- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊലീസ് ടീമിന്റെ പുതിയ മുഖം..കൃത്യതയാർന്ന പ്രകടനത്തോടെ ട്രോഫിയുമായി മടങ്ങും': ക്യാപ്റ്റന്റെ വാക്കുകൾ അച്ചട്ടായി; ചെറുതന ചുണ്ടന്റെ അമരക്കാരനെ പൊലീസ് തുഴഞ്ഞ വള്ളത്തിലുള്ളവർ തള്ളിയിട്ടു; വള്ളം മറിഞ്ഞ് അപകടവും; മാന്നാർ മഹാത്മ ജലോത്സവത്തിൽ കയ്യാങ്കളിയിലേക്ക് നയിച്ച പൊലീസ് അതിക്രമം ഇങ്ങനെ
ആലപ്പുഴ: 'വള്ളം കളി ലോകത്തെ എല്ലാവരോടും പറയാൻ ഉള്ളത് ..പൊലീസ് ടീമിന്റെ പുതിയ ഒരുമുഖമാണ്, കൃത്യതയ്യാർന്ന പ്രകടനത്തോടെ ട്രോഫിയുമായി മടങ്ങും', ഇങ്ങനെ ഒക്കെ പറയാൻ, പൊലീസ് ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റനേ കഴിയു. കാരണം കുത്തൊഴുക്കുള്ള പമ്പ ആറ്റിൽ വള്ളം കളി ഫൈനൽ മത്സരത്തിനിടെ, എതിരാളിയായ വള്ളക്കാരന്റെ അമരക്കാരനെ തള്ളിയിട്ട് കൃത്യത കാട്ടി ട്രോഫി നേടാൻ, പൊലീസുകാർക്കേ കഴിയു. അമരക്കാരനെ തള്ളിയിട്ടുവെന്ന് മാത്രമല്ല, അതിക്രമത്തിൽ ചുണ്ടൻ മറിയുകയും, നിരവധി തുഴച്ചിൽക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാന്നാർ മഹാത്മ ജലോത്സവത്തിൽ, ചെറുതന ചുണ്ടന്റെ അമരക്കാരനെയാണ് ഫൈനലിനിടെ, വെള്ളത്തിലേക്ക് തള്ളിയിട്ടത്.ഇതേതുടർന്ന് മാന്നാറിൽ തുഴച്ചിൽക്കാർ തമ്മിൽ സംഘർഷവുമുണ്ടായി. ചെറുതന നിരണം വള്ളങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്.
തള്ളിയിട്ടിട്ടാണെങ്കിലും, മാന്നാർ മഹാത്മാ ട്രോഫിയിൽ പൊലീസ് ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ ആദ്യ കിരീടം നേടി. ചെറുതനയ്ക്ക് രണ്ടാം സ്ഥാനം.
ജയിച്ചുകയറിയതുകൊണ്ട് തീർന്നില്ല കാര്യങ്ങൾ. തങ്ങളെ തള്ളിയിട്ടത് ചോദിക്കാൻചെന്ന ചെറുതന ചുണ്ടന്റെ തുഴച്ചിൽക്കാരെ, കരയിൽ വച്ച് പൊലീസുകാർ കൈകാര്യവും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ, മറ്റുവള്ളക്കാരെ തല്ലുക, തുഴയ്ക്കിട്ട് അടിക്കുക, ഇതൊക്കെയാണ് പൊലീസ് ബോട്ട് ക്ലബ്ബിന്റെ പരിപാടിയെന്നാണ് ആരോപണം. അനീതി ചോദ്യം ചെയ്താൽ, കരയിൽ നിൽക്കുന്ന പൊലീസ് കൂട്ടുകാരുടെ അടിയും ഉറപ്പ്.
കിഴക്കൻ വള്ളം വന്ന് പമ്പാനദയിൽ കുത്തൊഴുക്ക് ഉള്ളപ്പോഴാണ് പൊലീസിന്റെ അതിക്രമം. അമരക്കാരനെ വലിച്ച് ആറ്റിൽ ഇട്ടപ്പോൾ മുങ്ങിപ്പോയി. പെട്ടെന്ന് ഒഴുക്കിന് എതിരെ വള്ളം തിരിച്ചപ്പോൾ മറിഞ്ഞു. വെള്ളത്തിൽ വീണവരെ ഏറെ നേരത്തെ തിരിച്ചിലിന് ഒടുവിലാണ് രക്ഷിക്കാൻ ആയതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കുണ്ട്.
