മോസ്‌കോ: 65 യുക്രൈൻ തടവുകാരുമായി പറന്ന റഷ്യൻ വിമാനം തകർന്നു. ഐഎൽ-76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് യുക്രൈൻ അതിർത്തിപ്രദേശമായ ബീൽഗറദ് മേഖലയിൽ തകർന്നുവീണത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തടവുകാരെ കൈമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 65 പേരും കൊല്ലപ്പെട്ടതായി റഷ്യൻ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 65 പേരിൽ ആറു പേർ വിമാന ജീവനക്കാരും മൂന്നു പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ശേഷിക്കുന്ന 56 പേരും യുദ്ധത്തടവുകാരായ പിടിക്കപ്പെട്ട യുക്രെയ്ൻ സൈനികരാണെന്നാണ് വിവരം.

വിമാനം അപകടത്തിൽപ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല. സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്കു പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിനു സമീപം ഒരു വിമാനം വലിയ സ്‌ഫോടന ശബ്ദത്തോടെ താഴേക്കു പതിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സൈനിക കമ്മീഷനെ നിയോഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അട്ടിമറി സാധ്യതകൾ അടക്കം പരിശോധിക്കുന്നുണ്ട്. യുക്രൈൻ- റഷ്യ യുദ്ധം രണ്ട് വർഷം തികയാനിരിക്കേയാണ് അപകടം ഉണ്ടായിരിക്കുന്നത്. യുദ്ധം എന്നുതീരുമെന്ന ആശങ്ക അടക്കം ശക്തമായി നിലനിൽക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നിർദ്ദേശത്തോടെ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈനെതിരായ സൈനിക നീക്കം ഇന്നും തുടരുകയാണ്.

യുദ്ധം ആരംഭിച്ച് ഇതുവരെ 560ലധികം കുട്ടികൾ ഉൾപ്പെടെ 10,000 സാധാരണക്കാർ കൊല്ലപ്പെടുകയും 18,500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയിനിലെ യുഎൻ മനുഷ്യാവകാശ മിഷൻ വ്യക്തമാക്കുന്നുണ്ട്. പതിനായിരം സിവിലിയൻ മരണങ്ങൾ സംഭവിച്ചതായി യുഎന്നിന്റെ മോണിറ്ററിങ് മിഷന്റെ തലവനായ ഡാനിയേൽ ബെൽ പറഞ്ഞു.

യുദ്ധം ആരംഭിച്ച് ഇതുവരെ 25,000 യുക്രൈൻ സൈനികർ മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 30,000ലധികം സൈനികർക്ക് ജീവൻ നഷ്ടമായെന്ന് ഒരു യുക്രൈൻ സിവിക് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ യുക്രൈനിലെ മരണസംഖ്യ 70,000 കടന്നുവെന്നാണ് പറയുന്നത്. 15,000 സൈനികരെ കാണാതായി. ഇവരിൽ പലരും കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. മറുവശത്ത് ഒരു ലക്ഷത്തിലധികം സൈനികരെ റഷ്യയ്ക്ക് നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത കണക്കുണ്ട്. യുദ്ധം എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.

യുക്രൈനെ എളുപ്പത്തിൽ കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷകൾ തകരുന്നതാണ് യുദ്ധം ആരംഭിച്ചത് മുതൽ കാണാനായത്. ആദ്യഘട്ടത്തിൽ ഒന്ന് പതറിയെങ്കിലും വോളോഡിമിർ സെലൻസ്‌കിയുടെ നേതൃത്വത്തിലുള്ള യുക്രൈൻ യുദ്ധമുഖത്ത് പ്രതിരോധം തീർത്തു. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ അകമഴിഞ്ഞ സൈനിക - സാമ്പത്തിക സഹായമാണ് യുക്രൈന് സഹായമായത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) യുക്രൈന് നൽകുന്ന സാമ്പത്തിക സഹായം ചെറുതല്ല.

