തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടു ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആർഎസ്എസിനെ താൽപ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടന്നതെന്നാണ് ആർഎസ്എസ് ദേശീയ നിർവാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാർ വെളിപ്പെടുത്തിയത്.

മറ്റു മതങ്ങളിൽ പെട്ടവരെ കാഫിർ എന്നു വിശേഷിപ്പിക്കരുതെന്ന് മുസ്ലിം മത നേതാക്കളുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടതായി ഇന്ദ്രേഷ് കുമാർ പറഞ്ഞു. ലൗ ജിഹാദ്, ഗോഹത്യ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായും അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. ജനുവരി 14ന് ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ചയിൽ പങ്കെടുത്ത നേതാവാണ് ഇന്ദ്രേഷ് കുമാർ.

ഇന്ത്യയിൽ എല്ലാവരും വിശ്വാസികളാണ്. അപ്പോൾ പിന്നെ അവരെ എങ്ങനെ കാഫിർ (അവിശ്വാസി) എന്നു വിളിക്കും? ലോകം മുഴുവൻ വിശ്വാസികളാണെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ബോംബുമായി നടക്കുന്നവരെ എങ്ങനെ മനുഷ്യരായി കാണും എന്നതാണ് ചർച്ചയിൽ ഉന്നയിച്ച മറ്റൊരു കാര്യം. അങ്ങനെയുള്ളവരെ ഭീകരർ ആയി തന്നെ കാണണം. അവരെ അപലപിക്കണം. മറ്റു മതങ്ങളെയും ബഹുമാനിക്കണം എന്ന് ചർച്ചയിൽ മുസ്ലിം സംഘടനകളോട് ആവശ്യപ്പെട്ടതായി ഇന്ദ്രേഷ് കുമാർ പറഞ്ഞു. ലൗ ജിഹാദോ മറ്റ് ഏതെങ്കിലും മാർഗത്തിലോ മതംമാറ്റ പ്രവർത്തനത്തിൽ ഏർപ്പെടരുത്. എല്ലാ മതങ്ങളെയും ആദരിക്കുകയെന്നതാണ് ഇന്ത്യൻ രീതി. ഭാരത് മാതാ കി ജയ് എന്നു പറയുന്നതിൽ ഇത്ര പ്രശ്നമെന്താണ്? മുസ്ലിം സംഘടനകൾ അതിനെ എതിർക്കുന്നത് എന്തിനാണ്? - ഇന്ദ്രേഷ് കുമാർ ചോദിച്ചു.

ഗോഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ വന്നു. പശുവിനെ കൊല്ലാം എന്ന് ഖുറാനിൽ എവിടെയും പറയുന്നില്ലെന്ന് മുസ്ലിം നേതാക്കൾ തന്നെ സമ്മതിച്ചു. പാലും നെയ്യും മനുഷ്യന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകങ്ങളാണ് എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. അതുകൊണ്ടുതന്നെ പശുമാംസം ഭക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മുസ്ലിംകൾ മറ്റു മതങ്ങളുടെ വികാരങ്ങൾ മാനിക്കണം. ഹിന്ദുക്കളെ സംബന്ധിച്ച് പശു അമ്മയെപ്പോലെയാണ്. അപ്പോൾ പിന്നെ അവരുടെ വികാരത്തെ ഹനിക്കുന്നത് എന്തിന്? - ഇന്ദ്രേഷ് കുമാർ ചോദിച്ചു.

ആർ എസ് എസുമായി ദേശീയാടിസ്ഥാനത്തിലുള്ള ചർച്ചയാണ് ജാമാഅത്തെ ഇസ്ലാമി അടക്കമുള്ളവർ ആഗ്രഹിച്ചതെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രേഷ് കുമാർ പറഞ്ഞു. ആർഎസ്എസ്സാണ് ചർച്ചക്ക് മുൻകൈ എടുത്തതെന്നും രഹസ്യ ചർച്ച അല്ലെന്നുമുള്ള ജമാഅത്തെ ഇസ്ലാമി ജന. സെക്രട്ടറിയും കേരള മുൻ അമീറുമായ ടി ആരിഫലി ഇന്നലെ പറഞ്ഞത്.

