തിരുവനന്തപുരം: ഏഷ്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂൾ എന്ന അഭിമാനകരമായ നേട്ടത്തിന് അർഹമായ വഴുതക്കാട് ഗവ.കോട്ടൺഹിൽ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ വിദ്യാർത്ഥി പഠിക്കാൻ എത്തുന്നു. അടുത്ത അധ്യായന വർഷം മുതൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാകാൻ റഷ്യയിൽ നിന്നുള്ള ഓൾഗയാണ് ഒൻപതാം ക്ലാസിലേക്ക് പ്രവേശനം നേടിയത്.

ടെക്‌നോപാർക്കിൽ ട്രാൻസ്ലേറ്ററായി ജോലി നോക്കുന്ന റഷ്യൻ സ്വദേശി യൂലിയയുടെ മകളായ ഓൾഗ ഒൻപതാം ക്ലാസിലേക്കാണ് പ്രവേശനം നേടി എത്തുന്നത്. കഴിഞ്ഞ നാലു വർഷത്തോളമായി ജോലിയുമായി ബന്ധപ്പെട്ട് ഇവർ കേരളത്തിലുണ്ട്. റഷ്യൻ സിലബസിൽ ഓൺലൈനായിട്ട് പഠനം തുടർന്നെങ്കിലും പിന്നീട് വിദ്യാഭ്യാസം കേരളത്തിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. വർക്കലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ നേരത്തെ പ്രവേശനം നേടിയിരുന്നു. അവിടെ നിന്നും മലയാളവും പഠിച്ചു തുടങ്ങുകയും ചെയ്തിരുന്നു.

കേരളത്തിൽ സ്ഥിര താമസമാക്കാൻ തീരുമാനിച്ചതോടെയാണു മകളെ കേരളത്തിലെ സിലബസിൽ സ്‌കൂളിൽ ചേർത്തു പഠിപ്പിക്കാൻ യൂലിയ തീരുമാനിച്ചത്. 'വലിയ സൗകര്യങ്ങളോ സിലബസോ ഒന്നുമല്ല, സ്‌കൂൾ അന്തരീക്ഷമാണ് പ്രധാനമായും നോക്കിയതെന്ന് യൂലിയ പറയുന്നു.

സമൂഹത്തിന്റെ വിവിധ തട്ടിലുള്ള കുട്ടികൾ ഒരുമിച്ചു പഠിക്കുന്ന കോട്ടൺഹിൽ പോലൊരു സർക്കാർ സ്‌കൂളായിരിക്കും മകളുടെ പഠനത്തിനും പാഠ്യേതര മികവിനും അനുയോജ്യമെന്ന് അവിടെ പോയപ്പോൾ മനസ്സിലാക്കിയതായി യൂലിയ കൂട്ടിച്ചേർത്തു.

കോട്ടൺ ഹിൽ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ ഇംഗ്ലിഷ് മീഡിയത്തിലാണ് പ്രവേശനം നേടിയിരിക്കുന്നത്. സ്‌പെഷൽ ഇംഗ്ലിഷ്, ജനറൽ നോളജ് എന്നിവ ഓപ്ഷനൽ വിഷയമായി പഠിക്കാൻ അവസരമുണ്ടെങ്കിലും പത്താം ക്ലാസിൽ പൊതു പരീക്ഷയ്ക്ക് ഈ വിഷയങ്ങളില്ലാത്തതിനാൽ മലയാളമുൾപ്പെടെയുള്ള ഒന്നാം ഭാഷയും ഹിന്ദിയും ഓർഗയ്ക്ക് പഠിക്കേണ്ടി വരും. പുതിയ ഭാഷകൾ വഴങ്ങാൻ ബുദ്ധിമുട്ടാണെങ്കിലും പഠിച്ചെടുക്കാനാണ് ഓൾഗയുടെ തീരുമാനം.

സ്‌കൂളിന്റെ ചരിത്രപരമായ പശ്ചാത്തലത്തിന് ഒപ്പം വിദേശ വിദ്യാർത്ഥി പഠനത്തിനായി എത്തുന്നു എന്നത് സ്‌കൂൾ അധികൃതർക്കും അഭിമാനകരമായ നിമിഷങ്ങളാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാളാണ് 1835ൽ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി തിരുവനന്തപുരത്ത് ഒരു സൗജന്യ പെൺപള്ളിക്കുടം സ്ഥാപിച്ചത്.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു മഹാരാജാവ് പ്രസ്തുത സ്‌കൂൾ രാജ്യ തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. അന്ന് തിരുവനന്തപുരം പാളയത്ത് ഇന്നത്തെ സംസ്‌കൃത കോളേജ് സ്ഥിതി ചെയ്തിരുന്നിടത്താണ് സ്‌കൂൾ നിലനിന്നിരുന്നത്. ഭദ മഹാരാജാ ഫ്രീന്ത എന്ന പേരിലാണ് അന്ന് സ്‌കൂൾ അറിയപ്പെട്ടതും.

തുടർന്ന് തിരുവിതാംകൂർ ദിറവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഈ സ്‌കൂളിനെ മൂന്നായി തിരിച്ച് മൂന്നിടങ്ങളിൽ സ്ഥാപിച്ചു. പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിലാണ് സ്‌കൂളുകൾ മാറ്റിസ്ഥാപിച്ചത്. ഇതിൽ പരുത്തിക്കുന്ന് എന്ന സ്ഥലത്തു പറിച്ചുനട്ട സ്‌കൂളാണ് പിൽക്കാലത്ത് കോട്ടൺഹിൽ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.