- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവന്യൂ വകുപ്പിന്റെ കണക്കിൽ സർക്കാർ ഭൂമിയിൽ നിന്നും പൊട്ടിച്ചെടുത്തത് 6.28 ടൺ പാറ;ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ ദേവികുളം ഗ്യാപ്പ് റോഡിൽ പാറ ഖനനം; കരാർ കമ്പനി 6.5 കോടി പിഴയൊടുക്കണമെന്ന് ഉത്തരവ്; നടപടി താലൂക്ക് സർവയർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
ഇടുക്കി: ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ ദേവികുളം ഗ്യാപ്പ് റോഡിൽ പാറ ഖനനം നടത്തിയ കരാർ കമ്പനി 6.5 കോടി രൂപ പിഴ അടക്കാൻ ഉത്തരവ്. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് റവന്യു വകുപ്പിൽ പണമടക്കാൻ ഉടുമ്പൻചോല തഹസിൽദാരാണ് ഉത്തരവിറക്കിയത്. കരാറുകാരായ ഗ്രീൻ വർത്ത് ഇൻഫ്രാസട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനോടാണ് പിഴ അടക്കാൻ ആവശ്യപെട്ടിരിക്കുന്നത്.
ചിന്നക്കനാൽ വില്ലേജിൽ സർവേ നമ്പർ 278,279,146/1,148/1 എന്നിവയിലുൾപ്പെട്ട സർക്കാർ പുറംപോക്ക് ഭൂമിയിൽനിന്നാണ് ദേശീയപാത വലുതാക്കുന്നതിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയത്. കേരള ഭൂസംരക്ഷണനിയമം അനുസരിച്ചാണ് പിഴ ഈടാക്കാൻ ഉത്തരവായിരിക്കുന്നത്. സ്ഥലത്തുനിന്ന് അനധികൃതമായി കമ്പനി 251289.33 മീറ്റർ ക്യൂബ് പാറ പൊട്ടിച്ചുമാറ്റിയെന്ന് ഉത്തരവിൽ പറയുന്നു.
കൊച്ചി ധനുഷ്കോടി ദേശിയ പാതയിലെ ദേവികുളം ഗ്യാപ്പ് റോഡിൽ അനധികൃതമായി പാറ പൊട്ടിക്കുന്നുവെന്ന പരാതിയിൽ 2021ലാണ് റവന്യുവകുപ്പു അന്വേഷണം തുടങ്ങിയത്. ഉടുമ്പൻചോല, ദേവികുളം താലൂക്ക് സർവയർമാർ പരിശോധിച്ച് സർക്കാർ ഭൂമിയിലെ പാറ പൊട്ടിച്ചിട്ടുണ്ടെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ഇടുക്കി കളക്ടറും ദേവികുളം സബ് കളക്ടറും വീണ്ടും പരിശോധന നടത്തി സ്ഥിരീകരിച്ചു.
അതിനുശേഷമാണ് നഷ്ടം കണ്ടെത്തി നടപടിയെടുക്കാൻ ഉടുമ്പൻചോല തഹസിൽദാർക്ക് നിർദ്ദേശം നൽകിയത്. സർക്കാർ ഭൂമിയിൽ നിന്നും കമ്പനി 6.28 ടൺ പാറ പൊട്ടിച്ചുവെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്.ഇതിന്റെ വിലയായ 3,14,17,000 രൂപയും ഇതെ മൂല്യത്തിലുള്ള നഷ്ടപരിഹാരവും നൽകാനാണ് ഇപ്പോഴത്തെ ഉത്തരവ്.
അതേസമയം സർക്കാർ ഭൂമിയിൽ കയറുകയോ പാറപൊട്ടിക്കുകയേ ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കരാർ കമ്പനി. എന്നാൽ ഇതിൽ കൂടുതൽ തുകയുടെ പാറ പൊട്ടിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. അനധികൃത പാറഖനനത്തിൽ നിർമ്മാണ കമ്പനിക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ ജുലൈയിൽ നെടുങ്കണ്ടം മജിസ്ട്രേറ്റ് കോടതി ശാന്തൻപാറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