സംസ്ഥാന, ജില്ലാ തലങ്ങളിലും ഇത്തരം ചർച്ചകൾ നടക്കുമെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. കശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ മണിപ്പൂർ വരെയും രാജ്യത്തുടനീളം നൂറുകണക്കിന് സ്ഥലങ്ങളിൽ രാഷ്ട്രീയ സ്വയം സേവക് മഞ്ച് ഇത്തരം ചർച്ചകൾ നടത്തും. ഹിന്ദു- മുസ്ലിം സമുദായങ്ങളിലെ ഭിന്നത പരിഹരിക്കുകയാണ് അവരുടെ ലക്ഷ്യം. ജനുവരി 30, 31 തീയതികളിൽ ജെ എൻ യുവിൽ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലെ പ്രതിനിധികളുമായും ആർഎസ്എസ് ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബോംബുമായി നടക്കുന്നയാളെ എങ്ങനെ മനുഷ്യനെന്ന് വിളിക്കുമെന്ന വിഷയമാണ് രണ്ടാമത് ആർഎസ്എസ് ഉയർത്തിയത്. അവർ തീവ്രവാദികളും അപലപിക്കപ്പെടേണ്ടവരുമാണ്. മറ്റ് എല്ലാ മതങ്ങളെയും മുസ്ലിംകൾ ബഹുമാനിക്കണം. ലൗ ജിഹാദ് അല്ലെങ്കിൽ മറ്റേതെങ്കിലും വഴികളിലൂടെയുള്ള മതംമാറ്റ പ്രവർത്തനത്തിൽ ഇടപഴകില്ലെന്ന് മുസ്ലിംകൾ പ്രതിജ്ഞ ചെയ്യണമെന്നും ആവശ്യപ്പെട്ടു. കാശി, മഥുര മസ്ജിദ് വിഷയങ്ങൾ ചർച്ച ചെയ്തോയെന്ന് ചോദിച്ചപ്പോൾ, ആരാധനാലയങ്ങൾ പൊളിക്കുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ മറുപടി.

ജനുവരി 14ന് ന്യൂഡൽഹിയിൽ വച്ച് ചർച്ച നടന്നതായി ടി ആരിഫ് അലി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും അതിനാലാണ് ചർച്ച നടത്തിയതെന്നും ആ്രിഫ് അലി വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പു കമ്മിഷണർ എസ്വൈ ഖുറേഷി, ഡൽഹി മുൻ ലഫ്റ്റ്‌നന്റ് ഗവർണർ നജീബ് ജങ്, ഷാഹിസ് സിദ്ദിഖി, സയീദ് ഷെർവാനി എന്നിവർ 2022 ഓഗസ്റ്റിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ചർച്ച നടത്തിയതെന്നാണ് ആരിഫലി സ്ഥിരീകരിക്കുന്നത്.

ജമാമഅത്തെ ഇസ്ലാമിയുമായുള്ള ചർച്ചയ്ക്ക് ആർഎസ്എസ് നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ഖുറേഷിയാണ് ജമാഅത്തുമായി ബന്ധപ്പെട്ടത്. ചർച്ചകളിൽ സഹകരിക്കണമെന്ന് ഖുറേഷി ആവശ്യപ്പെടുകയായിരുന്നു. മറ്റു മുസ്ലിം സംഘടനകളുമായും അദ്ദേഹം സംസാരിച്ചിരുന്നു. ചർച്ചയിൽ ഇരു കൂട്ടർക്കും തുല്യ പങ്കാളിത്തം വേണമെന്ന് തുടക്കത്തിൽ തന്നെ ഞങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് കൃത്യമായ ഘടന വേണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. ചർച്ച സുതാര്യമായിരിക്കണമെന്നും നിർദ്ദേശിച്ചു. ഇരുപക്ഷത്തിനും പറയാനുള്ളത് അങ്ങോട്ടുമിങ്ങോട്ടും കേൾക്കണം. വെറുതെ ചർച്ച മാത്രമല്ലാതെ എന്തെങ്കിലും ഫലമുണ്ടാവണമെന്നും ഞങ്ങൾ പറഞ്ഞു. ഇതെല്ലാം ഖുറേഷി അംഗീകരിച്ചതോടെയാണ് ചർച്ച യാഥാർഥ്യമായത്- ആരിഫ് അലി അഭിമുഖത്തിൽ പറയുന്നു.

