കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എങ്ങനെ വേണ്ടപ്പെട്ടവര്‍ക്ക് 'ചക്കരക്കുടമായി' മാറുന്നു എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് കേരള മീഡിയ അക്കാഡമി. അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബുവിനെ മൂന്നും നാലും വട്ടം അനുവദിച്ചത് ചട്ട വിരുദ്ധമാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) പരിശോധനാ റിപ്പോര്‍ട്ട്. നിയമലംഘനങ്ങള്‍ക്കപ്പുറം ലക്ഷങ്ങളുടെ ധൂര്‍ത്തും സാമ്പത്തിക ക്രമക്കേടുകളും അക്കാഡമിയില്‍ നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയെ വെല്ലുവിളിച്ചുള്ള നിയമനം

മീഡിയ അക്കാഡമി ഭരണഘടനയിലെ 6(3) വകുപ്പ് പ്രകാരം, ഒരു അംഗത്തിന് തുടര്‍ച്ചയായി രണ്ട് ടേമിലധികം (Consecutive Terms) ഭാരവാഹിത്വത്തില്‍ തുടരാന്‍ അവകാശമില്ല. എന്നാല്‍ ആര്‍.എസ്. ബാബുവിന്റെ കാര്യത്തില്‍ ഈ നിയമം പാടേ അവഗണിക്കപ്പെട്ടു.

ഒന്നാം ടേം: 07/09/2016

രണ്ടാം ടേം: 23/09/2019

മൂന്നാം ടേം: 26/10/2022

നാലാം ടേം: 31/10/2025 (2025-2028 കാലയളവിലേക്ക്)

തുടര്‍ച്ചയായി മൂന്നും നാലും തവണ ഒരാളെ തന്നെ ചെയര്‍മാനായി നിയമിച്ചത് ഗുരുതരമായ വീഴ്ചയായാണ് എ.ജി കണക്കാക്കുന്നത്. ഈ കാലയളവില്‍ അദ്ദേഹം കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും എടുത്ത ഭരണപരമായ തീരുമാനങ്ങളും നിയമസാധുതയില്ലാത്തതാണെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുന്നത്.




പഞ്ചനക്ഷത്ര ധൂര്‍ത്തും വകമാറ്റലും

അക്കാദമിക്ക് സ്വന്തമായി വേദികള്‍ ഉണ്ടായിരിക്കെ, പരിപാടികള്‍ക്കായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തത് അനാവശ്യ ധൂര്‍ത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുതല്‍ ഫണ്ടില്‍ നിന്നും പദ്ധതിയിതര ചെലവുകള്‍ക്കായി എടുത്ത 72 ലക്ഷം രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഗവേഷണ ആവശ്യങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക വിനിയോഗിക്കാതെ മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി.

ഹോസ്റ്റല്‍ കെട്ടിടത്തിലെ 'അദൃശ്യ' അറ്റകുറ്റപ്പണികള്‍

ഉപയോഗശൂന്യമായി കിടക്കുന്ന വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പേരില്‍ നടന്നത് ലക്ഷങ്ങളുടെ അഴിമതിയെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ ഉപേക്ഷിച്ച ശേഷവും അറ്റകുറ്റപ്പണികളുടെ പേരില്‍ 7.68 ലക്ഷം രൂപ ചെലവഴിച്ചതായി കണക്കുകള്‍ കാണിക്കുന്നു. ഇത് ഫണ്ട് തട്ടാനുള്ള മാര്‍ഗ്ഗമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.

വിദ്യാര്‍ത്ഥികളെയും ചതിച്ചു

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുനല്‍കേണ്ട കോഷന്‍ ഡെപ്പോസിറ്റ് തുകയായ 5 ലക്ഷം രൂപയോളം ഇപ്പോഴും അക്കാഡമി ഫണ്ടില്‍ കെട്ടിക്കിടക്കുകയാണ്. ഇത് തിരിച്ചുനല്‍കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് അക്കാഡമി കാട്ടിയത്.

അനധികൃത നിയമനത്തിന് പിന്നില്‍ ആര്?

ഭരണഘടന ഭേദഗതി ചെയ്യുകയോ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഇളവ് അനുവദിക്കുകയോ ചെയ്യാതെ എങ്ങനെയാണ് ആര്‍.എസ്. ബാബുവിന് നാലാം ടേം ലഭിച്ചത് എന്നതില്‍ സര്‍ക്കാരിനോട് എ.ജി വിശദീകരണം തേടിയിട്ടുണ്ട്. ഡിസംബര്‍ 2025-ല്‍ അക്കാഡമി സെക്രട്ടറി നല്‍കിയ മറുപടിയില്‍ പിശകുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ വ്യക്തത വരുത്തുമെന്നുമാണ് അറിയിച്ചിരിക്കുന്നത്