- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി റോഷി അഗസ്റ്റിൻ ക്ഷമിച്ചിരുന്നത് തക്ക അവസരത്തിന് വേണ്ടി; മ്യൂസിയം ലൈംഗികാതിക്രമക്കേസിലെ പ്രതി സർക്കാർ വാഹന ഉപയോഗ ചട്ടം ലംഘിച്ചതിൽ പ്രൈവറ്റ് സെക്രട്ടറി ഉത്തരവാദി; രേഖാചിത്രം പുറത്തുവന്നിട്ടും സംരക്ഷിച്ചത് ഗോപകുമാരൻ നായർ; സിപിഎം നോമിനിയെ പുറത്താക്കാക്കി പ്രതിച്ഛായ വീണ്ടെടുക്കാൻ മന്ത്രി
തിരുവനന്തപുരം: മ്യൂസിയം ലൈംഗികാതിക്രമണ കേസിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരും പ്രതിക്കൂട്ടിൽ. പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സന്തോഷ,് മ്യൂസിയം ലൈംഗിക ആക്രമണകേസിൽ അറസ്റ്റിലായതിനെ തുടർന്ന് മന്ത്രി ഓഫീസിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ മന്ത്രിയുടെ വിശ്വസ്തർ നൽകിയ റിപ്പോർട്ടിൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
സർക്കാർ വാഹനം അനുവദിച്ചിരിക്കുന്നത് പ്രൈവറ്റ് സെക്രട്ടറിക്കാണ്. വാഹനത്തിൽ ലോഗ് ബുക്ക് സൂക്ഷിച്ചിരിക്കണം. എവിടെ, എപ്പോൾ, എത്ര ദൂരം, തിരിച്ച് വന്നതെപ്പോൾ ഈ വിശദാംശങ്ങൾ കൃത്യമായി ഓരോ ദിവസവും ലോഗ് ബുക്കിൽ എഴുതണം. ഡ്രൈവർ എഴുതിയത് പരിശോധിച്ച് ശരിയെന്ന് ഉറപ്പ് വരുത്തേണ്ടതും ലോഗ് ബുക്കിൽ ഓരോ ദിവസവും ഒപ്പിടേണ്ടതും പ്രൈവറ്റ് സെക്രട്ടറിയാണ്.
വാഹനം ഓഫിസ് പരിസരത്ത് സൂക്ഷിക്കണം. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന ചട്ടം പ്രൈവറ്റ് സെക്രട്ടറി ലംഘിച്ചെന്നാണ് റോഷി അഗസ്റ്റിന് കിട്ടിയ റിപ്പോർട്ട്. പ്രൈവറ്റ് സെക്രട്ടറി ഇത് കൃത്യമായി ചെയ്തിരുന്നെങ്കിൽ മ്യൂസിയം സംഭവം ഉണ്ടാകുമായിരുന്നില്ല. സർക്കാർ വാഹനം ഉപയോഗിച്ച് ലൈംഗികാതിക്രമണം നടത്തി എന്ന ചീത്ത പേര് ഉണ്ടാവില്ലായിരുന്നു. പ്രതിയുടെ ചിത്രം ആറു ദിവസം മുമ്പ് പുറത്ത് വന്നിട്ടും ഡ്രൈവറെ സംരക്ഷിക്കുകയായിരുന്നു പ്രൈവറ്റ് സെക്രട്ടറി.
വിശ്വസ്തനായ ഡ്രൈവറോട് തല മൊട്ടയടിക്കാൻ നിർദ്ദേശിച്ചതും ഗോപകുമാരൻ നായരാണെന്നാണ് ആരോപണം. മലയിൻകീഴ് സ്വദേശികളാണ് ഇരുവരും. പ്രൈവറ്റ് സെക്രട്ടറി ഇപ്പോൾ താമസിക്കുന്നത് വട്ടിയൂർക്കാവാണ്. സാധാരണ ഗതിയിൽ മന്ത്രിമാരുടെ ഏറ്റവും വിശ്വസ്തനെയായിരിക്കും പ്രൈവറ്റ് സെക്രട്ടറിയാക്കി വയ്ക്കുക. ഘടക കക്ഷി മന്ത്രിമാരുടെ ഓഫിസിൽ സി പി എം അനുകൂല സംഘടന പ്രതിനിധികളെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന നിർദ്ദേശം ഉള്ളതിനാലാണ് സെക്രട്ടേറിയേറ്റിലെ സിപിഎം നേതാവ് റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കടന്ന് കൂടിയത്.
ഓഫിസിൽ ഓരോ ആവശ്യവുമായി വരുന്നവരോട് തട്ടി കയറുന്ന ഗോപകുമാരൻ നായരുടെ സ്വഭാവത്തിൽ റോഷി അസ്വസ്ഥനും ആയിരുന്നു. സിപിഎം നോമിനിയായതു കൊണ്ട് പ്രൈവറ്റ് സെക്രട്ടറിയോട് തിരിച്ചൊന്നും പറയാതെ ഒരവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു റോഷി . അപ്പോഴാണ് മ്യൂസിയം കേസ് ഉണ്ടാകുന്നത്. കേരള കോൺഗ്രസ് പാർട്ടിയിലെ പ്രമുഖർക്കും പ്രൈവറ്റ് സെക്രട്ടറിയോട് താൽപര്യമില്ല. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റുന്ന കാര്യം ജോസ് കെ മാണിയോട് റോഷി സൂചിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് റോഷി ശ്രമിക്കുന്നത്. പൊതു ഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ഗോപകുമാരൻ നായർ മാതൃ വകുപ്പിലേക്ക് മടങ്ങും.
മ്യൂസിയം ലൈംഗികാക്രമണക്കേസിലെ പ്രതി സന്തോഷ് കുമാറിന്റേത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരൻ ഷിനിൽ ആന്റണി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശമ്പളം കൊടുക്കുക മാത്രമാണ് തന്റെ ജോലിയെന്നും വ്യക്തിപരമായ ഒരു വിവരവും അറിയില്ലെന്നും ഷിനിൽ പറഞ്ഞിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസ് ഡ്രൈവറായിരുന്നു സന്തോഷെന്നും ഷിനിൽ പറഞ്ഞു. സന്തോഷ് കരാർ ജീവനക്കാരൻ മാത്രമെന്ന് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് കൈകഴുകുമ്പോഴാണ് കരാറുകാരന്റെ വെളിപ്പെടുത്തൽ വന്നത്.