കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. നാടകീയമായ സംഭവങ്ങള്‍ക്കിടയില്‍ അഞ്ച് ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. ബംഗാളി കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മമതയുടെ പ്രസംഗത്തിനിടെ ബഹളംവച്ച ബിജെപി എംഎല്‍എമാരെ ഉദ്യോഗസ്ഥര്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. ബഹളത്തിനിടെ ബിജെപി ചീഫ് വിപ്പ് ശങ്കര്‍ ഘോഷ് തളര്‍ന്നു വീണു. പിന്നീട് ശങ്കര്‍ ഘോഷിനെ അടക്കം അഞ്ച് എംഎല്‍എമാരെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ബംഗാളില്‍ ജനാധിപത്യം മരിച്ചെന്ന് ബി.ജെ.പി. ആരോപിച്ചു. ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ചായിരുന്നു ഭരണപക്ഷത്തിന്റെ പ്രമേയം.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് ബി.ജെ.പി. നിയമസഭാംഗങ്ങള്‍ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുഖ്യമന്ത്രി മമത ബാനര്‍ജി സഭയെ അഭിസംബോധന ചെയ്യാനായി എഴുന്നേറ്റപ്പോള്‍ ബി.ജെ.പി. എം.എല്‍.എമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭയില്‍ ക്രമക്കേടുണ്ടാക്കിയതിന് ബി.ജെ.പി. ചീഫ് വിപ്പ് ശങ്കര്‍ ഘോഷിനെ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി സസ്‌പെന്‍ഡ് ചെയ്തു. ഘോഷ് പുറത്തുപോകാന്‍ വിസമ്മതിച്ചതോടെ നിയമസഭാ മാര്‍ഷലുകള്‍ അദ്ദേഹത്തെ ബലംപ്രയോഗിച്ച് പുറത്താക്കി.

മുദ്രാവാക്യം വിളിച്ച ബി.ജെ.പി. എം.എല്‍.എ. അഗ്‌നിമിത്ര പോളിനെയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും വനിതാ മാര്‍ഷലുകളെ ഉപയോഗിച്ച് പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദേശിക്കുകയുംചെയ്തു. ബി.ജെ.പി.യുടെ മിഹിര്‍ ഗോസ്വാമി, അശോക് ദിണ്ഡ, ബാങ്കിം ഘോഷ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തിനിടെ, തങ്ങള്‍ക്കുനേരെ ഭരണപക്ഷ ബെഞ്ചുകളില്‍നിന്ന് വെള്ളക്കുപ്പികള്‍ എറിതായി ബി.ജെ.പി. ആരോപിച്ചു.

ബിജെപി സ്വേച്ഛാധിപത്യപരവും കൊളോണിയല്‍ മനോഭാവവുമുള്ളവരാണ്. ബംഗാളിനെ അവരുടെ കോളനിയാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് മമത സംസ്ഥാന നിയമസഭയില്‍ പറഞ്ഞു. ബംഗാളി ഭാഷയ്ക്കും ദരിദ്രര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരാണ് ബി.ജെ.പി.യെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ പ്രസംഗത്തില്‍ ആരോപിച്ചു. 'ബംഗാളില്‍ ഒരു ബി.ജെ.പി. എം.എല്‍.എ പോലും ഇല്ലാത്ത കാലം ഉടന്‍ വരും. ജനങ്ങള്‍ത്തന്നെ അക്കാര്യം ഉറപ്പാക്കും. ബംഗാളികള്‍ക്കെതിരെ ഭാഷാപരമായ ഭീകരത അഴിച്ചുവിടുന്ന ഒരു പാര്‍ട്ടിക്കും ബംഗാളില്‍ ഒരുകാലത്തും വിജയിക്കാന്‍ കഴിയില്ല', അവര്‍ പറഞ്ഞു.

ബംഗാളികളുടെ പീഡനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. 'ബി.ജെ.പി. വോട്ട് കൊള്ളക്കാരുടെ പാര്‍ട്ടിയാണ്. അവര്‍ അഴിമതിക്കാരും ബംഗാളികളെ പീഡിപ്പിക്കുന്നവരും വഞ്ചനയുടെ തമ്പുരാക്കന്മാരുമാണ്. ഒരു ദേശീയ അപമാനമാണ് ബി.ജെ.പി. ഞാന്‍ ബിജെപിയെ ശക്തമായി അപലപിക്കുന്നു', മമത പറഞ്ഞു. 'പാര്‍ലമെന്റില്‍ നമ്മുടെ എം.പിമാരെ ഉപദ്രവിക്കാന്‍ ബി.ജെ.പി. സി.ഐ.എസ്.എഫിനെ എങ്ങനെ ഉപയോഗിച്ചുവെന്ന് നമ്മള്‍ കണ്ടു. ബംഗാളിലും അവര്‍ക്ക് നമ്മുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്,' മുഖ്യമന്ത്രി ആരോപിച്ചു.

മമത ബാനര്‍ജിക്ക് എല്ലാം നഷ്ടപ്പെട്ടെന്നും അവര്‍ക്ക് ആസന്നമായ തോല്‍വിയെ ഭയമുണ്ടെന്നും ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ നിയമസഭയിലേത് ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനമായിരുന്നു. മമത ബാനര്‍ജിയും അവരുടെ സ്വേച്ഛാധിപത്യപരമായ സര്‍ക്കാരും വിയോജിപ്പോ ചര്‍ച്ചയോ പ്രതിപക്ഷത്തിന്റെ ശബ്ദമോ അനുവദിക്കില്ലെന്ന് ഒരിക്കല്‍ക്കൂകൂടി തെളിയിച്ചു, അദ്ദേഹം എക്‌സില്‍ കുറിച്ചു. ബി.ജെ.പി. ചീഫ് വിപ്പ് ശങ്കര്‍ ഘോഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും മാര്‍ഷലുകള്‍ അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.