ജമാഅത്തെ ഇസ്ലാമി സംവാദത്തിൽ വിശ്വസിക്കുന്ന സംഘടനയാണ്. സമൂഹത്തിലെ ഏതു വിഭാഗവുമായും ഇടപെടാൻ ഞങ്ങൾക്കു മടിയില്ല. മുസ്ലിം സംഘടനകളുമായി നടത്തിയ ചർച്ചയോടെ കേന്ദ്രത്തെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ആർഎസ്എസ് തന്നെ തെളിയിച്ചു, അതാണ് സത്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെ ചർച്ചയ്ക്കിടെ ആർഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ നടക്കുന്ന ബുൾഡോസർ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചു.

അതേസമയം ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ച വിവാദമാതോടെ വാർത്ത തള്ളി ആരിഫലി രംഗത്തുവന്നിരുന്നു. ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നുവെന്ന തരത്തിൽ വരുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി വിശദീകരിച്ചത്. ആർഎസ്എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടന പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ ചർച്ച നടന്നത് ശരിയാണ്. ജംഇയ്യതുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി, ദാറുൽ ഉലൂം ദയൂബന്ദ്, അജ്മീർ ദർഗ, ചില ശിഈ സംഘടനകൾ എന്നിവയുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

ജനുവരി 14ന് നടന്ന ചർച്ചയുടെ വാർത്തയും തൽസംബന്ധമായ വിശദീകരണവുമൊക്കെ നേരത്തേ മാധ്യമങ്ങളിൽ വന്നുകഴിഞ്ഞതാണ്. ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, മുൻ എംപി ശാഹിദ് സിദ്ദീഖി, സഈദ് ശർവാനി എന്നിവരാണ് ചർച്ചക്ക് മുൻകൈയെടുത്തത്. സംഭാഷണത്തിന്റെ സ്വഭാവം സംഘടനകൾ മുൻകൂട്ടി ചർച്ചചെയ്ത് അംഗീകരിച്ചിരുന്നു. ഇന്ത്യൻ മുസ്ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ആർ.എസ്.എസിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നായിരുന്നു മുസ്ലിം സംഘടന നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം.

ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകൾക്കും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളും നടക്കണമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ കുറിച്ചും നിലപാടുകൾ സംബന്ധിച്ചും മുൻകൂട്ടി ധാരണയിലെത്തുകയും ചെയ്തു. വ്യവസ്ഥാപിതവും ഇരുവിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടതെന്നും ചർച്ച ഒരു പൊതുതീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നുപറയണമെന്നും ധാരണയായി.

രണ്ടു കാരണങ്ങൾകൊണ്ടാണ് ആർ.എസ്.എസുമായി ചർച്ചയാകാമെന്ന് മുസ്ലിം സംഘടനകൾ തീരുമാനിച്ചത്. ആർഎസ്എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആൾക്കൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. ആ വിഷയത്തിൽ ആർ.എസ്.എസിനോടു തന്നെയാണ് സംസാരിക്കേണ്ടത്. ഇന്ത്യൻ ഭരണകൂടത്തെ നിലവിൽ നിയന്ത്രിക്കുന്നത് ആർ.എസ്.എസാണ് എന്നതാണ് മറ്റൊന്ന്. മുസ്ലിംകൾ രണ്ടാംതരം പൗരന്മാരാണെന്ന മോഹൻ ഭാഗവതിന്റെ പരാമർശം, ആൾക്കൂട്ടക്കൊല, വിദ്വേഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കണമെന്ന് മുസ്ലിം സംഘടനകൾ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.

അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ച നടന്നുവെന്ന പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേർ ഒന്നിച്ചിരുന്നു നടത്തിയത് രഹസ്യ ചർച്ചയായിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കൾ മാധ്യമങ്ങളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചാരണങ്ങൾ ദുരുദ്ദേശ്യപരവും അപലപനീയവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.