- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് നിന്നും ആന്റണി നാട്ടിലെത്തിയത് ആറുമാസം മുമ്പ്; കുട്ടികളെ നോക്കാനായി നേഴ്സ് ജോലി ഉപേക്ഷിച്ച റൂത്ത്; സ്വന്തമായി വീട് വയ്ക്കാന്‍ വസ്തുവും വാങ്ങി; ഡെല്‍നയുടെ മാമോദീസ നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ദുരന്തം; മകന്റെ പിറന്നാള്‍ ദിനം ആറു മാസമുള്ള മകളുടെ മരണം; കരിപ്പാല ഗ്രാമത്തെ ഞെട്ടിച്ച് മുത്തശ്ശി ക്രൂരത; റോസി അറസ്റ്റില്‍
അങ്കമാലി: അങ്കമാലിയില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുത്തശ്ശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കറുകുറ്റി ചീനി കരിപ്പാലയില്‍ ആറാട്ട് പുഴക്കടവില്‍ റോസി(66)യാണ് അറസ്റ്റിലായത്. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് റോസി പേരമകളായ ഡല്‍ന മരിയ സാറയെ കൊലപ്പെടുത്തിയെന്നാണ് സൂചന. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് റോസി.
വൈകിട്ട് നാലുമണിയോടെ എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കും. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി റോസി കിടന്ന മുറിയില്‍നിന്ന് കണ്ടെടുത്തിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന റോസിലിയെ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിന്റെ അച്ഛന്‍ ആന്റണിയുടെയും റോസിയുടെ ഭര്‍ത്താവ് ദേവസിക്കുട്ടിയുടെയും മൊഴിയെടുത്തു. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി.
ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡല്‍ന മരിയ സാറ. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. റോസിയുടെ അരികില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയിട്ട് റൂത്ത് അടുക്കളയിലായിരുന്നു. റോസിയുടെ മുറിയില്‍നിന്ന് ശബ്ദം കേട്ട് ആന്റണി എത്തിയപ്പോള്‍ കുഞ്ഞിനെ ചോരയില്‍ കുളിച്ചനിലയില്‍ കണ്ടു. കഴുത്തില്‍ മുറിവുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് പരിശോധനയില്‍ റോസിയുടെ മുറിയില്‍നിന്ന് കത്തി കണ്ടെത്തി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും ഇടയ്ക്ക് സോഡിയം കുറയാറുണ്ടെന്നും ഇന്നലെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഡല്‍നയുടെ സഹോദരന്‍ ഡാനിയുടെ (നാല്) പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേയായിരുന്നു കൊലപാതകം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയില്‍ ഭക്ഷണം എടുക്കാന്‍ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചില്‍കേട്ട് മുറിയില്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ചെല്ലാനം സ്വദേശിയാണ് ആന്റണി. കുടുംബത്തിനൊപ്പം മാസങ്ങളായി ചീനിയിലാണ് താമസം.
കുഞ്ഞിനെ തന്റെ അമ്മ റോസിയോടൊപ്പം കിടത്തിയ ശേഷം റൂത്ത് അടുക്കളയിലേക്കു പോയി. റോസിക്ക് ഭക്ഷണം എടുത്ത് തിരിച്ചുവരുമ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്ന് റൂത്ത് പറഞ്ഞു. കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്ത് ആഴത്തില്‍ മുറിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛന്‍ ആന്റണിയും അമ്മയുടെ അച്ഛന്‍ ദേവസിക്കുട്ടിയും ഡെല്‍നയുടെ സഹോദരന്‍ നാലുവയസ്സുകരാന്‍ ഡാനിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യം കാട്ടിയ റോസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഡിയം കുറവുള്ളതിനാല്‍ റോസി ഒരു മാസമായി ചികിത്സയിലാണ്.
കൊല്ലപ്പെട്ട ഡെല്‍ന മരിയ സാറയുടെ സഹോദരന്‍ ഡാനിയുടെ നാലാം ജന്മദിനമായിരുന്നു ബുധനാഴ്ച. ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം വീട്ടില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഡെല്‍ന കൊല്ലപ്പെടുന്നത്. കുഞ്ഞനുജത്തി മരിച്ചതറിയാതെ അവന്‍ ഓടി നടക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് കഴുത്തറത്ത് കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഞെട്ടിത്തരിച്ചിരുന്നു എടക്കുന്ന് കരിപ്പാല ഗ്രാമം. നിലവിളി കേട്ടാണ് അയല്‍വാസികള്‍ കൊലപാതകം നടന്ന വീട്ടിലേക്ക് ഓടിച്ചെന്നത്. ചോരയില്‍ മുങ്ങിയിരിക്കുന്ന കുട്ടിയെയും കൊണ്ട് വീട്ടില്‍നിന്ന് ആന്റണി പുറത്തേക്ക് വന്നപ്പോള്‍ എന്തോ അപകടം പറ്റിയെന്നാണ് അയല്‍വാസികള്‍ ആദ്യം കരുതിയത്. അയല്‍വാസിയായ മണി ഉടന്‍തന്നെ കാറെടുത്ത് കുട്ടിയെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെത്തിച്ചു. ആന്റണിയും റൂത്തും അയല്‍വാസിയായ സച്ചുവും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെത്തി അധികം വൈകാതെ മരണവാര്‍ത്തയെത്തി.
ആന്റണി കുറച്ചുനാള്‍ വിദേശത്താണ് ജോലി നോക്കിയിരുന്നത്. റൂത്ത് നഴ്‌സായി ജോലി നോക്കിയിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ചു. ഒരു വര്‍ഷമായി റൂത്ത് കരിപ്പാലയിലെ വീട്ടിലാണ് താമസം. ആന്റണി ആറുമാസം മുന്‍പാണ് വിദേശത്തുനിന്ന് എത്തിയത്. റൂത്തിന്റെ അച്ഛന്‍ ദേവസിക്ക് അടുത്തിടെ ഹൃദയാഘാതം വന്നതിനാല്‍ ചികിത്സയിലാണ്. സോഡിയം കുറവുള്ളതിനാല്‍ റോസിയും ചികിത്സയിലാണ്. ഡെല്‍നയുടെ മാമോദീസ നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആന്റണിയും റൂത്തും സ്വന്തമായി വീടുവയ്ക്കുന്നതിനായി എടക്കുന്ന് കരിപ്പാലയില്‍ സ്ഥലവും വാങ്ങിയിട്ടുണ്ട്.




