ബംഗളൂരു: ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് 75 മിനിറ്റിൽ എത്താവുന്ന 10 വരി അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കുമ്പോൾ അത് കേരളത്തിനും ഗുണമാകും. 8172 കോടി രൂപ ചെലവിട്ടു നിർമ്മിച്ച 118 കിലോമീറ്റർ അതിവേഗ പാതയോടൊപ്പം 16,000 കോടിയുടെ വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്. അതിവേഗ പാതയിലൂടെ ബംഗ്ലൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് അതിവേഗ യാത്ര സാധ്യമാകും. നിലവിൽ ബെംഗളൂരുമൈസൂരു യാത്രയ്ക്കു 3 മണിക്കൂർ വേണം. പുതിയ പാത വരുന്നതോടെ ബെംഗളൂരുവിൽനിന്നു വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ വരെ കുറയും.

118 കിലോമീറ്റർ ദൈർഘ്യമുള്ള പാത 8172 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിഡഗട്ടവരെയും അവിടംമുതൽ മൈസൂരു വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപ്പാസുകൾ അടങ്ങുന്ന 52 കിലോമീറ്റർ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. നിലവിൽ ബംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള റോഡ് ഗതാഗത തടസ്സങ്ങൾ നിറഞ്ഞതാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുമ്പോൾ വയനാട് വഴി കോഴിക്കോട്ടേക്ക് വരുന്നവർക്ക് അതിവേഗം എത്താനാകും.

ബംഗളൂരു-മൈസൂരു എക്സ്‌പ്രസ് വേ (എൻഎച്ച്275)

ദൂരം: 118 കി.മീ. (നേരത്തെ 142 കി.മീ.)
പ്രധാന പാത: 6 വരി; സർവീസ് റോഡ്: 2 വരി വീതം
പരമാവധി വേഗം: മണിക്കൂറിൽ 100 കി.മീ.
ബന്ധിപ്പിക്കുന്ന നഗരങ്ങൾ: ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണം
നിർമ്മാണം ആരംഭിച്ചത്: 2018

പാതയുടെ ഇരുവശങ്ങളിലായി രണ്ടുവരികൾ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് പാതകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങളും നിറവേറ്റും. ബാക്കിയുള്ള ആറു വരികൾ പ്രധാന പാതയുടെ ഭാഗമായി തന്നെ നിലനിൽക്കും. നിലവിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെയാണ് മൈസൂരു-ബെംഗളൂരു യാത്രയ്ക്ക് വേണ്ടിവരുന്നത്. ഇത് മൂന്നിലൊന്നായി കുറയ്ക്കാനും ഇന്ധന ഉപയോഗം ലാഭിക്കാനും പദ്ധതി സഹായകരമാകും. അതുകൊണ്ട് തന്നെ ടോൾ നൽകുന്നത് ലാഭകരമായിരിക്കും എന്നാണ് വിലയിരുത്തൽ. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച പാതയിൽ ടോൾ പിരിവ് 14നു ശേഷം ആരംഭിക്കും

അതേസമയം, സ്ഥിരംയാത്രക്കാർക്ക് ദേശീയപാത അഥോറിറ്റി പാസുകൾ അനുവദിക്കും. ഒരുമാസം 50 യാത്രകളാണ് പാസുപയോഗിച്ച് നടത്താൻ സാധിക്കുക. അതിവേഗപാതയിൽ ഇരുചക്രവാഹനങ്ങൾക്കും മൂന്നുചക്രവാഹനങ്ങൾക്കും പ്രവേശനമില്ലാത്തതിനാൽ ഇവയിൽനിന്ന് ടോൾ ഈടാക്കില്ല. പാതയിലെ സർവീസ് റോഡുകളിലൂടെയാണ് ഇവയ്ക്ക് സഞ്ചരിക്കാൻ അനുമതി. ഇരുവശത്തുമായി രണ്ടെണ്ണംവീതമുള്ള സർവീസ് റോഡുകളെ ടോളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബംഗളൂരുവിൽ നിന്നു മൈസൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിഡദി കനിമിണിക്കെയിലാണ് ആദ്യം ടോൾ നൽകേണ്ടത്. തുടർന്ന് ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലാണ് രണ്ടാമത്തെ ടോൾ ബൂത്ത്. ഫാസ്ടാഗ് സൗകര്യമുള്ള 11 വീതം ഗേറ്റുകൾ ഇവിടങ്ങളിൽ സജ്ജീകരിച്ചു. ആംബുലൻസുകൾക്കും വിവിഐപി വാഹനങ്ങൾക്കും ടോൾ നൽകാതെ കടന്നുപോകാൻ പ്രത്യേക ഗേറ്റുണ്ട്.

മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്കു വരുന്ന വാഹനങ്ങൾക്കായി ശ്രീരംഗപട്ടണയിലും രാമനഗര ജില്ലയിലെ ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ. 14ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ) പ്രഖ്യാപിച്ചത്. ടോൾ ആരംഭിച്ചാൽ കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് നിരക്കും ഉയർത്തും.