ബംഗളൂരു: ഐ എസ് ആർ ഒയുടെ വിജയക്കുതിപ്പിന് കൂടുതൽ കരുത്തേകുന്ന റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർ എൽ വി) വികസനത്തിൽ നിർണായകമായ പരീക്ഷണം വിജയകരം. പുനരുപയോഗിക്കാൻ സാധിക്കുന്നതും ചെലവ് കുറഞ്ഞതുമായ വിക്ഷേപണ വാഹനമാണ് ആർ എൽ വി.ഇതിന്റെ ലാൻഡിങ് പരീക്ഷണമാണ് വിജയമായത്. തിരുവനന്തപുരം വി എസ് എസ് സിയിലെ പ്രത്യേക സംഘമാണ് ആർഎൽവി എന്ന സ്വപ്ന പദ്ധതിയുടെ വികസനത്തിന് പിന്നിൽ.

കർണാടകയിലെ ചിത്രദുർഗയിലായിരുന്നു പരീക്ഷണം. ഒരു ഹെലികോപ്ടറിന്റെ സഹായത്തോടെ ആർ എൽ വിയെ ഉപരിതലത്തിൽ നിന്ന് രണ്ടര കിലോമീറ്റർ ഉയരത്തിലും, ലോഞ്ച് പാഡിൽ നിന്ന് മൂന്നര കിലോമീറ്റർ ദൂരത്തിലും എത്തിക്കും. ഇവിടെ വച്ച് ഹെലികോപ്ടർ വാഹനത്തെ വേർപെടുത്തും. താഴേക്ക് വീഴുന്ന ആർ എൽ വി സ്വയം ദിശ ക്രമീകരിക്കുകയും ലോഞ്ച് പാഡിനെ ലക്ഷ്യമാക്കി സഞ്ചരിക്കുകയും അതിൽ കൃത്യമായി ഇറങ്ങുകയും വേണം. ഈ പരീക്ഷണമാണ് വിജയിച്ചത്.

ഹെലികോപ്ടറിൽ നിന്ന് വേർപെടുന്ന വാഹനം ആദ്യം തന്നെ ലാൻഡിങ് സ്ട്രിപ്പ് ഏത് ഭാഗത്താണെന്ന് കണ്ടെത്തണം. ശേഷം സ്വയം ദിശ ക്രമീകരിക്കണം. ഇതാണ് ആദ്യത്തെ പ്രവർത്തനം. ദിശ ക്രമീകരിച്ച് കഴിഞ്ഞാൽ പേടകം കൃത്യമായി വേഗത ക്രമീകരിച്ച് ഒരു വിമാനം ലാൻഡ് ചെയ്യുന്നത് പോലെ ലാൻഡിങ് സ്ട്രിപ്പിലേക്ക് പറന്നിറങ്ങണം-ഈ ഘട്ടങ്ങളെല്ലാം പരീക്ഷണത്തിൽ പൂർണ്ണ വിജയമായി.

ലാൻഡിങ് സ്ട്രിപ്പിൽ ചക്രങ്ങൾ സ്പർശിക്കുന്നതിന് പിന്നാലെ പേടകം നിറുത്തുന്നതിനായി ഒരു പാരച്യൂട്ട് വിടർത്തുകയും അതിന്റെ സഹായത്തോടെ ബ്രേക്ക് ചെയ്ത് നിറുത്തുകയുമാണ് ചെയ്യുന്നത്. ഇത്രയും കാര്യങ്ങൾ വെറും അൻപത് സെക്കൻഡ് കൊണ്ടാണ് പൂർത്തിയാക്കേണ്ടത്.ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടറിൽ ആകാശത്തെത്തുന്ന പേടകം ചിത്രദുർഗയിലെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി ആർ ഡി ഒ) യുടെ എയർസ്ട്രിപ്പിലാണ് ഇറങ്ങിയത്.

ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കൻ സ്പേസ് ഏജൻസി നാസയെപ്പോലും കടത്തിവെട്ടിയ ചരിത്രം ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഐഎസ്ആർഒയ്ക്ക് ഉണ്ട്. നാസയ്ക്കും മുമ്പേ മറ്റൊരു ചരിത്ര നേട്ടം കൈയെത്തി പിടിച്ചു ഐഎസ്ആർഒ. മാസങ്ങൾക്ക് മുമ്പ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് കൈവരിച്ച നേട്ടമാണ് ഐഎസ്ആർഒ നേടുന്നത്.

ബഹിരാകാശ ദൗത്യത്തിന് ശേഷം റോക്കറ്റ് കത്തി നശിക്കാറാണ് പതിവ്. എന്നാൽ അത് വീണ്ടും ഭൂമിയിൽ തിരിച്ചിറക്കാം എന്ന് തെളിയിച്ചാണ് സ്പേസ് എക്സ് നേട്ടം കൈവരിച്ചത്. നാസയ്ക്ക് പോലും കഴിയാത്ത ഈ ദൗത്യം ഒരു തവണ മാത്രമാണ് സ്പേസ് എക്സ് പരീക്ഷിച്ചത്. ഇത്തരമൊരു നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ അഥവാ ആർഎൽവി എന്നാണ് ഇവ അറിയപ്പെടുന്നത് ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണത്തിന് തന്നെ വലിയ തുകയാണ് ചെലവഴിക്കുന്നത്. അവ വീണ്ടും ഉപയോഗിക്കാൻ കഴിയാറുമില്ല. ലോഞ്ച് വെഹിക്കിൾ വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ ബഹിരാകാശ ദൗത്യത്തിനായി ചെലവഴിക്കുന്ന പണത്തിൽ വലിയ കുറവുണ്ടാകും.

റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് നടന്നത്. തുടർന്നുള്ള പരീക്ഷണങ്ങൾക്കായി ആർഎൽവി സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിച്ചു. വിക്ഷേപണം വിജയകരമാകുകയും ചെയ്തു.