പന്തളം: ടൗണിലെ ആർഎസ്എസ് കാര്യാലയം ഇന്നലെ രാത്രി അടിച്ചു തകർത്തു. ഒരാഴ്ചയായി എൻഎസ്എസ് കോളജിൽ നിലനിൽക്കുന്ന എസ്എഫ്ഐ-എബിവിപി സംഘർഷത്തിന്റെ തുടർച്ചയെന്ന് പൊലീസ്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. കാര്യാലയത്തതിന്റെ പുറത്തേ ജനാലച്ചില്ലുകളാണ് തകർത്തത്. ബൈക്കിൽ വന്ന ഒരു സംഘമാണ് ചില്ല് തകർത്തതെന്ന് സമീപവാസികൾ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് വിവരം പുറത്ത് അറിയുന്നത്.

ഗവർണർ എസ്എഫ്ഐ പോരിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസ് കോളജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം രൂക്ഷമായിരുന്നു. കഴിഞ്ഞയാഴ്ച ഗവർണർക്കെതിരേ കോളജിന് മുന്നിൽ എസ്എഫ്ഐ ബാനർ ഉയർത്തി. ഇതിന് പിന്നാലെ എബിവിപി ഗവർണറെ അനുകൂലിച്ച് എബിവിപിയും ബാനർ ഉയർത്തി. എസ്എഫ്ഐ ഉയർത്തിയ ബാനറിലെ അക്ഷരത്തെറ്റ് നിരവി ട്രോളുകൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച കോളജിൽ ക്രിസ്മസ് ആഘോഷത്തെ തുടർന്ന് എസ്എഫ്ഐ-എബിവിപി സംഘട്ടനം നടന്നു.

ചെയർമാൻ ഉൾപ്പെടെ ഏഴുപേർക്ക് പരുക്കേറ്റു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഘർഷം. എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ വൈഷ്ണവ് (20), യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായ വിവേക് (20), അനന്തു (21), യദുകൃഷണൻ (20),സൂരജ് (19),ഹരികൃഷ്ണൻ (21),അനു എസ് കുട്ടൻ (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ യദുകൃഷ്ണൻ ഭിന്നശേഷിക്കാരനാണ്.

ഇതിന്റെയൊക്കെ ബാക്കി പത്രമാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണം. കാര്യാലയം ആക്രമിക്കപ്പെടുമെന്ന് ഇന്റലിജൻസ് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ട് നൽകിയിരുന്നതാണ്്. ലോക്കൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല. സംഘപരിവാറും ഇതേ രീതിയിൽ പ്രതികരിച്ചാൽ സംഘർഷം അക്രമത്തിന് വഴിമാറാനുള്ള സാധ്യതയുമുണ്ട്. സിപിഎം-സംഘപരിവാർ സംഘർഷം പതിവായ സ്ഥലമാണ് പന്തളം.