യുക്രൈന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങൾ യുദ്ധത്തിൽ തകർന്നുവീണു. ആൾനാശം പ്രതീക്ഷിച്ചതിലധികമായിരുന്നു. സൈനികരും സാധാരണക്കാരുമായ ആയിരങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നശിച്ചു. ബോംബാക്രമണത്തിലും ഷെൽ ആക്രമണത്തിലും സ്‌കൂളുകളും ആശുപത്രികളും തകർക്കപ്പെട്ടു. വീടുകൾ തകർക്കപ്പെട്ടു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരും നിരവധിയാണ്.

ഒന്നുകിൽ യുക്രൈനെ പൂർണമായി നിയന്ത്രണത്തിലാക്കുക അല്ലെങ്കിൽ വോളോഡിമിർ സെലൻസ്‌കിയെ പുറത്താക്കി തങ്ങൾക്ക് അനുകൂലമായ സർക്കാരിനെ യുക്രൈനിൽ പ്രതിഷ്ഠിക്കുകയായിരുന്നു റഷ്യ പദ്ധതിയിട്ടിരുന്നത്. പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപവും കരുത്തും ഈ നീക്കത്തിലൂടെ സ്വന്തമാക്കാനാകുമെന്ന് റഷ്യ കരുതി. യുദ്ധത്തിൽ വിജയിച്ചാൽ ആഗോളതലത്തിൽ റഷ്യയ്ക്ക് കരുത്താകുമെന്നും പുടിൻ വിശ്വസിച്ചു. എന്നാൽ, പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് റഷ്യൻ സൈന്യത്തിന് ലഭിച്ചത്. ലക്ഷക്കണക്കിന് സൈനികരെയാണ് വ്ലാഡിമിർ പുടിന് നഷ്ടമായത്. ലോകരാജ്യങ്ങളുടെ എതിർപ്പ് ശക്തമായതോടെ ഉപരോധമടക്കമുള്ള പ്രതിസന്ധികൾ റഷ്യയ്ക്ക് നേരിടേണ്ടിവന്നു. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ പിടിച്ചെടുത്ത പല പ്രദേശങ്ങളും റഷ്യയ്ക്ക് ഇന്ന് നഷ്ടമായി.

യുക്രൈനെ ആക്രമിക്കാനും തങ്ങളുടെ കാൽക്കിഴിലാക്കാനും റഷ്യയെ പ്രേരിപ്പിച്ചത് പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപത്തിലേക്ക് എത്തുകയെന്ന മോഹം മാത്രമായിരുന്നില്ല. അതിർത്തിയോട് ചേർന്നുള്ള രാജ്യങ്ങളിൽ പലവിധത്തിലുള്ള സ്വാധീനം ചെലുത്താൻ റഷ്യ എക്കാലത്തും ശ്രദ്ധകാണിച്ചിരുന്നു. ആ രാജ്യങ്ങളിലെ ഭരണകൂടത്തെപ്പോലും നിയന്ത്രിക്കുന്നത് റഷ്യയാണ്. എതിർക്കുന്നവരെ തങ്ങളുടെ വരുതിയിലേക്ക് എത്തിക്കുകയും ചെയ്യും. 2014ൽ യുക്രൈന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തത് ഇതിനുദ്ദാഹരണമാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് കാലമായി യുക്രൈൻ തങ്ങളുടെ സ്വാധീനവലയത്തിൽ നിന്ന് പുറത്തുകടക്കുന്നതായി റഷ്യ തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളുമായി കൂടുതലടുത്ത യുക്രൈൻ പുതിയ കാരാറുകൾ ഉൾപ്പെടെയുള്ള ബന്ധങ്ങൾ സ്ഥാപിച്ചു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നേടാൻ ശ്രമം നടത്തുകയും ചെയ്തു. ഈ സാഹചര്യങ്ങൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ നിന്നാണ് യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ റഷ്യയെ പ്രേരിപ്പിച്ചത്.