- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി; നാല് ഘട്ടങ്ങളായി നടപ്പാക്കും; ഉയര്‍ന്ന തൂണുകളിലൂടെയുള്ള ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ സാധിക്കും; കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി

തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി രൂപ നീക്കിവെച്ച് സംസ്ഥാന ബജറ്റ്. റീജണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയത്. ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റ് വിഹിതം അനുവദിക്കുകയും ചെയ്തു.
നാല് ഘട്ടങ്ങളിലായി അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം-തൃശ്ശൂര്‍, തൃശ്ശൂര്‍-കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍കോട് എന്നിങ്ങനെയാണ് നാല് ഘട്ടങ്ങള്‍. ഉയര്‍ന്ന തൂണുകളിലൂടെയുള്ള ഈ ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ സാധിക്കും. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മീറ്റര്‍ നീളത്തില്‍ റീജണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍.ആര്‍.ടി.എസ്) പദ്ധതിക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തത്വത്തില്‍ അംഗീകാരം നല്‍കിയത്. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ (സെമി ഹൈ സ്പീഡ്) പാതയായിരുന്നെങ്കില്‍ നിര്‍ദിഷ്ട പദ്ധതി അതിവേഗ (ഹൈ സ്പീഡ്) പാതയാണ്. സില്‍വര്‍ ലൈനിലെ കടുത്ത ജനകീയ പ്രതിഷേധം ഉള്‍ക്കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ചും പരിസ്ഥിതിയെ അധികം പരിക്കേല്‍പിക്കാതെയും തൂണുകളിലൂടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.
പദ്ധതിയില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കും. ഇതിനാവശ്യമായ കൂടിയാലോചന ആരംഭിക്കാന്‍ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചാല്‍ ധാരണ പത്രത്തില്‍ ഒപ്പുവെക്കും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങള്‍, വായ്പാസ്രോതസ്സുകള്‍ എന്നിവ സംബന്ധിച്ച അന്തിമ അനുമതിക്ക് ഗതാഗത വകുപ്പ് മന്ത്രിസഭക്ക് സമര്‍പ്പിക്കും.
160 - 180 കി.മീ വേഗം മണിക്കൂറില്‍ 160 - 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവ അതിവേഗ റെയില്‍ (ആര്‍.ആര്‍.ടി.എസ്) പദ്ധതിയെ കേരളത്തിന് അനുയോജ്യമാക്കുമെന്ന് സര്‍ക്കാര്‍. ഡല്‍ഹി - മീററ്റ് ആര്‍.ആര്‍.ടി.എസ് കോറിഡോര്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ, ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആര്‍ ആര്‍.ആര്‍.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം പൂര്‍ണമായി ഗ്രേഡ് - സെപ്പറേറ്റഡ് (തൂണുകളില്‍ കൂടി) ആയി നടപ്പിലാക്കാന്‍ കഴിയും.
അതിവേഗ റെയില്‍ പാത തൂണുകളിലൂടെ
സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും ഭൂപ്രകൃതിയും കണക്കിലെടുത്ത്, തൂണുകള്‍ വഴിയുള്ള മോഡലാണ് സ്വീകരിക്കുക. ഇതിലൂടെ ഭൂമിയേറ്റെടുക്കല്‍ ഗണ്യമായി കുറക്കാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളില്‍ ഉയര്‍ന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുറക്കാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ കൂടെയും, ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം എംബാങ്ക്‌മെന്റ്, ടണല്‍ എന്നിവയിലൂടെയും ആയിരിക്കും.
ആര്‍.ആര്‍.ടി.എസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നു. നിലവിലെ കൊച്ചി മെട്രോയുമായും, ഭാവിയില്‍ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളും ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കല്‍ സാധ്യമാകും.
പദ്ധതിച്ചെലവിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍, 20 ശതമാനം കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പ എന്ന നിലയിലാണ് ഡല്‍ഹി ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കുന്നത്. ഇതേ മാതൃകയാണ് കേരളത്തിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


