ഗുരുഗ്രാം: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ സൈനികരെ പ്രശംസിച്ച് ഗുരുഗ്രാമില്‍ സ്ഥിരതാമസമാക്കിയ റഷ്യന്‍ യുവതി നടത്തിയ പ്രതികരണത്തിന്റെ ഹൃദയഹാരിയായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഇന്ത്യ സ്വന്തം വീടാണെന്നാണ് യുവതി വിഡിയോയില്‍ പറയുന്നു. രാജ്യത്തെ സംരക്ഷിച്ചതിന് ഇന്ത്യന്‍ ആര്‍മിയോട് നന്ദിയുണ്ടെന്നും യുവതി പറയുന്നുണ്ട്. ഗുരുഗ്രാമില്‍ സ്ഥിരതാമസമാക്കിയ റഷ്യന്‍ യുവതി പൊളൈന അഗര്‍വാളാണ് വിഡിയോ പങ്കുവച്ചത്.

രാജ്യത്തെ ജനങ്ങളെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള സൈനികരുടെ ധീരതയ്ക്കും അചഞ്ചലമായ സമര്‍പ്പണത്തിനും പോളിന ഇന്ത്യന്‍ സൈനീകരെ തന്റെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ പ്രശംസിച്ചു. 'എന്റെ റഷ്യക്കാരിയായ മുത്തശ്ശി വാര്‍ത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു ഏത് വീട്. ഞാനിപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്.' വീഡിയോയുടെ തുടക്കത്തില്‍ പോളിന പറയുന്നു.

'രാത്രി സമാധാനമായി ഉറങ്ങാന്‍ ഞങ്ങളെ സഹായിച്ച ഓരോ ഇന്ത്യന്‍ സൈനികനോടും കടപ്പെട്ടിരിക്കുന്നു.' എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. മാധ്യമങ്ങളിലൂടെ സംഘര്‍ഷത്തിന്റെ വാര്‍ത്ത കേട്ട മുത്തശ്ശി റഷ്യയിലെ വീട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടെന്നും പൊളൈന പറയുന്നു. 'ഏത് വീടെന്ന് ഞാന്‍ ചോദിച്ചു. ഇന്ത്യയിലെ ഗുരുഗ്രാമിലാണ് ഇപ്പോള്‍ എന്റെ വീടെന്ന് മുത്തശ്ശിയോട് പറഞ്ഞു.' പൊളൈന കൂട്ടിച്ചേര്‍ത്തു.

'റഷ്യ നല്‍കിയ നൂതന സാങ്കേതികവിദ്യയുള്ള ആയുധങ്ങള്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തിലുണ്ട്. ഡ്രോണുകള്‍, ജെറ്റുകള്‍, വിമാനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ഇവയ്ക്ക് സാധിക്കും.' പൊളൈന പറഞ്ഞു. ജീവന്‍ പണയം വച്ച് സംരക്ഷണമേര്‍പ്പെടുത്തിയ ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിക്കാനും പൊളൈന മറന്നില്ല.

'ഇന്ത്യന്‍ സൈനികരുടെ ആത്മസമര്‍പ്പണവും ഹൃദയവിശാലതയും കാരണമാണ് രാത്രിയില്‍ ഞങ്ങള്‍ക്കു സമാധാനമായി ഉറങ്ങാന്‍ സാധിച്ചത്. അവരുടെ ജീവനു ഭീഷണിയുണ്ടായിട്ടും അവര്‍ ഞങ്ങളുടെ ജീവന്‍ സംരക്ഷിച്ചു. എന്താണ് യഥാര്‍ഥത്തില്‍ അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കിപ്പോഴും അറിയില്ല. അവരോട് ഞാന്‍ അത്യന്തം കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ എനിക്ക് സമാധാനമുള്ള വീടാണെന്ന് ഞാന്‍ പറയും.' പൊളൈന വ്യക്തമാക്കി.

സാങ്കേതിക വിദ്യയും ഇന്ത്യന്‍ സൈന്യത്തിന്റെ സന്നദ്ധതയും അതിനേക്കാളൊക്കെ പ്രധാനമായി ഇന്ത്യന്‍ സൈനികരുടെ നിസ്വാര്‍ത്ഥയേയും പോളിന പ്രശംസിച്ചു. 'ഇന്ത്യന്‍ സൈനികര്‍ക്ക് വളരെയധികം സമര്‍പ്പണവും വിശാല ഹൃദയവുമുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് രാത്രിയില്‍ സമാധാനമായി ഉറങ്ങാന്‍ കഴിയും. അവര്‍ അവരുടെ ജീവന്‍ പണയപ്പെടുത്തുന്നു, അതിനാല്‍ ഞങ്ങള്‍ മുമ്പ് ജീവിച്ചിരുന്ന അതേ ജീവിതം നയിക്കുന്നു. എന്തെങ്കിലും സംഭവിക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല.' വീഡിയോയ്ക്ക് ഒടുവില്‍ പോളിന ഇങ്ങനെ കൂട്ടിച്ചേര്‍ത്തു,

സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. 'ഞാന്‍ അവരോട് വളരെ നന്ദിയുള്ളവളാണ്. ഇന്ത്യയെ എന്റെ സമാധാനപരമായ വീട് എന്ന് വിളിക്കാന്‍ കഴിയുന്ന തരത്തില്‍ ഞാന്‍ അവരോട് വളരെ നന്ദിയുള്ളവനാണ്'. പോളിന പറയുന്നു. പോളിനയുടെ വീഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പോളിനയോട് നന്ദി പറഞ്ഞു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈന്യം കാവലുണ്ടെന്നും സമാധാനമായി ഇരിക്കാനും എഴുതി.


വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. 'വളരെ മനോഹരമായി പറഞ്ഞു. നമ്മളെ എല്ലാദിവസവും സംരക്ഷിക്കുന്ന സൈനികരുടെ ധൈര്യവും ആത്മസമര്‍പ്പണവും വളരെ വലുതാണ്. എസ്400, ആകാശ് പോലെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ നമ്മുടെ കരുത്താണ്. നമ്മുടെ സൈനികര്‍ക്കിരിക്കട്ടെ സല്യൂട്ട്.' എന്നാണ് വിഡിയോയ്ക്കു താഴെ ചിലര്‍ കമന്റ് ചെയ്തത്. 'എത്ര മനോഹരവും ശക്തവുമായ സന്ദേശം. എക്കാലവും ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് റഷ്യ.' എന്നിങ്ങനെയും ചില കമന്റുകള്‍ എത്തി.