- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടൻ ഹോസ്പിറ്റലുകളിലെ റഷ്യൻ സൈബർ ആക്രമണം
ലണ്ടൻ: റഷ്യൻ സൈബർ ആക്രമണം ലണ്ടൻ ഹോസ്പിറ്റലുകളെ ബാധിച്ചപ്പോൾ ചികിത്സകളും ശസ്ത്രക്രിയകളും ഒഴിവാക്കേണ്ടി വന്നവരിൽ കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചവരും ഉണ്ടെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ അത്യാവശ്യമായി ചെയ്യേണ്ടവ ഉൾപ്പടെ 200 ൽ അധികം ശസ്ത്രക്രിയകളാണ് ഈയാഴ്ച റദ്ദാക്കേണ്ടി വന്നത്. ഗൈസ് ആൻഡ് സെയിന്റ് തോമസ് ഫൗണ്ടേഷൻ ട്രസ്റ്റ്, കിങ്‌സ് കോളേജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവിടങ്ങളാണ് സൈബർ ആക്രമണത്തിന് ഇരയായത്.
ഹോസ്പിറ്റലുകൾക്ക് പാത്തോളജി സേവനങ്ങൾ നൽകുന്ന സൈനോവിസ് ആക്രമണത്തിനിരയായതോടെ തെക്കൻ ലണ്ടനിലെ എൻ എച്ച് എസ്സ് സർവ്വീസ് ഗുരുതരമായ വിധത്തിൽ താറുമാറായതായി റിപ്പോർട്ടിൽ പറയുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റഷ്യൻ സൈബർ ക്രിമിനൽ ഹാക്കേഴ്സ്, സൈനോവിസ് സിസ്റ്റത്തെ ഹാക്ക് ചെയ്തത്. ഈ സംവിധാനം ഇനിയും പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല എന്ന് മാത്രമല്ല, ഇത് പൂർവ്വ സ്ഥിതിയിലാക്കാൻ എത്ര നാൾ കൂടി വേണ്ടിവരും എന്നതിലും വ്യക്തതയില്ല.
സൈനോവിസ് പൂർവ്വസ്ഥിതിയിലാകാൻ ഇനിയും ഏറെ ദിവസങ്ങൾ എടുത്താൽ വൻ ദുരന്തങ്ങളായിരിക്കും സംഭവിക്കുക എന്ന ഭീതിയിലാണ് ആരോഗ്യ രംഗത്തെ പ്രമുഖർ. പ്രതിദിനം പതിനായിരക്കണക്കിന് ടെസ്റ്റുകളായിരുന്നു സൈനോവിസ് നടത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ സിസ്റ്റത്തിലേക്ക് ആക്സസ് നഷ്ടപ്പെട്ടതിനാൽ പരിശോധനകൾ ഒന്നും തന്നെ നടക്കുന്നില്ല. ജി എസ് ടി ടി ക്കും കിങ്‌സ് കോളേജിനുമൊപ്പം തെക്കൻ ലണ്ടനിലെ മെന്റൽ ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി കെയർ സേവനദാതാവായ മൗഡ്സ്ലി എൻ എച്ച് എസ് ട്രസ്റ്റിനെയും ഈ ആക്രമണം ബാധിച്ചതായി ഇന്നലെ സ്ഥിരീകരണം ഉണ്ടായി.
സൈനോവിസ്, ലണ്ടനു പുറത്തുള്ള മറ്റ് ആശുപത്രികൾക്കും ചില സേവനങ്ങൾ നൽകുന്നതിനാൽ, ഈ ആക്രമണത്തിന്റെ പ്രത്യാഘാതം ലണ്ടൻ നഗര പരിധിക്കുള്ളിൽ മാത്രമായി ഒതുങ്ങിയെന്ന് വരില്ല. നേരത്തെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളിലും ചികിത്സകളിലും മൂന്നിലൊന്നിലധികം ഈ പ്രശ്നത്താൽ റദ്ദാക്കപ്പെട്ടു എന്നാണ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 3000 ഓളം ശസ്ത്രക്രിയേതര ചികിത്സകളും ഉൾപ്പെടും. മാത്രമല്ല, അടിയന്തിര കാൻസർ പരിശോധനകൾക്കായി റഫർ ചെയ്യപ്പെട്ട നിരവധി പേരും പരിശോധനകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ്.
സിസേറിയൻ ശസ്ത്രക്രിയകളും അതുപോലെ അടിയന്തിര അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും മാറ്റിവെച്ചവയിൽ ഉണ്ടെന്ന് ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. രക്ത പരിശോധന നടക്കില്ലെന്നതിനാൽ, ശസ്ത്രക്രിയക്കിടയിൽ രക്തം ആവശ്യമായി വന്നാൽ അത് നൽകാൻ ആകില്ല എന്നതാണ് പ്രധാന പ്രതിസന്ധി. അതിനൊപ്പം രാജ്യത്ത് ഒ പോസിറ്റീവ് , ഒ നെഗറ്റീവ് രക്ത ഗ്രൂപ്പുകൾ നേരിടുന്ന ക്ഷാമവും ഒരു പ്രശ്നമാകുന്നുണ്ട്. നിരവധി പ്രമുഖ ആശുപത്രികൾക്ക്, പത്തോളജി സേവനങ്ങൾക്കായി ഐ ടി പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുന്നത് സൈനോവിസ് ആണ്. അതിനൊപ്പം ലണ്ടനിലെ മിക്ക ബറോകളിലും ഇവർ ജി പി സേവനവും പ്രദാനം ചെയ്യുന്നു.
റഷ്യൻ സൈബർ ക്രിമിനൽ സംഘമായ ക്വിലിൻ നടത്തിയത് എന്ന് അനുമാനിക്കുന്ന ഈ ആക്രമണം തലസ്ഥാനത്തെ ജി പി സേവനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സിസ്റ്റത്തിലേക്ക് ആക്സസ് തുടർന്ന് നൽകുന്നതിനായി പ്രതിഫലം ചോദിച്ചുകൊണ്ടുള്ള സന്ദേശം സൈനൊവിസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ സിസ്റ്റത്തിൽ ഉള്ള രോഗികളുടെ ഡാറ്റയിലേക് ക്രിമിനൗകൾക്ക് ആക്സസ് ലഭിച്ചുവോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.