- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീഗോളമായ കാറിൽ നിന്നും രക്ഷപ്പെട്ടത് ധീരതയും സാഹസികതയും നിറച്ച്; ഗ്ലാസ് തകർത്ത് അതിവേഗം പുറത്തിറങ്ങിയത് രക്ഷയായി; തലച്ചോറിനും സ്പൈനൽ കോഡിനും പ്രശ്നങ്ങളില്ല; മുഖത്തേറ്റ മുറിവുകൾക്ക് പ്ലാസ്റ്റിക് സർജറി; ഋഷഭ് പന്ത് ആരോഗ്യം വീണ്ടെടുക്കുന്നു; ഇനി വേണ്ടത് വിശ്രമം; ഇന്ത്യൻ വിക്കറ്റ് കീപ്പറിന് ഒരു വർഷത്തോളം കളിക്കളം നഷ്ടമായേക്കും
ഡെറാഡൂൺ: വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ. ഡെറാഡൂണിലെ ആശുപത്രിയിലാണ് പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ തലച്ചോറിനും സ്പൈനൽ കോഡിനും വാഹനാപകടത്തിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
മുഖത്ത് പരുക്കേറ്റതിനെ തുടർന്ന് താരത്തെ പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി. താരത്തിന്റെ കാലിൽ വേദനയുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. താരത്തിന്റെ ലിഗമെന്റ് ഇൻജറിയും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. ആരോഗ്യ നിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
ഋഷഭ് പന്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും എം ആർ ഐ പരിശോധന നടത്തിയിരുന്നു. ഇത് പ്രകാരം ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ് എന്നാണ് റിപ്പോർട്ട്. മുഖത്തെ മുറിവുകൾ, ഉരച്ചിലുകൾ എന്നിവയ്ക്ക് പ്ലാസ്റ്റിക് സർജറി നടത്തിയ ഋഷഭ് പന്തിന് ശനിയാഴ്ച കണങ്കാലിലും കാൽമുട്ടിലും എം ആർ ഐ ചെയ്യും. മാരകമായ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് ഋഷഭ് പന്ത് രക്ഷപ്പെട്ടത്.
കാർ റോഡ് ബാരിയറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തിയിൽ ഡിവൈഡറിൽ ഇടിച്ച് മിനിറ്റുകൾക്കകം പന്തിന്റെ കാർ കത്തിനശിച്ചു. പരിക്കേറ്റ ഋഷഭ് പന്ത് കാറിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടത്. ഋഷഭ് പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളും വലത് കാൽമുട്ടിൽ ലിഗമെന്റിന് പൊട്ടലും വലത് കൈത്തണ്ടയ്ക്കും കണങ്കാലിനും കാൽവിരലിനും പരിക്കും ആണ് ഉള്ളത്.
വെള്ളിയാഴ്ച പുലർച്ചെയാണ് ജന്മനാടായ റൂർക്കിയിലേക്കുള്ള യാത്രയ്ക്കിടെ ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപെടുന്നത്. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗ്ലൗർ എന്ന സ്ഥലത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ഋഷഭ് പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിയുകയും തീ പിടിക്കുകയുമായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.
മുതുകിൽ പൊള്ളലേറ്റ പരിക്കുകളുണ്ടെന്ന് ബി സി സി ഐ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പന്തിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മാക്സ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ആശിഷ് യാഗ്നിക് അറിയിച്ചിരുന്നു.
ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡെറാണിൽ നിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. മാതാപിതാക്കളെ കാണുന്നതിനായി സ്വയം വാഹനമോടിച്ച് വരികയായിരുന്നു ഋഷഭ് പന്ത്.
അത്യാധുനിക സുരക്ഷാ സൗകര്യമുള്ള മെഴ്സിഡസ് ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്. മെഴ്സിഡസ് എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെയാണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. അതുവഴി പോയ ബസ് ഡ്രൈവറും ശബ്ദം കേട്ട് ഓടിയെത്തിയവരും ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്.
നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കൽ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ നിന്ന് താരത്തിന് പുറത്ത് വരാൻ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് പറഞ്ഞു. വാഹനത്തിന്റെ ചില്ലുകൾ സ്വയം തകർത്താണ് താരത്തെ പുറത്തുവന്നതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ വ്യക്തമാക്കി.
ഒരു വർഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇപ്പോൾ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. ശ്രീലങ്കയ്ക്കെതിരായ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. തുടർന്ന് കാൽമുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി ഋഷഭ് പന്തിനോട് രണ്ടാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ജനുവരി 3 മുതൽ 15 വരെയാണ് എൻസിഎയിൽ പന്തിന്റെ പരിശീലനം നിശ്ചയിച്ചിരുന്നത്. കാൽമുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