കൊച്ചി. ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ ക്രൂരമായ മനസ്സ് അറിഞ്ഞ് ഞെട്ടി പോലീസ്. കൊലപാതകം നടന്നതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു എങ്കിലും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പെടെ നടത്താന്‍ ആയിട്ടില്ല. പ്രതിയുടെ മുന്‍പത്തെ ക്രിമിനല്‍ വിവരങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചിരുന്നു. പ്രഥാമികമായി പ്രതി കുറ്റം സമ്മതിച്ചു. ബൈക്കില്‍ സിഗരറ്റ് വലിച്ച് ഹെല്‍മറ്റ് വയ്ക്കാതെ സിനിമാ സ്റ്റൈലില്‍ പോവുകയായിരുന്ന പ്രതിയെ സംശയം തോന്നി പോലീസ് തടഞ്ഞു വച്ചു. സിഗര്റ്റ് വലിച്ച് വണ്ടി ഓടിക്കുന്നതും ഹൈല്‍മറ്റില്ലായ്മയും പോലീസ് ചോദ്യമുയര്‍ത്തി. ഇതിനിടെ താന്‍ നാലു പേരെ കൊന്നിട്ട് വരികയാണ്. പിന്നെ അല്ലേ ഇതെല്ലാമെന്ന് കൂളായി പ്രതി ചോദിച്ചു. അങ്ങനെ സംശയം തോന്നി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളും. ഇതില്ലാം പിന്നില്‍ സിനിമയുടെ സ്വാധീനമുണ്ടാകാമെന്ന സാമൂഹിക നിരീക്ഷണം ശക്തമാണ്. ഈയിടെ കേരളത്തില്‍ തരംഗമായ 'മാര്‍ക്കോ'യുടെ സ്വാധീനം ഋതുവില്‍ ഉണ്ടെന്നാണ് വിലയിരുത്തലുകള്‍. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ കില്‍ സിനിമ മുമ്പോട്ട് വച്ചത് സമാനതകളില്ലാത്ത ക്രൈം ആയിരുന്നു. ഇതേ പാറ്റേണിലാണ് മലയാളത്തിലെ മാര്‍ക്കോയേയും വിലിയുരത്തിയത്. ഇത്തരം സിനിമകളെ സിനിമകളായി കാണുന്ന സാമൂഹിക സാഹചര്യ അനിവാര്യതയാണ് ഈ കേസ് ചര്‍ച്ചയാക്കുന്നത്.

ഉണ്ണി മുകുന്ദന്റെ നൂറൂ കോടി ചിത്രമാണ് മാര്‍ക്കോ. എല്ലാ പരിധിയും വിടുന്ന ആക്രമ ദൃശ്യങ്ങളാണ് സിനിമയിലുള്ളത്. സിനിമയിലെ വില്ലന്‍ ഒരു കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുന്നു. തന്റെ കുടുംബത്തെ കളിയാക്കിയെന്ന ന്യായീകരണത്തിലാണ് ഇത്. ഇതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് മാര്‍കോ. ഇവിടെ ചേന്ദമംഗലത്തും വില്ലന്‍ നല്‍കുന്നത് സമാന കുറ്റസമ്മത മൊഴിയാണ്. സഹോദരിയെ കളിയാക്കിയതിന് ബൈ്ക്കിന്റെ ഷോക്ക് അബ്‌സോറുമായി വന്ന് കൊല. മയക്കു മരുന്നോ ലഹരിയോ ഒന്നും ഇയാള്‍ ഉപയോഗിച്ചില്ലെന്നും പോലീസ് പറയുന്നു. പിന്നെ എങ്ങനെ ഇത്ര ക്രൂരമായി നാലു പേരെ കൈകാര്യം ചെയ്തുവെന്നതാണ് ഞെട്ടലാകുന്നത്. അടികൊണ്ട ഒരാള്‍ വെന്റിലേറ്ററിലും. ആലുവ സബ് ജയിലില്‍ എത്തിച്ച ശേഷവും പ്രതി യാതൊരു കൂസലും ഇല്ലാതെയാണ് പെരുമാറുന്നതെന്ന് ജയിലധികൃതരും വ്യക്തമാക്കുന്നുണ്ട്. ഈ കൂസലില്ലായ്മയില്‍ ഏവരും ഞെട്ടുകയാണ്. മുമ്പ് മാനസിക രോഗ വാദത്തില്‍ പല കേസുകളിലും നിന്ന് ഊരിയ ചരിത്രവും പ്രതിക്കുണ്ട്. എന്നാല്‍ മാനസിക രോഗമൊന്നുമില്ലെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്യുന്നു. ഇത്തരം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് ചെറിയ കുറ്റവാളികളെ കൊടും ക്രിമിനലുകളാക്കി മാറ്റുന്നതെന്നതാണ് വസ്തുത. ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി ചേന്ദമംഗലം കണിയാപറമ്പില്‍ ഋതു കുറ്റം സമ്മതിച്ചത് ഒരു ഭാവഭേദവുമില്ലാതെയാണ്.

