- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിടെ എ ഐ ക്യാമറകൾ മിഴിതുറക്കുന്നു; റോഡിലെ നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച രാവിലെ എട്ട് മുതൽ പിഴയീടാക്കും; ഇരുചക്രവാഹനത്തിൽ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും; കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറകൾ ഉപയോഗിച്ച് റോഡിലെ നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ പിഴയീടാക്കിത്തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എഐ ക്യാമറകൾ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഇരുചക്ര വാഹനത്തിൽ രണ്ട് മുതിർന്നവരെ കൂടാതെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്യാൻ തൽക്കാലം അനുവദിക്കും. ഇരുചക്രവാഹനത്തിൽ മൂന്നാം യാത്രക്കാരനായി കുട്ടികൾ യാത്ര ചെയ്താൽ തത്കാലം പിഴ ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇരുചക്ര വാഹനത്തിൽ മുതിർന്ന രണ്ട് പേരെ കൂടാതെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്രചെയ്യാൻ അനുവദിക്കുന്ന നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരുഅന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്യുന്നതിന് പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു.
ഉപകരങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകൾ പരിശോധിച്ചപ്പോൾ 692 എണ്ണം പ്രവർത്തന സജ്ജമാണെന്ന് കണ്ടെത്തി. ബാക്കി 34 ക്യമാറകൾ ഉടൻ പ്രവർത്തനസജ്ജമാക്കും.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ, ഇരുചക്ര വാഹനത്തിൽ രണ്ട് പേരിൽ കൂടുതൽ സഞ്ചരിക്കൽ, അമിത വേഗത, അപകടകരമായ പാർക്കിങ് തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുന്നതിൽ മുൻഗണനയെന്നും മന്ത്രി അറിയിച്ചു. ഇതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ക്യാമറകളുള്ള എഐ ട്രാഫിക് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നും മന്ത്രി പറഞ്ഞു.
പിഴ സംബന്ധിച്ച ഏതെങ്കിലും തരത്തിൽ ആക്ഷേപമുള്ളവർക്ക് അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒമാർക്ക് അപ്പീൽ നൽകാം. നിലവിൽ അപ്പീൽ നേരിട്ട് കൊടുക്കണം. രണ്ട് മാസത്തിനുള്ളിൽ ഓൺലൈനായി ഇതിനൊരു സംവിധാനം വരും.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നിയമലംഘകർക്ക് ചെല്ലാൻ അയക്കുന്നത് ആരംഭിക്കും. ഇവർക്ക് ആവശ്യമെങ്കിൽ, പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫിസർക്ക് അപ്പീൽ നൽകാം. സംസ്ഥാനത്തെ 692 റോഡ് ക്യാമറകളാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുക.
ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എഐ ക്യാമറ സംവിധാനത്തിലൂടെ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജൂൺ രണ്ടിന് മാത്രം എഐ ക്യാമറകളിൽ 240746 നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും ആന്റണി രാജു പറഞ്ഞു.ക്യമാറകളുടെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം പൊലീസിനും എക്സൈസിനും നിരവധി കേസുകളിലെ പ്രതികളെ കണ്ടെത്താൻ ഇവ സഹായകരമായിട്ടുണ്ട്.
എഐ ക്യാമറ വന്നതിന് ശേഷം പുതുതായി ഒരു നിയമവും കേരളത്തിൽ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എഐ ക്യമാറകളിൽ നിന്ന് ആരേയും ഒഴിവാക്കാൻ കഴിയില്ല. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങൾ ഏതൊക്കെയെന്ന് കേന്ദ്ര നിയമത്തിൽ പറഞ്ഞിട്ടുണ്ട്. അത് അതുപോലെ തന്നെ നടപ്പാക്കും. ഇപ്പോഴും അങ്ങനെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വിവിഐപികളെ ഇതിൽ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് മറുപടിയിട്ടാണ് മന്ത്രിയുടെ പ്രതികരണം.
പിഴയീടാക്കൽ ഓഡിറ്റിങിന് വിധേയമാണ്. പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ചുള്ള ഇളവുകൾ മാത്രമേ അനുവദിക്കു. പദ്ധതിയെ എതിർക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