ഏതായാലും, അടുത്ത വർഷം പൊലീസ് ക്ലബ്ബിനെ വിലക്കുകയോ, ബഹിഷ്‌കരിക്കുകയോ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. നേരത്തെ ജീസസ് ബോട്ട് ക്ലബ്ബിനെ സമാന സാഹര്യത്തിൽ കൊല്ലം ജീസസ് ബോട്ട് ക്ല്ബിനെ അഞ്ചുവർഷത്തേക്ക് വിലക്കിയിരുന്നു. നെഹ്‌റു ട്രോഫിയിലും പൊലീസിന് എതിരെ സമാന പരാതി ഉയർന്നിരുന്നു.
ചെറുതന ചുണ്ടന്റെ അമരക്കാരനെ തന്നെ തള്ളിയിട്ട് അപകടം തന്നെ ക്ഷണിച്ച് വരുന്ന രീതി സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തതുകൊണ്ടാണ് എന്ന വിമർശനം ഉയർന്നിട്ടുണ്ട്. മാത്രമല്ല, വെള്ളത്തിൽ ഉണ്ടാകുന്ന തിരിച്ചടിക്ക്, കരയിൽ പ്രതികാരം തീർക്കുന്ന പൊലീസിന്റെ നടപടിയും പ്രതിഷേധത്തിന് ഇടയാക്കി.
അപ്പർകുട്ടനാട്ടിലെ ഓണാഘോഷത്തിനും വിനോദസഞ്ചാര വാരാഘോഷത്തിനും തുടക്കം കുറിച്ചാണ് 56ാം മാന്നാർ മഹാത്മാഗാന്ധി ജലോത്സവം പമ്പാനദിയിലെ കൂര്യത്തു കടവിൽ നടന്നത്. ഒരു വള്ളപ്പാട് അകലെ ചെറുതന ചുണ്ടനെ പിൻതള്ളി നിരണം ചുണ്ടൻ ജലരാജാവായി, ഫിനിഷിങ് പോയിന്റെ രണ്ടു വള്ളപ്പാടകലെ വച്ചു ചെറുതന ഗതി മാറിയതോടെയാണ് റെജി അടിവാക്കൽ ക്യാപ്റ്റനായ നിരണം തുഴഞ്ഞുകയറി ട്രോഫിയിൽ മുത്തമിട്ടത്.
വെള്ളംകുളങ്ങര മൂന്നാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡിൽ പുന്നത്ര വെങ്ങാഴി ഒന്നും ജയ് ഷോട്ട് രണ്ടും അമ്പലക്കാടവൻ മൂന്നാം സ്ഥാനവും നേടി. തെക്കൻ ഓടി വള്ളങ്ങളുടെ മത്സരത്തിൽ സാരഥിയും ദേവാസും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജലോത്സവം പ്രതിപക്ഷം നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
ആയാപറമ്പ് പാണ്ടി, ചെറുതന, വിലയ ദിവാൻജി, കരുവാറ്റ, പായിപ്പാട്, സെന്റ് പയസ്, വീയപുരം, നിരണം, ആനാരി, ജവഹർ തായങ്കരി, ഗബ്രിയേൽ എന്നീ ചുണ്ടൻ വള്ളങ്ങളും മണലി, പുന്നത്ര വെങ്ങാഴി, പട്ടേരി പുരയ്ക്കൽ, ഷോട്ട്, കോട്ടപ്പറമ്പൻ, അമ്പലക്കടവൻ, ചെത്തിക്കാടൻ എന്നീ വെപ്പ് വള്ളങ്ങളും പുന്നത്ര പുരയ്ക്കൽ തോട്ടുകടവൻ, പി.ജി.കാരിക്കുഴി എന്നീ രണ്ടാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മാമ്മൂടൻ, തോട്ടുതറ, കൊച്ചയ്യപ്പൻ, ജലറാണി, ഡായി എന്നീ ഇരുട്ടുകുത്തി വള്ളങ്ങളും ചുരുളൻ വള്ളങ്ങളുമുൾപ്പടെ നാല്പതോളം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുത്തു..
മറുനാടന് മലയാളി ബ്യൂറോ