മൈസൂരു: നിർദിഷ്ട മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാത മലയാളികൾക്കും ആശ്വാസമാകും. കോഴിക്കോട്ടേക്കുള്ള ബംഗ്ലൂരുവിൽ നിന്നുള്ള യാത്രാ സമയം കുറയും. ഈ പാതയിൽ ടോൾ ഈടാക്കുന്നത് അടുത്തയാഴ്ച ആരംഭിച്ചേക്കും. ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഉടൻ ഉദ്ഘാടനം ചെയ്യും. പത്തു വരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂർ 20 മിനിറ്റായി കുറയും.

118 കിലോമീറ്റർ ദൈർഘ്യമുള്ള പാത 9000 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിഡഗട്ടവരെയും അവിടംമുതൽ മൈസൂരു വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപ്പാസുകൾ അടങ്ങുന്ന 52 കിലോമീറ്റർ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. നിലവിൽ ബംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള റോഡ് ഗതാഗത തടസ്സങ്ങൾ നിറഞ്ഞതാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുമ്പോൾ വയനാട് വഴി കോഴിക്കോട്ടേക്ക് വരുന്നവർക്ക് അതിവേഗം എത്താനാകും.

പാതയുടെ ഇരുവശങ്ങളിലായി രണ്ടുവരികൾ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് പാതകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങളും നിറവേറ്റും. ബാക്കിയുള്ള ആറു വരികൾ പ്രധാന പാതയുടെ ഭാഗമായി തന്നെ നിലനിൽക്കും. നിലവിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെയാണ് മൈസൂരു-ബെംഗളൂരു യാത്രയ്ക്ക് വേണ്ടിവരുന്നത്. ഇത് മൂന്നിലൊന്നായി കുറയ്ക്കാനും ഇന്ധന ഉപയോഗം ലാഭിക്കാനും പദ്ധതി സഹായകരമാകും. അതുകൊണ്ട് തന്നെ ടോൾ നൽകുന്നത് ലാഭകരമായിരിക്കും എന്നാണ് വിലയിരുത്തൽ. ബെംഗളൂരുവിലെ ഗതാഗത തടസ്സങ്ങൾക്ക് ഇത് പരിഹാരമാകും. പുത്തൻ സാധ്യതകൾക്കും വ്യവസായ നിക്ഷേപങ്ങൾക്കും പദ്ധതി പൂർത്തീകരണത്തോടെ വഴിതുറക്കുമെന്നാണ് സർക്കാരുകളുടെ പ്രതീക്ഷ.

മാർച്ചിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന മൈസൂരുബെംഗളൂരു 10 വരി ദേശീയപാതയുടെ (എൻഎച്ച് 275) ശ്രീരംഗപട്ടണമുതൽ മൈസൂരു വരെയുള്ള അവസാനഘട്ടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. സിദ്ധലിംഗനപുര മുതൽ കാലസ്ഥവാടി വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവൃത്തികളാണ് അവശേഷിക്കുന്നത്. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാതയുടെ ഉദ്ഘാടനം നിർവഹിക്കും. 118 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന ബെംഗളൂരുവിലെ കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നിദ്ദഘട്ട മുതൽ ശ്രീരംഗപട്ടണ വരെയുള്ള 61 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികളും 80 ശതമാനം പൂർത്തിയായി.

നിലവിൽ, നിർമ്മാണം പൂർത്തിയായ 56 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ടോൾ ഈടാക്കുക. കാറുകൾ ഉൾപ്പെടെയുള്ള ചെറിയവാഹനങ്ങൾക്ക് 135 രൂപയാണ് ഒരുവശത്തേക്ക് ഈടാക്കാൻ ഉദ്ദേശിക്കുന്ന ടോൾനിരക്കെന്നാണ് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന വിവരം. ബസുകൾക്ക് 460 രൂപയും മറ്റു വലിയവാഹനങ്ങൾക്ക് 750-900 രൂപയുമായിരിക്കും ടോൾ. ടോൾനിരക്ക് സംബന്ധിച്ച് ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രഖ്യാപനം വന്നാൽ മാത്രമേ അതിവേഗപാതയിൽ സഞ്ചരിക്കാൻ എത്ര പണം മുടക്കണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

അതേസമയം, സ്ഥിരംയാത്രക്കാർക്ക് ദേശീയപാത അഥോറിറ്റി പാസുകൾ അനുവദിക്കും. ഒരുമാസം 50 യാത്രകളാണ് പാസുപയോഗിച്ച് നടത്താൻ സാധിക്കുക. അതിവേഗപാതയിൽ ഇരുചക്രവാഹനങ്ങൾക്കും മൂന്നുചക്രവാഹനങ്ങൾക്കും പ്രവേശനമില്ലാത്തതിനാൽ ഇവയിൽനിന്ന് ടോൾ ഈടാക്കില്ല. പാതയിലെ സർവീസ് റോഡുകളിലൂടെയാണ് ഇവയ്ക്ക് സഞ്ചരിക്കാൻ അനുമതി. ഇരുവശത്തുമായി രണ്ടെണ്ണംവീതമുള്ള സർവീസ് റോഡുകളെ ടോളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതിവേഗപാതയിൽ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള നിദാഘട്ടയിൽനിന്ന് മൈസൂരുവരെയുള്ള 61 കിലോമീറ്റർ ഭാഗത്ത് നിർമ്മാണം പുരോഗമിക്കുകയാണ്. മാർച്ചിൽ പാതയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നതിനാൽ ദ്രുതഗതിയിലാണ് നിർമ്മാണപ്രവർത്തനം. ഈഭാഗത്തുള്ള ശ്രീരംഗപട്ടണ, മാണ്ഡ്യ ബൈപ്പാസുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

ആകെ മൂന്ന് ടോൾ ബൂത്തുകളാണ് പാതയിലുള്ളത്. എന്നാൽ, രണ്ട് ടോൾ ബൂത്തുകളിൽനിന്നാണ് ടോൾ പിരിക്കുകയെന്ന് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. മൈസൂരു-നിദാഘട്ട ഭാഗത്ത് ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ആദ്യത്തെ ടോൾ ബൂത്ത്. ബെംഗളൂരു-നിദാഘട്ട ഭാഗത്ത് ബിഡദിക്ക് സമീപത്തെ കനിമിനികെയിലാണ് രണ്ടാമത്തെയും മൂന്നാമത്തെയും ടോൾ ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്. ഓരോ ടോൾ ബൂത്തിലും 11 ഗേറ്റുകളുണ്ടാകും. അത്യാധുനിക ടോൾ പിരിവ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫാസ്ടാഗ് സംവിധാനവും ഉണ്ടാകും.

ദേശീയപാത അഥോറിറ്റിയുടെ മാനദണ്ഡപ്രകാരം ഒരുകിലോമീറ്ററിന് ശരാശരി ഒന്നര മുതൽ രണ്ടുരൂപ വരെയാണ് ടോൾ നിരക്ക്. കൂടാതെ പാതയിലെ വരികൾ, പാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെ എണ്ണവും ടോൾ നിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനമാണെന്നും അധികൃതർ വ്യക്തമാക്കി. ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപ്പാസുകൾ എന്നിവയാണ് പാതയിലുള്ളത്.