പെരുമ്പിലാവ്: തിപ്പിലിശേരിയുടെ മരുമകനായി റുമാനിയക്കാരന്‍ ആന്‍ഡ്രി. തിപ്പിലിശേരി ചക്കുംകുമരത്ത് സുനിലിന്റെ മകള്‍ അഞ്ജനയെ സ്വന്തമാക്കാനാണ് ഏഴാം കടലിന്‍ അക്കരെ നിന്ന് ആന്‍ഡ്രി എത്തിയത്. ഒന്നര വര്‍ഷം നീണ്ടു നിന്ന ഓണ്‍ലൈന്‍ പ്രണയത്തിനൊടുവിലാണ് ആന്‍ഡ്രിയും അഞ്ജനയും ഒന്നായത്. ഇന്നലെ തിപ്പിലശേരിയില്‍ നടന്ന ചടങ്ങില്‍ അഞ്ജനയുടെ കഴുത്തില്‍ ആന്‍ഡ്രി വരണമാല്യം ചാര്‍ത്തി. പന്നിത്തടം ടെല്‍കോണ്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ഇവരുടെ വിവാഹം.

ചടങ്ങില്‍ അഞ്ജനയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പുറമേ ആന്‍ഡ്രിയുടെ മാതാപിതാക്കളും സഹോദരിയും സഹോദരിയുടെ പ്രതിശ്രുത വരനും പങ്കെടുത്തു. ഒരേ കമ്പനിയില്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുന്നവരാണ് അഞ്ജനയും ആന്‍ഡ്രിയും. നേരിട്ടു പരസ്പരം കാണുന്നതിനു മുന്‍പേ ഇരുവരും പ്രണയിച്ചു തുടങ്ങി. ഒടുവില്‍ പ്രണയം വിവാഹത്തിന് വഴിമാറുകയായിരുന്നു.

ബോഷ് എന്ന ജര്‍മന്‍ മള്‍ട്ടി നാഷനല്‍ കമ്പനിയിലെ ഐടി എന്‍ജിനീയര്‍മാരാണ് ഇരുവരും. അഞ്ജന കോയമ്പത്തൂരിലും ആന്‍ഡ്രി റുമാനിയയിലുമാണു ജോലി ചെയ്യുന്നത്. രണ്ടുപേരും ഒരേ ഓണ്‍ലൈന്‍ ടീമിലെ അംഗങ്ങള്‍ ആണ്. ജോലിയുടെ ഭാഗമായി ഓണ്‍ലൈനിലൂടെ ഉണ്ടായ അടുപ്പം പ്രണയമായി വളര്‍ന്നു. ടീം പിന്നീട് ജര്‍മനിയില്‍ ഒത്തുകൂടിയപ്പോഴാണ് ആദ്യമായി കാണുന്നത്. ഇതോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചു.

ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹത്തിന് കുര്‍ത്തയും പൈജാമയും അണിഞ്ഞ് ആന്‍ഡ്രി എത്തി. ചടങ്ങുകള്‍ സാകൂതം വീക്ഷിച്ചും ആവശ്യമെങ്കില്‍ ഒപ്പം കൂടിയും ആന്‍ഡ്രിയുടെ ബന്ധുക്കളും ഉഷാറായതോടെ കല്യാണം പൊടിപൊടിച്ചു. വിവാഹത്തിന്റെ ഭാഗമായി 4 ദിവസം മുന്‍പു തന്നെ ആന്‍ഡ്രിയും ബന്ധുക്കളും തിപ്പിലിശേരിയില്‍ എത്തി. 2 ദിവസം മുന്‍പ് അക്കിക്കാവ് റജിസ്റ്റര്‍ ഓഫിസില്‍ റജിസ്‌ട്രേഷന്‍ നടത്തി. പരസ്പരം തുളസിമാല അണിഞ്ഞാണ് അന്ന് ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിലെ കാഴ്ചകള്‍ ആസ്വദിച്ച ശേഷം ആന്‍ഡ്രിയും കുടുംബവും താമസിയാതെ റുമാനിയയിലേക്കു മടങ്ങും. വീസ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ജനയും പോകും.