പാലക്കാട്: ട്രാൻസ് ജെൻഡർ സമൂഹത്തോടുള്ള മുൻധാരണകൾ മാറ്റിവരികയാണ് മലയാളി സമൂഹം. ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞു പിറന്നത് അടക്കം അടുത്തിടെ വാർത്തയായിയിരുന്നു. അടുത്തിടെ നിരവധി ട്രാൻസ് വിവാഹങ്ങളും കേരള സമൂഹത്തിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ട്രാൻസ് വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് പാലക്കാട്. വാലന്റൈൻസ് ദിനത്തിൽ പ്രണയസാഫല്യത്തിന് ഒരുങ്ങുന്നത് പ്രവീണും റിഷാനയുമാണ്.

ട്രാൻസ് വ്യക്തികളായ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒരുമിക്കുമ്പോൾ പൂർണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളുമുണ്ട്. മറ്റ് ട്രാൻസ് ജെന്ററുകളെ പോലെ തന്നെ ഇവർക്കും പറയാനുള്ളത് കൈപ്പേറിയ നാളുകളെ കുറിച്ചാണ്. ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു. 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഇഷ്ട മേഖലയായ മോഡലിങ്ങിനും സമയം കണ്ടെത്തുന്നുണ്ട്. പ്രവീൺ നാഥിന്റെ അതിജീവന കഥയും അടുത്തിടെ സൈബർ ലോകത്ത് ചർച്ചയായിരുന്നു. അടുത്തിടെയാണ് പ്രവീൺ തന്റെ ജീവിതത്തിലേക്ക് ഐഷുവിനെ ക്ഷണിച്ചത്. ഇരുവരും തങ്ങൾക്ക് ഒരുമിച്ചു പോകാൻ സാധിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹിതരാകാൻ ഇവർ തീരുമാനിച്ചത്.

കേൾക്കാൾ ആഗ്രഹിക്കാത്തതുമായ ഒരുപാട് ചോദ്യങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നതെന്ന് പ്രവീൺ പറയുന്നു. സർജറി സമയത്ത് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ ഞങ്ങളെ അംഗീകരിച്ചെന്ന് പ്രവീണും ഐഷുവും പറയുന്നു. ഇപ്പോഴും ഞാൻ പലതരത്തിലുള്ള ചോദ്യങ്ങളാണ് നേരിടുന്നത്. ആകാക്ഷയോടെ പുറത്ത് ആളുകൾ ചോദിക്കുന്ന പല ചോദ്യങ്ങളും എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതാണ്. ഒരിക്കലും നമ്മളോട് ചോദിക്കരുതെന്ന് കരുതുന്ന ചില ചോദ്യങ്ങളുണ്ട്. അത് തന്നെയാണ് ചില ആളുകൾ റിപ്പീറ്റ് ചെയ്തുകൊണ്ട് ചോദിക്കുന്നത്.

15-ാം വയസ്സിലാണ് തന്നിലെ മാറ്റം തിരിച്ചറിഞ്ഞതെന്നാണ് പ്രവീണ് പറയുന്ന്. പിരീഡ്സ് ആകുമ്പോഴും, ബ്രെസ്റ്റ് വളർച്ച ഉണ്ടാകുമ്പോഴും അസ്വസ്ഥ തോന്നിയിരുന്നു. പ്രവീണിന്റെ പെരുമാറ്റത്തിലെ വ്യത്യാസം ആദ്യം തിരിച്ചറിഞ്ഞത് അദ്ധ്യാപകരാണ്. അങ്ങനെ അത് വീട്ടുതകാരും അറിഞ്ഞു. അങ്ങനെ ആദ്യമായി കൗൺസലിങ്ങിന് വിധേയനായി. അവഗണനയും അവഹേളനവും എല്ലാം നിറഞ്ഞ ദിനങ്ങളായിരുന്നു അത്. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായതും അത് വീട്ടുകാർ അറിഞ്ഞതും അങ്ങനെ 18-ാം വയസ്സിൽ വീട്ടിൽനിന്നിറങ്ങി.

ലിംഗലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സഹയാത്രികയുടെ സഹായത്തോടെയാണ് പ്രവീൺ അന്നു വീടുവിട്ടിറങ്ങിയത്. അന്വേഷിച്ചു വന്ന വീട്ടുകാർ പറഞ്ഞത് നന്നായി പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും മാത്രം. മഹാരാജാസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ലിംഗമാറ്റത്തിന്റെ ആദ്യ പടിയായ ഹോർമോൺ ചികിത്സയ്ക്ക് പ്രവീൺ തയ്യാറെടുക്കുന്നത്. 2019 ൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മീശയും താടിയും ഒക്കെ വരുമ്പോൾ ഒരുപാട് സന്തോഷം തോന്നുമെന്ന് പ്രവീൺ. അമൃതയിൽ വച്ച് ബോട്ടം സർജറിയും, യൂട്രസ് റിമൂവലും നടന്നു. ശസ്ത്രക്രിയകൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവന്നു. വീട്ടുകാർ പിന്തുണച്ചെങ്കിലും നാട്ടുകാർ വെറുതേ വിട്ടില്ല. കളിയാക്കലും പരിഹാസവും മടുത്ത് പ്രവീൺ വീണ്ടും നാടുവിട്ടു. തൃശൂരിലെത്തിയ പ്രവീൺ ഇപ്പോഴും സഹയാത്രികയിൽ കോഓർഡിനേറ്റർ ആയി ജോലി ചെയ്യുന്നു.

ഇതിനടെ ചില ചോദ്യങ്ങൾ തങ്ങളെ അസ്വസ്തരാക്കുന്നുവെന്നാണ് ഇരുവരും പറയുന്നത്. നിങ്ങളുടെ ഫുൾ സർജറി കഴിഞ്ഞതാണോ, പഴയെ പേരെന്താണ്, സർജറി കഴിഞ്ഞ സ്ഥലം എങ്ങനെയാണ്, എങ്ങനെയാണ് യൂറിനേറ്റ് ചെയ്യുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ്. ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു ട്രോമയാണ്. ഞങ്ങളുടെ കമ്യൂണിറ്റിയിലുള്ളവർ എല്ലാവരും ഇത്തരത്തിലുള്ള ട്രോമ അഭിമുഖീകരിച്ചാണ് കടന്നുവരുന്നതെന്നും ഇരുവരും പറയുന്നു.

നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ പത്തിരട്ടി നെഗറ്റീവായുള്ള ട്രോമയാണ് നമ്മൾ നേരിടേണ്ടി വരിക. നമ്മുടെ മാനസിക ആരോഗ്യത്തിന് ആരും അത്ര പ്രധാന്യം നൽകുന്നില്ല. ഇതിനെയൊക്കെ അതിജീവിച്ചാണ് മിസ്റ്റർ കേരള ട്രാൻസ്മെൻ കോമ്പറ്റീഷനിൽ പങ്കെടുത്തത്. ആദ്യം മത്സരിച്ചത് മിസ്റ്റർ തൃശൂരായിരുന്നു. അത് കഴിഞ്ഞ് മിസ്റ്റർ കേരളയും പിന്നീട് ഇന്റർനാഷനിലേക്ക് മത്സരിച്ചത്.

എറണാകുളത്ത് പഠിക്കുമ്പോൾ ഫിറ്റ്‌നസിനായി മാത്രം ജിമ്മിൽ പോകുന്ന പതിവേ ഉണ്ടായിരുന്നോള്ളൂ. ജിമ്മിലും അത്ര നല്ല നോട്ടങ്ങൾ അല്ല പ്രവീൺ നേരിട്ടത്. എന്നാൽ തൃശൂരിൽ എത്തിയപ്പോൾ താമസസ്ഥലമായ പൂങ്കുന്നത്തിന് അടുത്തുള്ള ജിം ആണ് പ്രവീണിന്റെ ജീവിതം മാറ്റി മറിച്ചത്.ട്രെയിനറായ വിനു ചേട്ടാനാണ് ബോഡി ബിൽഡറായി മാറാൻ പിന്തുണച്ചതെന്ന് പ്രവീൺ പറയുന്നു.

അതേസമയം ഐഷുവിന് ഐഡന്ററിറ്റി പുറത്തുപറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു. വീട്ടിലും വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് തനിക്ക് ഇതേ കുറിച്ച് മനസിലായത്. ആ സമയത്ത് മുടിയൊക്കെ വളർന്നിരുന്നു. അതൊക്കെ മുറിച്ചുമാറ്റി വീട്ടുകാർ തന്നെ ജിമ്മിലേക്ക് അയച്ചിരുന്നു. അണുങ്ങളായാൽ ജിമ്മിൽ പോയി ശരീരം ശരിയാക്കണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്.

സർജറി ചെയ്തതിന് ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചത്. തന്നെ ടിവിയിലൊക്കെ കാണാൻ തുടങ്ങിയതോടെ വീട്ടുകാരുടെ എതിർപ്പ് ഒരു പരിധി വരെ മാറി. നാട്ടുകാർക്കൊന്നും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല, എല്ലാവരും തങ്ങളെ ആക്സപ്റ്റ് ചെയ്തെന്ന് ഐഷു പറയുന്നു. രണ്ട് വർഷത്തെ ഇവരുടെ സൗഹൃദത്തിന് ഒടുവിലാണ് ഇരുവരും വിവാഹതരാകാൻ ഒരുങ്ങുന്നത്.