- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേംനസീര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളെ അങ്ങോട്ടുപോയി കണ്ടു മാപ്പുപറഞ്ഞു; യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം; ഇപ്പോള്‍ താനും ഫൗണ്ടേഷന്‍ അംഗം; അടുത്ത പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചെന്നും വിവാദം അവസാനിച്ചെന്നും ടിനി ടോം
പ്രേംനസീര്‍ വിവാദം അവസാനിച്ചെന്ന് ടിനി ടോം
കൊച്ചി: പ്രേംനസീറുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ നാക്കുപിഴയുടെ പേരിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് നടന്‍ ടിനി ടോം. പ്രേംനസീര്‍ ഫൗണ്ടേഷനില്‍ തനിക്ക് അംഗത്വം നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു. താന്‍ സദുദ്ദേശ്യത്തോടെ പറഞ്ഞ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ദുര്‍വ്യാഖ്യാനിക്കുക ആയിരുന്നുവെന്നാണ് ടി ടോം നേരത്തെ പറഞ്ഞത്. പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു.
സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍നിന്നിറങ്ങി അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയിരുന്ന് കരയുമായിരുന്നു എന്നായിരുന്നു ടിനിയുടെ പരാമര്‍ശം. ഇതിനെതിരെ ചലച്ചിത്രമേഖലയിലുള്ളവരും പ്രേംനസീറിന്റെ ആരാധകരും രംഗത്തെത്തിയിരുന്നു. ലൈം ലൈറ്റില്‍ ഉള്ളപ്പോള്‍ എല്ലാവരും ഉണ്ടാകും ഇല്ലെങ്കില്‍ ആരുമുണ്ടാകില്ല എന്നാണ് താന്‍ പറയാനുദ്ദേശിച്ചതെന്നും മലയാള സിനിമയുടെ ദൈവം എന്ന് തന്നെ പറയാവുന്ന നസീര്‍ സാറിനെ തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ടിനി ടോം പറഞ്ഞിരുന്നു.
നസീര്‍ സാറിനെ പോലെ ഒരാളെ പറ്റി അങ്ങനെ പറയാനുള്ള ഒരു യോഗ്യതയും തനിക്കില്ല. അതുകൊണ്ടു തന്നെയാണ് ഫൗണ്ടേഷന്റെ ആളുകളെ നേരിട്ട് പോയി കണ്ട് മാപ്പ് പറഞ്ഞത്. പ്രേംനസീറിന്റെ ബന്ധുക്കള്‍ വളരെ മാന്യമായാണ് പെരുമാറിയത്. ഫൗണ്ടേഷന്റെ മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടു. നസീര്‍ സാറിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന ഫൗണ്ടേഷനില്‍ താനും അംഗമായി മാറി.
തന്നോട് ആരാണ് ഇക്കാര്യം പറഞ്ഞതെന്ന് പറഞ്ഞവര്‍ക്കറിയാം. എത്ര കൈമലര്‍ത്തിയാലും പറഞ്ഞയാള്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ അതു വ്യക്തമായി അറിയാം. എന്റെ കൈയില്‍ തെളിവൊന്നുമില്ല. ബോധപൂര്‍വം ഒരാളെ ഇകഴ്ത്തി പറയുന്ന ഒരാളല്ല താന്‍. ഒരാളുടെ മനസ്സ് വേദനിപ്പിക്കുന്ന കാര്യം പറയുന്നത് പാപമാണെന്നാണ് തന്റെ വിശ്വാസം. ഒന്ന് രണ്ട് പേര്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ താന്‍ അങ്ങനെ പറഞ്ഞു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തി. ഒരാള്‍ വീണു കിടന്നാല്‍ എല്ലാരും കൂടി വളഞ്ഞിട്ട് ആക്രമിക്കും. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടു. പക്ഷേ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു പോകില്ല. കമന്റ് ബോക്‌സ് തുറന്നു വയ്ക്കും. തെറി പറയാനുള്ളവരെല്ലാം പറഞ്ഞോട്ടെ. എല്ലാവരും കല്ലെറിഞ്ഞ് അവരുടെ ദേഷ്യങ്ങളെല്ലാം തീര്‍ത്തോട്ടെ. പക്ഷേ ഞാന്‍ ഒളിച്ചോടില്ല. താന്‍ ഇവിടെതന്നെ ഉണ്ടാകുമെന്നും നടന്‍ ടിനി ടോം പറഞ്ഞു.
ഫൗണ്ടേഷന്റെ അടുത്ത പരിപാടിയില്‍ തന്നെ അതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്നും ടിനി ടോം വെളിപ്പെടുത്തി.'ഞാന്‍ ലണ്ടനില്‍ നിന്ന് നാട്ടില്‍ വന്നപ്പോള്‍ നേരെ പോയത് പ്രേംനസീര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളുടെ അടുത്തേക്കാണ്. നിര്‍മാതാവ് സുരേഷ് കുമാറാണ് പ്രേംനസീര്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍. ഫൗണ്ടേഷന്റെ ജന. സെക്രട്ടറിയും നസീര്‍ സാറിന്റെ ഫസ്റ്റ് കസിനായ ഫൈസലും ഫൗണ്ടേഷന്‍ ട്രഷററായ നാസറും അവിടെയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഒരു ക്ഷമാപണം മാത്രമേ ആവശ്യമുള്ളൂവെന്നും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായെന്നും പറഞ്ഞു. എല്ലാവരോടും ക്ഷമിക്കണമെന്നും സ്‌നേഹത്തോടെ പെരുമാറണമെന്നുമാണ് തങ്ങളെ നസീര്‍ സാര്‍ പഠിപ്പിച്ചിട്ടുള്ളത് എന്നവര്‍ പറഞ്ഞു.