- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബിൻ മോട്ടോഴ്സിനെതിരേ 'യുദ്ധം' പ്രഖ്യാപിച്ച് സർക്കാർ; കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസ് റാന്നിയിൽ പിടിച്ചെടുത്തു; സർവ്വീസ് നടത്താൻ സുപ്രീം കോടതി ഉത്തരവുണ്ടെന്ന് ഉടമ ഗിരീഷ്: വിധി വായിക്കാനറിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നും ആരോപണം
റാന്നി: അന്തർ സംസ്ഥാന പെർമിറ്റുമായി കോയമ്പത്തൂരിലേക്ക് സർവീസ് നടത്താനൊരുങ്ങിയ റോബിൻ മോട്ടോഴ്സിന്റെ ബസ് യുദ്ധസമാന സജ്ജീകരണങ്ങളുമായെത്തി പിടിച്ചെടുത്ത് പൊലീസും മോട്ടോർ വാഹനവകുപ്പും.
തിങ്കളാഴ്ച പുലർച്ചെ റാന്നിയിൽ വച്ചാണ് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘനം എന്ന് മാത്രം പറഞ്ഞാണ് ബസ് പിടിച്ചെടുത്തിരിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് ബസ് സർവീസ് തുടങ്ങിയതെന്ന് റോബിൻ മോട്ടോഴ്സ് ഉടമ ഗിരീഷ് പറഞ്ഞു. കോടതി ഉത്തരവ് ഉദ്യോഗസ്ഥരെ കാണിച്ചപ്പോൾ തങ്ങൾക്ക് അത് വായിക്കാനറിയില്ലെന്നാണത്രേ ഉദ്യോഗസ്ഥർ പറഞ്ഞത്.
പുലർച്ചെ 5.30 നാണ് പത്തനംതിട്ടയിൽ നിന്ന് ബസ് പുറപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത് കയറിയ ധാരാളം യാത്രക്കാരും ബസിൽ ഉണ്ടായിരുന്നു. റാന്നിയിലെത്തിയപ്പോൾ ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പും പൊലീസും ഉള്ളിൽ കയറി യാത്രക്കാരെ ഇറക്കി വിടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുന്നത്. കേന്ദ്രസർക്കാരിന്റെ പുതുക്കിയ ഗതാഗത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റോബിൻ ബസ് സർവീസ് നടത്തിയത്. ആദ്യം സർവീസ് തുടങ്ങിയപ്പോഴും ഇതു പോലെ നിസാര കാരണം പറഞ്ഞാണ് പിടിച്ചെടുത്തത്. തുടർന്നാണ് ഉടമ ഗിരീഷ് സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം 1.50 ലക്ഷം രൂപ നികുതി അടച്ചാണ് വാഹനം സർവീസിന് ഇറക്കിയതെന്ന് ഉടമ ഗിരീഷ് പറഞ്ഞു.ഇപ്പോൾ പിടിച്ചെടുത്ത ബസ് തിരിച്ചു കിട്ടാൻ രണ്ടാഴ്ചയെങ്കിലും സമയം എടുക്കും. അപ്പോഴേക്കും താൻ അടച്ച നികുതി നഷ്ടം വരുമെന്നും ഉടമ പറഞ്ഞു.
യാത്രക്കാരുടെയും ബസ് ജോലിക്കാരുടെയും ബസ് ഉടമയുടെയും മൊഴി എടുത്തു കൊണ്ടാണ് കേസ് എടുത്തത് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. വലിയ ഒരു സംഘം ഉദ്യോഗസ്ഥരാണ് ബസ് തടഞ്ഞത്. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല ഉൾപ്പെടെ നാട്ടുകാരും സംഭവസ്ഥലത്ത് എത്തി ശബരിമല ഉൾപ്പെടെ സർവീസ് നടത്തുന്നതിനായി സ്വകാര്യ ബസ് ഉടമകൾ തയ്യാറാകുമ്പോൾ ആണ് റാന്നിയിൽ വീണ്ടും ബസ് തടഞ്ഞത്.കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്പോർട് നിയമത്തിലാണ് അന്യ സംസ്ഥാന സർവീസിനുള്ള കളം ഒരുങ്ങിയത്.
പെർമിറ്റ് കോൺട്രാക്ട് കാരിയർ സർവീസ് നടത്തുന്നത് സ്റ്റേജ് കാരിയർ ആയിട്ടെന്ന് ആർടിഓ
കോൺട്രാക്ട് കാരിയർ പെർമിറ്റാണ് റോബിൻ ബസിനുള്ളതെന്ന് പത്തനംതിട്ട ആർടിഒ എകെ ദിലു പറഞ്ഞു. എന്നാൽ സ്റ്റേജ് കാരിയർ ആയിട്ടാണ് സർവീസ് നടത്തുന്നത്. ഈ നിയമലംഘനം അനുവദിക്കാൻ കഴിയാത്തതു കൊണ്ടാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. കോൺട്രാക്ട് കാരിയറുകൾക്ക് ഒരു സ്ഥലത്തു നിന്നും ആളെ എടുത്തു കൊണ്ട് മറ്റൊരിടത്ത് ഇറക്കാനാണ് പെർമിറ്റ് കൊടുക്കുന്നത്.
ഇവർക്ക് ഇടയ്ക്ക് നിർത്തി ആളു കയറ്റാനോ ഇറക്കാനോ അതനുസരിച്ചുള്ള യാത്രാക്കൂലി വാങ്ങുന്നതിനോ കഴിയില്ല. കോൺട്രാക്ട് കാരിയർ പെർമിറ്റുള്ള റോബിൻ ബസ് സ്റ്റേജ് കാരിയർ ആയിട്ടാണ് സർവീസ് നടത്തിയത്. ഇതിന്റെ ടിക്കറ്റ് നിരക്ക് അടക്കം ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആർടിഓ പറഞ്ഞു. സെപ്റ്റംബർ 12 ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഈ രീതിയിലുള്ള ബസുകൾ അനുവദിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് നടപ്പാക്കിയിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്