തിരുവനന്തപുരം: ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വ്യക്തിപരം മാത്രമെന്ന് പോലീസ് മേധാവിയ്ക്ക് മുമ്പില്‍ മൊഴി നല്‍കി എഡിജിപി അജിത് കുമാര്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആര്‍ എസ് എസ് നേതാവ് എ ജയകുമാര്‍ സഹകരിക്കില്ല. പോലീസില്‍ നിന്നും നോട്ടീസ് കിട്ടിയില്ലെന്നാണ് ജയകുമാര്‍ പറയുന്നത്. നോട്ടീസ് കിട്ടിയാലും പോലീസിന് ജയകുമാര്‍ മൊഴി നല്‍കില്ല.

കഴിഞ്ഞ ദിവസമാണ് എഡിജിപിയുടെ മൊഴി പോലീസ് മേധാവി രേഖപ്പെടുത്തിയത്. രഹസ്യ കൂടിക്കാഴ്ചയായിരുന്നില്ലെന്നും വ്യക്തിപരമായിരുന്നു ആ സന്ദര്‍ശനമെന്നും പോലീസ് മേധാവിയോട് എഡിജിപി വിശദീകരിച്ചു. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ളയെ കണ്ടത് തന്റെ ബാല്യകാല സുഹൃത്തായ എ ജയകുമാറിനൊപ്പമാണെന്നും വിശദീകരിച്ചു. കോവളത്ത് റാം മാധവിനെ കണ്ടതിന് പിന്നിലും പ്രത്യേക ഉദ്യേശമൊന്നുമില്ലെന്നാണ് മൊഴി. ഒരു ദേശീയ മാധ്യമത്തിന്റെ കോണ്‍ക്ലേവിനിടെയുണ്ടായ സാധാരണ കൂടിക്കാഴ്ചയെന്നാണ് അറിയിച്ചത്. മൊഴിയില്‍ പോലീസ് മേധാവി തൃപ്തനല്ലെന്നാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ച വ്യക്തിപരമെന്ന് എഡിജിപി പറയുമ്പോള്‍ അതിന് അപ്പുറത്തേക്ക് എങ്ങനെ കടക്കുമെന്നതാണ് പോലീസ് മേധാവിയെ കുഴക്കുന്നത്.

തൃശൂര്‍ പൂരം അടക്കമുള്ള വിവാദങ്ങളുമായി ഈ വിഷയത്തെ ബന്ധപ്പെടുത്തുക അസാധ്യവുമാണ്. ജയകുമാര്‍ സഹകരിക്കില്ലെന്ന നിലപാട് എടുക്കുമ്പോള്‍ തുടരന്വേഷണവും ബുദ്ധിമുട്ടിലാകും. ആര്‍ എസ് എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് കൂടി മനസ്സിലാക്കിയാണ് ജയകുമാറിന്റെ നിലപാട് എടുക്കല്‍. കഴിഞ്ഞ ദിവസമാണ് അജിത് കുമാറിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്. രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചഭക്ഷണത്തിന് ശേഷവും തുടര്‍ന്ന് രാത്രി എട്ടു മണിയോടെയാണ് അവസാനിച്ചത്.

കഴിഞ്ഞ വര്‍ഷം മെയ് 22 ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബോളയുമായും ജൂണ്‍ 23 ന് കോവളത്ത് റാം മാധവുമായാണ് അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിനോടൊപ്പം പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചും അജിത് കുമാറില്‍ നിന്ന് മൊഴിയെടുത്തു. എല്ലാ ആരോപണവും അജിത് കുമാര്‍ നിഷേധിച്ചു. ഇതിനൊപ്പം അന്‍വറിനെതിരായ ചില ആരോപണങ്ങളും പോലീസ് മേധാവിയ്ക്ക് മുമ്പില്‍ അവതരിപ്പിച്ചു. നേരത്തെ തന്റെ മൊഴിയെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്ന് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

അത്തരത്തിലാണ് രണ്ടാം വട്ടവും അജിത് കുമാറിന്റെ മൊഴി എടുത്തതെന്നാണ് സൂചന. അന്‍വറിന്റെ ആരോപണം വന്ന ശേഷം ഒരു തവണ അജിത് കുമാറിന്റെ മൊഴി ഇതിന് മുമ്പും എടുത്തിരുന്നു.