ന്യൂഡല്‍ഹി: കങ്കാരു ബാഗില്‍ കുഞ്ഞുമായി ട്രെയിന്‍ സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ ദൃശ്യമായി മാറിയിരിക്കുകയാണ്. തിക്കിലും തിരിക്കിലും പിടിച്ച് നിരവധി ആളുകള്‍ മരിച്ച ഡല്‍ഹി സ്റ്റേഷന്‍ പരിസരത്തുനിന്നുള്ള കാഴ്ചയാണിത്. ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍പിഎഫ്) ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഈ ചിത്രത്തില്‍ ഉള്ളത്. ജോലി നിര്‍വഹിക്കുന്നതിനൊപ്പം, തന്റെ കുഞ്ഞിനെ കരുതിയുള്ള ഈ മാതൃസ്‌നേഹം സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ സ്വീകാര്യത നേടുന്നു.

ഒരു വയസ് മാത്രം പ്രായം ഉള്ള കുഞ്ഞിനെ കങ്കാരു ബാഗില്‍ ഇരുത്തി മാറോട് ചേര്‍ത്ത് തന്റെ ജോലി കൃത്യമാലി നോക്കുന്ന ഈ ആര്‍പിഎഫുകാരി. സ്റ്റേഷനില്‍ എന്തെിങ്കിലും അരുതാത്ത് നടക്കാതിരിക്കാന്‍ ബാഗില്‍ കുഞ്ഞിനെ ഉറപ്പിച്ച്, ട്രെയിന്‍ സ്റ്റേഷനില്‍ ശ്രദ്ധാലുവായി നില്‍ക്കുകയാണ് ഈ അമ്മ. ആ അമ്മയുടെ ചൂടേറ്റു ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ ശാന്തമായ മുഖം ഹൃദയസ്പര്‍ശിയായ ഒരു കാഴ്ചയാവുകയാണ്. തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്റെ കുഞ്ഞിനുമൊരു സുരക്ഷിത ശരണം ഒരുക്കുന്ന മാതൃകയാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

സാമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ ചിത്രം പങ്കുവെച്ചത്. ''പോലീസുകാരി മാത്രമല്ല, മാതാവിന്റെ ഉത്തരവാദിത്തവും തുല്യമായി നിറവേറ്റുന്ന ഒരുജീവിതം,'' എന്ന കമന്റുകളാണ് കൂടുതലായും ഉയരുന്നത്. അമ്മമാരുടെ ത്യാഗവും അവര്‍ നേരിടുന്ന വെല്ലുവിളികളും ഉയര്‍ത്തിക്കാട്ടുന്ന പ്രതീകമായി ഈ ചിത്രം മാറിയിരിക്കുകയാണ്. മുറുകെ പിടിച്ചിരിക്കുന്ന ലാത്തിയില്‍ ജോലിയോടുള്ള ഉത്തരവാദിത്ത്വമുണ്ട്. എന്നാല്‍ മുഖത്ത് മാതൃ സ്‌നേഹത്തിന്റെ സൗമ്യമായ ചിരിയും കാണാം. ജോലിയും മാതൃത്വവും ഒരുപോലെ നിര്‍വഹിക്കുന്ന ഈ ഉദ്യേഗസ്ഥ സമൂഹത്തിന് പ്രചോദമാണെന്ന് എല്ലാവരും പറയുന്നു.



എന്നാല്‍ മാതൃ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണം എന്ന പറയുമ്പോഴും കുഞ്ഞിന് അപകടസാധ്യതയുള്ള പ്രവര്‍ത്തിയാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥയായ ഇവര്‍ അനിയന്ത്രിതമായ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുകയും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സജീവമായി ഇടപെടുകയും ചെയ്യുന്നയാളാണ്. ഇതിന്റെ ഒടുവില്‍ മാതൃത്വത്തിന്റെ അമൂല്യ ഗുണം വിളിച്ചോതുന്ന ഈ ചിത്രം, ഒരു അമ്മയുടെ കരുതലും പാരിപാല്യവും വെളിപ്പെടുത്തുന്ന അമൂല്യ നിമിഷമായി മാറിയിരിക്കുന്നു.