- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിൽ പാർക്കിങിനെ ചൊല്ലി അഭിഭാഷകരും പൊലീസുമായി വാക്കു തർക്കം; അഭിഭാഷകർ മദ്യപിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്തു; കളം മുറുകിയപ്പോൾ നിസാരവകുപ്പിട്ട് ഒരാൾക്കെതിരേ മാത്രം കേസ്; പൊലീസിനെ ഭയപ്പെടുത്തിയത് ഹൈക്കോടതിയുടെ ശാസനയും
പമ്പ: അനധികൃത പാർക്കിങിനെ ചൊല്ലി അഭിഭാഷകരും പൊലീസുമായി തർക്കം. മദ്യപിച്ചുവെന്ന് ആരോപിച്ച് മൂന്ന് അഭിഭാഷകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പുലിവാലാകുമെന്ന് കണ്ടപ്പോൾ ഒരാൾക്കെതിരേ മാത്രം കേസെടുത്ത് മറ്റ് രണ്ടു പേരെയും ജാമ്യത്തിൽ വിട്ടയച്ചു. മൂവരും മദ്യപിച്ചിരുന്നുവെന്നും ഇവരുടെ വാഹനത്തിൽ നിന്ന് മദ്യം കണ്ടെടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് എടുത്ത കേസിൽ ഇതൊന്നുമില്ല. മദ്യനിരോധന മേഖലയിലാണ് പൊലീസിന്റെ ഒളിച്ചു കളി.
ഇന്നലെ വൈകിട്ടാണ് സംഭവം. അഭിഭാഷകരിൽ രണ്ടു പേർ ആലപ്പുഴയിലും ഒരാൾ എറണാകുളത്തു നിന്നുമുള്ളതാണ്. മാസപൂജയ്ക്ക് നട തുറന്നിരിക്കുന്ന സമയത്താണ് ഇവർ പമ്പയിൽ വന്നത്. അവിടെല്ലാം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കണ്ട് വാഹനത്തിൽ വന്ന അഭിഭാഷകർ ഇവിടെ പാർക്ക് ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. പൊലീസും അഭിഭാഷകരുമായി വാക്കേറ്റമുണ്ടായി. ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ മദ്യക്കുപ്പി കണ്ടെത്തിയെന്നും അതിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് സംശയം തോന്നിയെന്നും പറയുന്നു. തുടർന്ന് മൂവരെയും കസ്റ്റഡിയിൽ എടുത്ത് മെഡിക്കൽ പരിശോധന നടത്തി.
അഭിഭാഷകർ നിയമം പറഞ്ഞ് തട്ടിക്കയറിയതോടെ പൊലീസ് വെട്ടിലായി. പോരാത്തതിന് കഴിഞ്ഞ ദിവസം പൊലീസിന്റെ അഭിഭാഷകരോടുള്ള പെരുമാറ്റം സംബന്ധിച്ച ഹൈക്കോടതിയുടെ താക്കീത് കൂടി ഓർമിപ്പിച്ചു. ഒടുവിൽ ഇരുകൂട്ടരുമായി ഒത്തു തീർപ്പിലെത്തി. ഒരാളെ മാത്രം പ്രതിയാക്കി. മദ്യം കണ്ടെടുത്തതും പ്രതികൾ മദ്യപിച്ചിരുന്നുവെന്നതും പൊലീസ് വിഴുങ്ങി. പകരം നിരോധിത പ്രദേശത്ത് പാർക്ക് ചെയ്തു (ഐപിസി 188), കൺട്രോൾ റൂം എസ്ഐ ദീപ്തികുമാറിനോട് മോശം പെരുമാറ്റം നടത്തി കൃത്യനിർവഹണം തടസപ്പെടുത്തി (117(ഇ)കേരളാ പൊലീസ് ആക്ട്), ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറഞ്ഞു (294ബി ഐപിസി) എന്നീ വകുപ്പുകൾ ചുമത്തി ഒരാൾക്കെതിരേ മാത്രം കേസെടുത്തു. മറ്റു രണ്ടു പേരെയും ജാമ്യക്കാരാക്കി. മൂവരും പമ്പയിൽ നിന്ന് പോവുകയും ചെയ്തു.
രഹസ്യന്വേഷണ വിഭാഗങ്ങൾ ഈ വിവരം തുടക്കത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമങ്ങൾ പമ്പ എസ്എച്ചഓയുമായി ബന്ധപ്പെട്ടപ്പോൾ ഒളിച്ചു കളിക്കുകയാണ് ചെയ്തത്. നിരോധിത മേഖലയിൽ മദ്യം കൊണ്ടുവന്ന ഗൗരവകരമായ കുറ്റം ഉണ്ടായിരുന്നിട്ടു കൂടി അതെല്ലാം ഒഴിവാക്കുകയാണുണ്ടായത്. പമ്പയിൽ മാസപൂജയ്ക്കും സീസണിലുമുള്ള അനധികൃത പാർക്കിങ് ആണ് തർക്കത്തിലേക്ക് നയിച്ചത്. പണം വാങ്ങി പമ്പയിൽ പാർക്കിങ് നൽകുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിലും പൊലീസ് കൺട്രോൾ റൂമിന് സമീപവും ഇങ്ങനെ അനധികൃത പാർക്കിങ് വ്യാപകമാണ്. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ഔദ്യോഗിക വാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾ, വിഐപി വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് പമ്പയിൽ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. ശേഷിച്ച വാഹനങ്ങൾ ആളെ പമ്പയിൽ ഇറക്കി തിരികെ നിലയ്ക്കലിൽ വന്ന് പാർക്ക് ചെയ്യണം.
ഇതിനിടെ പലവിധ സ്വാധീനങ്ങൾ കൊണ്ടും പണം നൽകിയും വാഹനം പമ്പയിലും പരിസരത്തും പാർക്ക് ചെയ്യാൻ ചിലർ വരുന്നുണ്ട്. ഇങ്ങനെ കിടക്കുന്ന വാഹനങ്ങൾ കണ്ടാണ് ഇന്നലെ പമ്പയിൽ പാർക്കിങിന് വേണ്ടി അഭിഭാഷകർ വാശിപിടിച്ചതും പൊലീസുമായി വാക്കേറ്റവും അസഭ്യം വിളിയും നടന്നതും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്