കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറായി തമിഴ്നാട് മുന്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. മലയാളി കൂടിയായ സി.വി. ആനന്ദബോസ് പടിയിറങ്ങുന്ന ഒഴിവിലേക്കാണ് തമിഴ്നാട് സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്ത ആര്‍.എന്‍. രവി എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബംഗാളില്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കേന്ദ്രം പ്രയോഗിക്കുന്ന 'തന്ത്രപരമായ നീക്കമാ'യാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസ് പല വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനോട് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും, ഭരണപരമായ സ്തംഭനാവസ്ഥ ഉണ്ടാക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ക്ക് മുതിര്‍ന്നിരുന്നില്ല. സര്‍ക്കാരുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുമാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നത്. എന്നാല്‍ ആര്‍.എന്‍. രവിയുടെ ശൈലി തികച്ചും വ്യത്യസ്തമാണ്. തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാരുമായി തുറന്ന യുദ്ധത്തിലായിരുന്നു അദ്ദേഹം. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് സുപ്രീം കോടതി വരെ എത്തുന്ന കാഴ്ചയ്ക്കാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ ദീര്‍ഘകാലം പിടിച്ചുവെച്ചത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വായിക്കാതെ വിട്ടുപോയതും തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയതും തമിഴ്നാട് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തി. സംസ്ഥാനത്തെ 'തമിഴകം' എന്ന് വിശേഷിപ്പിച്ച ഗവര്‍ണറുടെ നടപടി തമിഴ് വികാരത്തെ മുറിപ്പെടുത്തിയെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

വിട്ടുകൊടുക്കാത്ത പോരാട്ടവീര്യമുള്ള മമത ബാനര്‍ജിയും കേന്ദ്രത്തിന്റെ നിലപാടുകള്‍ കര്‍ക്കശമായി നടപ്പിലാക്കുന്ന ആര്‍.എന്‍. രവിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ബംഗാള്‍ രാഷ്ട്രീയം ഇനിയെങ്ങോട്ട് തിരിയുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. മമതയെ പിടിച്ചുകെട്ടാന്‍ കേന്ദ്രം കണ്ടെത്തിയ 'ശക്തനായ ഭരണാധികാരി' എന്ന നിലയിലാണ് രവിയുടെ കൊല്‍ക്കത്തയിലേക്കുള്ള വരവ്. ബിഹാര്‍ സ്വദേശിയായ രവീന്ദ്ര നാരായണ രവി 1976 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ പരിചയവുമുള്ള അദ്ദേഹം പോലീസ് സര്‍വീസില്‍ എത്തിയതോടെ 'കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍' എന്ന പേരെടുത്തു.

ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ എസ്പിയായി ജോലി നോക്കുമ്പോള്‍ ഗുണ്ടാസംഘങ്ങളെ തോക്ക് ചൂണ്ടി അടിച്ചമര്‍ത്തിയ ചരിത്രം ഇദ്ദേഹത്തിനുണ്ട്. തലശ്ശേരിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിഘടനവാദ ഗ്രൂപ്പുകളെ സമാധാന ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നാഗാലാന്‍ഡിലെ പതിറ്റാണ്ടുകള്‍ നീണ്ട കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. നാഗാലാന്‍ഡ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള കേഡറില്‍ എസ്.പി. ആയിരിക്കെ രാഷ്ട്രീയ അതിപ്രസരത്തെ തോക്കിന്‍മുനയില്‍ നേരിട്ട അദ്ദേഹത്തിന്റെ ശൈലി ബംഗാളിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മമത ബാനര്‍ജിയും ലോക്ഭവനും തമ്മിലുള്ള പോര് നിലവില്‍ തന്നെ രൂക്ഷമാണ്. ആര്‍.എന്‍. രവിയെപ്പോലെ വിട്ടുവീഴ്ചയില്ലാത്ത ഒരാള്‍ എത്തുമ്പോള്‍ അത് മമതയ്ക്ക് വലിയ വെല്ലുവിളിയാകും. കണ്ണൂര്‍ എസ്.പി. ഓഫീസില്‍ വെച്ച് അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി പിണറായി വിജയന് നേരെ തോക്ക് ചൂണ്ടിയെന്ന കഥയ്ക്ക് ഇന്നും വലിയ പ്രചാരമുണ്ട്. ഔദ്യോഗികമായി പലരും ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായിരിക്കെ ഈ സംഭവം പരോക്ഷമായി സൂചിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിയമം നടപ്പിലാക്കാന്‍ ആരുടെ മുന്നിലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ പ്രകൃതം ബംഗാളിലും പ്രതിഫലിക്കാനാണ് സാധ്യത.

തമിഴ്നാട് ഗവര്‍ണറായിരിക്കെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്ത വ്യക്തിയാണ് അദ്ദേഹം. ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ചും സര്‍വകലാശാലാ നിയമനങ്ങളില്‍ ഇടപെട്ടും അദ്ദേഹം സര്‍ക്കാരിനെ വിയര്‍പ്പിച്ചു. സമാനമായ ഒരു രീതി ബംഗാളിലും അദ്ദേഹം തുടര്‍ന്നാല്‍ ലോക്ഭവന്‍ ഒരു സമാന്തര ഭരണകേന്ദ്രമായി മാറും. അജിത് ഡോവലിന്റെ വിശ്വസ്തനും ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ തലവനുമായ രവിക്ക് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ അറിവുണ്ട്. അതിര്‍ത്തി സംസ്ഥാനമായ ബംഗാളില്‍ നുഴഞ്ഞുകയറ്റവും ക്രമസമാധാന പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, രവിയുടെ അനുഭവം കേന്ദ്ര സര്‍ക്കാരിന് വലിയ മുതല്‍ക്കൂട്ടാകും.

വര്‍ഷങ്ങളോളം അണഞ്ഞു കിടന്ന കേരളത്തിലെ രവിയുടെ കനല്‍ വീണ്ടും ഊതിവീര്‍പ്പിച്ചത് കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ആണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള പോരിനിടെ, 'നിങ്ങള്‍ക്കെതിരെ പണ്ട് ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടിയിട്ടുണ്ട്' എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയയും രാഷ്ട്രീയ കേന്ദ്രങ്ങളും പഴയ ഫയലുകള്‍ ചികഞ്ഞത്. ആ ഉദ്യോഗസ്ഥന്‍ ആര്‍.എന്‍. രവിയാണെന്ന് അന്ന് തന്നെ സൂചനകള്‍ ഉയര്‍ന്നിരുന്നു.

എസ്പി ഓഫീസിലെ ആ മേശപ്പുറത്തെ മുഷ്ടി പ്രഹരവും തുടര്‍ന്നുണ്ടായ റിവോള്‍വര്‍ ലോഡിംഗും ഒരു പക്കാ ആക്ഷന്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഒന്നില്‍ തുടങ്ങി ഏഴിലേക്ക് എത്തുമ്പോഴേക്കും പിണറായി വിജയന്‍ പിന്‍വാങ്ങി എന്നാണ് കഥ. ഈ സംഭവത്തോടെയാണ് 'മിന്നല്‍ രവി' എന്ന പേര് അദ്ദേഹത്തിന് വീണത്. രാഷ്ട്രീയക്കാരുടെ ഭീഷണിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥന്‍ എന്ന പ്രതിച്ഛായ ഇത് അദ്ദേഹത്തിന് നല്‍കി.