ആലപ്പുഴ: കേൾവിശക്തിയുടെ പരിമിതിയെ അതിജീവിച്ച് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയായ പി.എ. റിസ്വാനയുടെ മുഖചിത്രവുമായി ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ്. ലോക കേൾവി ദിനത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പോസ്റ്റർ ചിത്രത്തിൽ ഇടംനേടിയത് അസാധാരണമായ അതിജീവനത്തിലൂടെയാണ്. തകരാറുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമായി പരിഹാരം കണ്ടെത്താനുള്ള അവബോധമാണ് ലോക കേൾവി ദിനം നൽകുന്ന സന്ദേശം.

കേൾവിശക്തിയിൽ പ്രശ്‌നമുണ്ടോയെന്നത് തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധനകൾ കൂടുതലായി നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ലോക കേൾവിദിനത്തിൽ ലോകാരോഗ്യ സംഘടന ഓർമ്മപ്പെടുത്തുന്നത്. ഒരുപക്ഷേ നേരത്തെ തന്നെ ഇത്തരം പ്രശ്‌നങ്ങൾ കണ്ടെത്താനായില്ലെങ്കിൽ അത് പിന്നീട് കൂടുതൽ സങ്കീർണതകൾ തീർക്കുകയും പരിഹാരം തേടാൻ സാധിക്കാത്ത വിധത്തിലേക്ക് എത്തിച്ചേരുകയും ചെയ്യാം.

ഇതിന് ഏറ്റവും വലിയ മാതൃകയാണ് റിസ്വാന. കുട്ടിയായിരിക്കുമ്പോൾ സാരമായ കേൾവിപ്രശ്‌നമുണ്ടാവുകയും എന്നാൽ ചികിത്സയിലൂടെ 80 ശതമാനത്തിലധികം കേൾവിക്കുറവുണ്ടായിരുന്നത് പരിഹരിച്ച് മുന്നേറുകയും ചെയ്ത റിസ്‌വാനയാണ് മലയാളികൾക്ക് അഭിമാനമായി ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററിൽ ഇടം പിടിച്ചിരിക്കുന്നത്.

മണ്ണഞ്ചേരി പുത്തൻവീട്ടിൽ അബ്ദുൽ റഷീദ് - സബിത ദമ്പതികളുടെ മകൾ റിസ്വാനയാണ് കേൾവിപരിമിതരായ കുട്ടികൾക്ക് ഒന്നാകെ പ്രചോദനമാകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാനവർഷ വിദ്യാർത്ഥിനിയാണ് നിലവിൽ റിസ്വാന.

കുട്ടിയായിരിക്കെ സാരമായ കേൾവിപ്രശ്‌നമുണ്ടായിരുന്ന റിസ്വാന കോക്ലിയർ ഇംപ്ലാന്റിലൂടെ കേൾവിശക്തി തിരിച്ചുപിടിക്കുകയും സ്പീച്ച് തെറാപ്പിയിലൂടെ ഒഴുക്കോടെ സംസാരിക്കാൻ ശീലിക്കുകയും ചെയ്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. റിസ്‌വാന കേൾവിയുമായോ സംസാരവുമായോ ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമെല്ലാം പ്രത്യാശ പകരുന്ന സാന്നിധ്യമാണ്.

ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന പക്ഷം ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ വലിയൊരു പരിധി വരെ ഇതെല്ലാം പരിഹരിക്കാമെന്നും ആത്മവിശ്വാസത്തോടെ റിസ്‌വാന പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിയായ റിസ്‌വാനയുടെ സഹോദരനും സമാനമായ രീതിയിൽ കേൾവി പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ ചികിത്സയിലൂടെ പരിഹരിക്കപ്പെട്ടു.

കുട്ടിക്കാലത്തേ മക്കളുടെ പരിമിതി തിരിച്ചറിഞ്ഞ് തെറപ്പി നടത്തി അഞ്ചരവയസ്സിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്താൻ സാധിച്ചതിനാലാണു ശബ്ദലോകത്തേക്കു എത്തിക്കാൻ കഴിഞ്ഞതെന്നു പിതാവ് അബ്ദുൽ റഷീദ് പറയുന്നു.

കുട്ടികളുടെ കേൾവിപരിമിതി നേരത്തേ തിരിച്ചറിയാൻ മാതാപിതാക്കൾക്കു സാധിച്ചാൽ കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ ഈ കുറവ് മറികടക്കാൻ കഴിയും. ഈ സന്ദേശവുമായാണ് റിസ്വാനയുടെ ചിത്രം ലോകാരോഗ്യ സംഘടനഇന്ത്യയുടെ വെബ്‌സൈറ്റിൽ ഇടം നേടിയത്.

റിസ്വാനയുടെ ഇളയ സഹോദരൻ പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് പരിശീലിക്കുന്ന ശിഹാബുദ്ദീനും കോക്ലിയർ ഇംപ്ലാന്റ് ചെയ്തതാണ്. കോക്ലിയർ ഇംപ്ലാന്റേഷനുള്ള സാമഗ്രികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ വൻതുക ചെലവു വരും. അറ്റകുറ്റപ്പണികൾക്കു വർഷംതോറും 60,000 രൂപ വേണം. 67 വർഷം കഴിയുമ്പോൾ ബന്ധപ്പെട്ട സാമഗ്രികൾ മാറ്റിവയ്ക്കാൻ 3 ലക്ഷം രൂപ വീണ്ടും ചെലവാകും. 70 വയസ്സുവരെ ജീവിച്ചിരിക്കുന്ന ഒരാൾക്ക് 70 ലക്ഷം രൂപ കേൾവിക്കുമാത്രം ചെലവഴിക്കേണ്ടി വരും.

കേരളത്തിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത 2,000 കുട്ടികളും അവരുടെ മാതാപിതാക്കളും ഈ വെല്ലുവിളി നേരിടുകയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധയും സഹായവും ആവശ്യപ്പെട്ട് ലോക കേൾവി ദിനമായ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഈ കുട്ടികളും അവരുടെ രക്ഷിതാക്കളുമായി ചേർന്ന് കോക്ലിയർ ഇംപ്ലാന്റ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ധർണ നടത്തും.