേഷിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ പ്രതി ജയാനന്ദനാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് സിബിഐ എത്തിയിട്ടും കേസ് തെളിയിച്ചില്ല.
2004 ഒക്ടോബറിൽ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവനും ഭാര്യ നിർമ്മലയുമായിരുന്നു ഇരകൾ. അവിടെ നിന്ന് പതിനൊന്ന് പവൻ സ്വർണവും പ്രതി കവർന്നു. 2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കേക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടിൽ കടന്ന ജയാനന്ദൻ, ശബ്ദം കേട്ട് ഉണർന്ന ഏലിക്കുട്ടിയെ തല്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീടാണ് പറവൂർ ബീവറേജസ് ജീവനക്കാരൻ സുഭാഷിനെ കൊലപ്പെടുത്തിയത്. അവസാന കൊലപാതകമായിരുന്നു 2006 ഒക്ടോബറിൽ നടന്ന പുത്തൻവേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബിയുടേത്. ഈ കാലയളവിൽ എറണാകുളം തൃശൂർ അതിർത്തി മേഖലകളിൽ നടന്ന പല മോഷണങ്ങളുടേയും പിന്നിൽ ജയാനന്ദനായിരുന്നു.
ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സഹടവുകാരനോടൊപ്പം ജയിൽചാടി. പിന്നീട് തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയാനന്ദൻ ജയിൽചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