മോസ്‌കോ: റഷ്യക്കും ക്രിമിയക്കും ഇടയില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ഒരു റഷ്യന്‍ എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു. കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. റഷ്യക്കും ക്രിമിയക്കും ഇടയിലുള്ള കെര്‍ച്ച് കടലിടുക്കിലാണ് സംഭവം നടന്നത്. രണ്ട് റഷ്യന്‍ എണ്ണടാങ്കറുകളാണ് കൊടുങ്കാറ്റില്‍ പെട്ടത്. ഇവയില്‍ ഒരു എണ്ണക്കപ്പലാണ് രണ്ടായി പിളര്‍ന്നത്. രണ്ട് കപ്പലുകളിലുമായി 27 ജീവനക്കാരാണ് ഉള്ളത്. വോള്‍ഗോനെഫ്റ്റ് 212 എന്ന ടാങ്കറാണ് കൊടുങ്കാറ്റില്‍ പെട്ട് പിളര്‍ന്ന് പോയത്.

ശക്തമായ കൊടുങ്കാറ്റും ആഞ്ഞടിക്കുന്ന തിരമാലകളും കാരണം കപ്പല്‍ അതിവേഗം മുങ്ങിക്കൊണ്ടിരിക്കുകയാണ്. 4300 ടണ്‍ എണ്ണയാണ്

കപ്പലില്‍ ഉള്ളത്. അമ്പതോളം രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്ടറും രക്ഷാബോട്ടുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കപ്പലിലെ ജീവനക്കാരെ എത്രയും പെട്ടെന്ന് രക്ഷാബോട്ടുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്്. ജീവനക്കാര്‍ മണിക്കൂറുകളായി ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. പിളര്‍ന്ന് മാറിയ കപ്പലില്‍ 13 ജീവനക്കാരാണ് ഉള്ളത്.

അസംസ്‌കൃത എണ്ണ കൂടാതെ മറ്റ് പല സാധനങ്ങളും കപ്പലില്‍ ഉണ്ടെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. ഈ കപ്പലിലെ പത്ത് ജീവനക്കാരെ ഇതിനകം രക്ഷിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നാല് ജീവനക്കാര്‍ കപ്പല്‍ പിളര്‍ന്ന സമയത്ത് കടലില്‍ വീണിട്ടുണ്ട്. ഇവരെ രക്ഷിക്കാനും ശ്രമം നടക്കുകയാണ്. എന്നാല്‍ ഇവര്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ഇവരെല്ലാം തന്നെ മെക്കാനിക്കുളായി ജോലി ചെയ്തിരുന്നവരാണ്. അപകടത്തില്‍ പെട്ട രണ്ടും ചെറിയ കപ്പലുകളാണ്. രണ്ട് കപ്പലുകളിലും കൃത്യമായി

അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

ശക്തമായ തോതില്‍ തിരകള്‍ ആഞ്ഞടിച്ചപ്പോള്‍ കൃത്യമായി അറ്റകുറ്റപ്പണി പോലും നടത്താത്ത ഈ ചെറു കപ്പലുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് കപ്പലുകളിലും നാലായിരം ടണ്ണിലധികം അസംസ്‌കൃത എണ്ണ ഉണ്ടെന്നതാണ് ഏവരേയും ആശങ്കപ്പെടുത്തുന്നത്. ടാങ്കറില്‍ നിന്ന് എണ്ണ ചോരുന്നതായും സംശയമുണ്ട്. അപകടം നടന്നതിന് സമീപമുള്ള കടല്‍ വെള്ളത്തില്‍

എണ്ണയുടെ അംശം കണ്ടെത്തിയതായും സൂചനയുണ്ട്. തിരമാലകള്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് കപ്പലില്‍ ആദ്യം ഒരു വലിയ ദ്വാരം ഉണ്ടായതായും പിന്നീട് ഇതിലൂടെ വെള്ളം കയറിയതിന്റെ ഫലമായിട്ടാണ് കപ്പല്‍ പിളര്‍ന്ന് മാറിയതെന്നുമാണ് കരുതപ്പെടുന്നത്.

55 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ് ഈ കപ്പല്‍. ആദ്യം സാധാരണ എണ്ണടാങ്കര്‍ ആയിട്ടാണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ 1990 ല്‍ ഇതിനെ രൂപമാറ്റം വരുത്തി ചെറുകപ്പലാക്കി മാറ്റിയിരുന്നു. വലിയ നദികളിലും കടലിലും ഒരേ പോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന് രൂപമാറ്റം വരുത്തിയത്. കപ്പലിനെ കൃത്യം രണ്ടായി മുറിച്ച് മാറ്റിയതിന് ശേഷം കൂട്ടിയോജിപ്പിക്കുക ആയിരുന്നു അന്ന് ചെയ്തത്. എന്നാല്‍ ഇത് വളരെ ധൃതി പിടിച്ച നടപടി ആയിരുന്നു എന്നും ഇത് തന്നെയാണ് ഇപ്പോള്‍ ദുരന്തത്തിന് വഴിവെച്ചത് എന്നും വേണം

കരുതാന്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രൈന്‍ സൈന്യം ക്രിമിയ തീരത്തിലും അകെല റഷ്യയുടെ ഒരു കൂറ്റന്‍യുദ്ധക്കപ്പല്‍ തകര്‍ത്തിരുന്നു. ഇനാവോവെറ്റ്സ എന്ന ഈ കപ്പലിനെ തകര്‍ത്തതിന്റെ വിശദാംശങ്ങള്‍ യുക്രൈന്‍ പിന്നീട് പുറത്ത് വിട്ടിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുക്രൈന്‍ അന്ന് കപ്പലിനെ ആക്രമിച്ചത്. 33 നാവികര്‍ ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ റഷ്യ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിരുന്നില്ല.