വ്യാഴം വൈകിട്ട് 6.30നാണ് പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതര പരിക്കേറ്റു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൂന്നുപേരുടെയും മൃതദേഹം, കൊല്ലപ്പെട്ട ഉഷയുടെ സഹോദരി കുമാരിയുടെ കരിമ്പാടം മണത്തറ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുരിക്കുംപാടം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഋതുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ പറഞ്ഞു. എവിടെയും ചികിത്സ തേടിയിട്ടില്ല. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്. ശനിയാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു. ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട മൂന്നുപേര്‍ക്കും മുഖത്തും തലയിലുമാണ് പരിക്കുകള്‍. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയില്‍ ആറും വിനീഷയുടെ തലയില്‍ നാലും ഉഷയുടെ തലയില്‍ മൂന്നും മുറിവുണ്ട്. എട്ട് സെന്റിമീറ്റര്‍വരെ നീളത്തിലുള്ള മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ജിതിനെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ വെന്റിലേറ്ററിലാണ്.

ആക്രമണത്തിന് ഋതു ഉപയോഗിച്ചത് ബൈക്കിന്റെ ഷോക്ക്അബ്സോര്‍ബറിന്റെ സ്റ്റമ്പ്. ഇതുകൊണ്ട് തലയ്ക്കടിച്ചശേഷം ജിതിന്റെ ബൈക്കുമായി പോകുന്നതിനിടെ പ്രതി നാട്ടുകാരില്‍ ചിലരോട് നാലുപേരെ തീര്‍ത്തെന്ന് പറഞ്ഞിരുന്നു. ഹെല്‍മെറ്റ് വയ്ക്കാതെ സിഗരറ്റ് വലിച്ച് ബൈക്കില്‍ പോകുന്നതുകണ്ട് വടക്കേക്കര പൊലീസ് കൈ കാണിച്ചു. എന്നാല്‍, നിര്‍ത്താതെപോയ ഋതു തിരികെവന്ന് നാലുപേരെ കൊന്നെന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വേണുവും കുടുംബവും അപകീര്‍ത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നല്‍കിയത്. കൊലപാതകത്തില്‍ കുറ്റബോധമില്ലാത്ത വിധമാണ് പ്രതിയുടെ പെരുമാറ്റം. ബൈക്ക് മോഷണം ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ ഋതു പ്രതിയാണ്. പൊലീസിന്റെ ഗുണ്ടാ പട്ടികയിലുണ്ട്. 2015ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണം, 2020ല്‍ പറവൂര്‍ സ്റ്റേഷനില്‍ അടിപിടി, 2022ല്‍ സ്ത്രീയെ പിന്തുടര്‍ന്ന് ശല്യംചെയ്തെന്ന പരാതിയില്‍ വടക്കേക്കര സ്റ്റേഷനിലുമാണ് കേസുകള്‍. തര്‍ക്കങ്ങളില്‍ വേണുവിന്റെ വീട്ടുകാരും ഋതുവിന്റെ വീട്ടുകാരും രണ്ടുതവണ വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു.

വേണുവിന്റെ കുടുംബം കിഴക്കുംപുറത്ത് വന്നിട്ട് രണ്ടരവര്‍ഷത്തോളമേ ആയിട്ടുള്ളു. പരമ്പരാഗത കൈത്തറി തൊഴിലാളികളാണ് വേണുവും ഭാര്യ ഉഷയും. കൈത്തറിയില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെ വേണു സിമന്റ് ഇഷ്ടിക, വാര്‍ക്ക, കിണര്‍ ജോലിയിലേക്ക് മാറിയെങ്കിലും ശാരീരികബുദ്ധിമുട്ടുമൂലം കുറച്ചുനാളായി പണിക്കുപോകാനാകുന്നില്ല. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുള്ള ഇവരുടെ മരുമകന്‍ ജിതിന്‍ ബോസ് കുറച്ചുകാലം നാട്ടില്‍ ഡ്രൈവറായിരുന്നു. പിന്നീടാണ് ഗള്‍ഫില്‍ ജോലി കിട്ടിയത്. കൂട്ടക്കൊല നടത്തിയ പ്രതി ഋതു ഇടയ്ക്ക് ബംഗളൂരുവില്‍ പോകുമെങ്കിലും ഇയാളുടെ ജോലിയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണകളില്ല. ലഹരിമരുന്ന് ഇടപാടുകള്‍ക്കായാണ് ബംഗളൂരു യാത്ര എന്നാണ് നാട്ടുകാരുടെ സംശയം.