തിരുവനന്തപുരം: ഐ എസ് ആർ ഒയുടെ (ഇസ്രോ) പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹനം (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ - ആർഎൽവി) തിരിച്ചിറക്കിയുള്ള പരീക്ഷണം ശനിയാഴ്ച. ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ നിർണ്ണായകമായ ഒരു പരീക്ഷണമാണ് ഇത്. തിരുവനന്തപുരം വി എസ് എസ് സിയിലെ പ്രത്യേക സംഘമാണ് ആർഎൽവി വികസനത്തിന് പിന്നിൽ.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ രൂപകൽപ്പന ചെയ്ത 'ബഹിരാകാശവിമാനം' ചെറുവിമാനത്തിന്റെ രൂപമുള്ളതാണ്. ആർഎൽവിടിഡി ഈരംഗത്തെ തുടക്കംമാത്രമാണ്. വിക്ഷേപണം, നിയന്ത്രണം, സുരക്ഷിത ലാൻഡിങ് എന്നിവയടക്കം ആയിരക്കണക്കിനു വിവരങ്ങളുടെ ശേഖരണം മാത്രമാണ് 'ബേബി വെഹിക്കിൾ'വഴി ലക്ഷ്യമിടുന്നത്.

അഞ്ച് പരീക്ഷണ പറക്കലുകളിൽ ആദ്യത്തേത് ഹൈപ്പർസോണിക് ഫ്ലൈറ്റ് എക്സ്പിരിമെന്റ് 2016 മെയ് 23 ന് നടത്തിയിരുന്നു. അത് വിജയകരമായിരുന്നു. കർണാടകയിലെ ചിത്രദുർഗയിൽ ലാൻഡിങ് പരീക്ഷണം നടത്താനാണ് ഐഎസ്ആർഒ ഇപ്പോൾ പദ്ധതിയിടുന്നത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ ഉയർത്തുകയും പിന്നീട് 3 കിലോമീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപിക്കപ്പെടുകയും ചെയ്യും.

ഈ പരീക്ഷണ വേളയിൽ ആർഎൽവി സ്വയം സ്ലൈഡ് ചെയ്യുകയും സ്വയം റൺവേയിലേക്ക് നാവിഗേറ്റ് ചെയ്യുകയും റൺവേയിൽ സ്വയം ഇറങ്ങുകയും വേണം, പാരച്യൂട്ട് വിന്യസിക്കുന്നതിലൂടെ വേഗത കുറയുന്നു. വി എസ് എസ് സി ഇതിനകം തന്നെ ആർഎൽവി ഇന്റർഫേസ് സിസ്റ്റങ്ങൾ (ആർഐഎസ്) തമ്മിൽ ഹെലികോപ്റ്ററുമായുള്ള ബന്ധം വിജയകരമായി സ്ഥാപിക്കുകയും ലാൻഡിങ് ഗിയറിനുള്ള യോഗ്യതാ മാതൃകയും കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കമ്പോഴാണ് ബഹിരാകാശവാഹനം (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ - ആർഎൽവി) തിരിച്ചിറക്കിയുള്ള പരീക്ഷണത്തെ കുറിച്ച് ഇസ്രോ ഡയറക്ടർ സോമനാഥ് അറിയിച്ചത്. ഇപ്പോൾ റോക്കറ്റിന്റെ എൻജിനീയറിങ് ജോലികളാണ് നടക്കുന്നത്. വിപണി സാധ്യതകളും പഠിക്കണം. സർക്കാർ മാത്രം പണം മുടക്കി റോക്കറ്റ് നിർമ്മിക്കുന്ന രീതി അധികകാലം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസിനും റഷ്യയ്ക്കും ശേഷം ഈ നേട്ടം കൈവരിച്ച രാജ്യമാണ് ഇന്ത്യ. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) പരീക്ഷണ വിക്ഷേപണം ഫെബ്രുവരി 10നും 15നും ഇടയിൽ നടക്കും. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ പദ്ധതിയുടെ ആളില്ലാതെയുള്ള പരീക്ഷണവും അപകടമുണ്ടായാൽ സഞ്ചാരിയെ രക്ഷിക്കുന്ന ദൗത്യവും ഈ വർഷം നടക്കും. ആളെ വഹിച്ചു കൊണ്ടുള്ള ദൗത്യം 2024 ഡിസംബറിലാകും.

സ്വകാര്യ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് ബഹിരാകാശ ടൂറിസം രംഗത്തേക്ക് ഇന്ത്യയും വരും. 100 കിലോമീറ്റർ ഉയരത്തിൽ കർമാൻ രേഖ വരെ പോയി വരാനുള്ള വാഹനം തയാറാകുന്നു. 6 കോടി രൂപയാകും ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷം മാത്രം 32 പേരാണ് ബഹിരാകാശത്തു പോയത്. ഇതു വലിയ സാധ്യതയാണെന്നും സോമനാഥ് പറഞ്ഞു.

ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന റോക്കറ്റുകളാണ് ഇപ്പോൾ ഇസ്രൊ ഉപയോഗിക്കുന്ന എല്ലാം. അതിന് പകരമായി വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഒരു വിക്ഷേപണ വാഹനം വികസിപ്പിക്കാനായുള്ള ശ്രമങ്ങൾ കുറേ കാലമായി തുടങ്ങിയിട്ട്. ആർഎൽവിയുടെ രണ്ടാമത്തെ പരീക്ഷണമാണ് ചിത്രദുർഗയിൽ വച്ച് നടക്കുന്ന ലാൻഡിങ് എകസ്പെരിമന്റ്.

ആദ്യ പരീക്ഷണം 2016 മെയ്‌ 23ന് നടന്ന ആർഎൽവി ഹെക്സ് ( ഹൈപ്പർ സോണിക് ഫ്ലൈറ്റ് എക്സ്പെരിമെന്റ്) ആയിരുന്നു. പിഎസ്എൽവിയുടെ ബൂസ്റ്റർ റോക്കറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി, അതിന് മുകളിൽ ആർഎൽവി പേടകത്തെ ബന്ധിപ്പിച്ചായിരുന്നു ഈ വിക്ഷേപണം. ഭൂമിയിൽ നിന്ന് 65 കിലോമീറ്റർ വരെ ഉയരത്തിൽ എത്തിയ പരീക്ഷണ വാഹനം 450 കിലോമീറ്റർ ദൂരം താണ്ടി മുൻനിശ്ചയിച്ചത് പോലെ ബംഗാൾ ഉൾക്കടലിൽ ഇടിച്ചിറങ്ങി. ഈ പരീക്ഷണം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇസ്രൊ ലാൻഡിങ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. 2021ൽ നിശ്ചയിച്ചിരുന്ന ദൗത്യം കോവിഡ് മൂലം വൈകുകയായിരുന്നു.

ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയാൽ ആർഎൽവി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇസ്രോയ്ക്ക് ധൈര്യമായി കടക്കാം. റിട്ടേൺ ഫ്ലൈറ്റ് എക്സ്പെരിമെന്റാണ് ഈ ശ്രേണിയിൽ അടുത്തത്. അതിന് ശേഷം സ്‌ക്രാം ജെറ്റ് പ്രൊപൽഷൻ എക്സ്പെരിമെന്റും. രണ്ട് ഘട്ടങ്ങളുള്ള പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമെന്ന സ്വപ്നമാണ് ഇസ്രൊ കാണുന്നത്. ഇതിലേക്കുള്ള ചവിട്ടുപടികളാണ് ഈ നടക്കുന്ന പരീക്ഷണങ്ങളെല്ലാം.