പത്തനംതിട്ട: സ്റ്റേഡിയം ജങ്ഷനിൽ കഴിഞ്ഞ ഒരു വർഷമായി റൗണ്ട് എബൗട്ട് നിർമ്മാണത്തിന്റെ പേരിൽ പൊതുജനം വട്ടം ചുറ്റുകയായിരുന്നു. എന്നാൽ, ഒറ്റ രാത്രി കൊണ്ട് റൗണ്ട് എബൗട്ട് പൊതുമരാമത്ത് നിരപ്പാക്കി. റോഡിന് നടുവിൽ എടുത്തിട്ടിരുന്ന വമ്പൻ കുഴി കോൺക്രീറ്റ് ചെയ്ത് എല്ലാം ശരിയാക്കി. അതിവേഗതയിൽ റൗണ്ട് എബൗട്ടിന് കർട്ടനിട്ടതെന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടി.

അതി ദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോ പ്ലാൻ രൂപീകരണത്തിന് മുഖ്യമന്ത്രി വരുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ വേദി ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് ഇറങ്ങുന്ന ജങ്ഷനിലാണ് റൗണ്ട് എബൗട്ടിന് വേണ്ടി ഒരു വർഷത്തിലേറെയായി കുഴി എടുത്തിട്ടിരുന്നത്. നാട്ടുകാർ കുഴിയിൽ വീഴാതിരിക്കാൻ ർോഡിന് നടുവിലുള്ള ഹൈമാസ്റ്റിന് ചുറ്റും മണൽച്ചാക്ക് അടുക്കി തടയണ തീർത്തിരുന്നു.

സ്വതവേ ഇടുങ്ങിയ ജങ്ഷനിൽ സിഗ്‌നൽ ലൈറ്റുമുണ്ട്. വാഹനങ്ങൾക്ക് റോഡിന് നടുവിലുള്ള ഹൈമാസ്റ്റും അതിന് ചുറ്റുമുള്ള റൗണ്ട് എബൗട്ട് കുഴിയും ചുറ്റി വേണമായിരുന്നു ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ. ഇത് പലപ്പോഴും അപകടത്തിനും ഗതാഗത കുരുക്കിനും കാരണമായി. ഇവിടെ യാത്ര ദുസഹമായപ്പോൾ പൊതു പ്രവർത്തകനായ മനോജ് കാർത്തിക ഒരു വിവരാവകാശ അപേക്ഷ പൊതുമരാമത്തിന് നൽകി. ആരുടെ വകയാണ് റൗണ്ട് എബൗട്ട് എന്നായിരുന്നു ചോദ്യം. അതിന്പൊതുമരാമത്ത് നൽകിയ മറുപടി തങ്ങളുടേതാണ്. പക്ഷേ, റോഡിന് നടുവിലെ ഹൈമാസ്റ്റ് പത്തനംതിട്ട നഗരസഭയുടേത് ആണെന്നും അത് നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നുമായിരുന്നു.

ഒരു വർഷം മുൻപ് റൗണ്ട് എബൗട്ട് നിർമ്മാണത്തിനായി അഞ്ചു മീറ്റർ വ്യാസത്തിൽ നടപടി കൈക്കൊണ്ടിരുന്നു. എന്നാൽ, ഹൈമാസ്റ്റ് ലൈറ്റ് റോഡിന് നടുവിൽ നിന്ന് മാറ്റി സ്ഥാപിച്ച് വാഹനങ്ങൾ സുഗമമായി തിരിയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. അതിൻ പ്രകാരം ലൈറ്റ് മാറ്റി സ്ഥാപിക്കാൻ നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് അറിയിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിച്ചാലുടൻ പദ്ധതി പൂർത്തീകരിക്കാൻ കാത്തിരുന്നതാണ്.

അതാണ് ഞായറാഴ്ച ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് തടസം നേരിടുമെന്ന് കണ്ടാണ് ഇത് കോൺക്രീറ്റ് ചെയ്ത് നിരപ്പാക്കിയത്. ഇതിന് പറയുന്ന കാരണം സ്റ്റേഡിയം ജങ്ഷനിൽ റൗണ്ട് എബൗട്ട് പ്രായോഗികമല്ലെന്നാണ്. അങ്ങനെയങ്കിൽ എന്തു കൊണ്ട് ഇക്കാര്യം നേരത്തേ പഠിച്ച ശേഷം ചെയ്തില്ലെന്നാണ് നാട്ടുകാരുടെ ചോദ്യം. എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വീണ്ടും ഇവിടെ കുളം തോണ്ടുമോ എന്നാണ് സംശയം.