കൊച്ചി: എഴുത്തുകാർ ബുദ്ധിജീവികളാണെന്ന അഭിപ്രായമില്ലെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. എഴുത്തുകാർ ശരാശരി ബുദ്ധിമാത്രമുള്ളവരാണ്. ഭൂമിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും എഴുത്തുകാർ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശ്നം മുതൽ കെ റെയിൽ വരെയുള്ള എല്ലാ വിഷയങ്ങളിലും എഴുത്തുകാർ അഭിപ്രായം പറയേണ്ടതില്ല. ഈ വിഷയങ്ങളിൽ എഴുത്തുകാർക്ക് അറിവുണ്ടാകണമെന്നില്ല. എഴുത്തുകാർ ബുദ്ധിജീവികളാണെന്ന എന്ന ചിന്ത തെറ്റാണ്. ശരാശരി ബുദ്ധിയുള്ളവർ മാത്രമാണ് എഴുത്തുകാർ. യഥാർത്ഥ ബുദ്ധിജീവികൾ ശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരുമാണ്.- ഹരീഷ് പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിലാണ് ഹരീഷിന്റെ പ്രതികരണം.

സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും പ്രധാന്യം കൊടുക്കുന്ന സമൂഹമായതിനാലാകാം കേരളത്തിൽ എഴുത്തുകാർക്ക് പ്രാധാന്യം ലഭിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ എഴുത്തുകാരുടെ അഭിപ്രായത്തിന് ആരും വിലവെക്കുന്നില്ല. എഴുത്തുകാരുടെ നിലവാരം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

സാഹിത്യത്തിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കേണ്ടതില്ലെന്നാണ് ഹരീഷ് പറയുന്നത്. ഒരു കഥാപാത്രം പറഞ്ഞതുവെച്ച് ഒരു സാഹിത്യ സൃഷ്ടിയുടെ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റിക്കൽ കറക്റ്റ്നസിന് പ്രാധാന്യമുണ്ട്. സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രയോഗങ്ങൾ ഒഴിവാക്കുന്നതിൽ എഴുത്തുകാർ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. ആ രീതിയിൽ അത് നല്ലതാണ്. പക്ഷേ സ്ത്രീവിരുദ്ധരും ദളിത് വിരുദ്ധരും മുസ്ലിം വിരുദ്ധരും ഉൾപ്പെട്ടതാണ് നമ്മുടെ സമൂഹം. അങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ എഴുത്തുകാർക്ക് പൊളിറ്റിക്കലി ഇൻകറക്റ്റായ സംഭാഷണങ്ങൾ കൂടി എഴുതേണ്ടതായി വരും. - ഹരീഷ് പറഞ്ഞു.

ഇന്ത്യക്കാർക്കിടയിൽ ഇപ്പോൾ അസഹിഷ്ണുത വർധിക്കുകയാണെന്നും ഹരീഷ്. ബാബറി മസ്ജിദ് സംഭവത്തിനു ശേഷമാണ് സമൂഹത്തിൽ കൂടുതൽ വർഗീയതയുണ്ടായത്. ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയത്. പിന്നാട് മുസ്ലിം, ക്രിസ്ത്യൻ മതത്തിലേക്ക് പടർന്നു. പ്രായമായവരിലും മധ്യവയസ്‌കരിലുമാണ് കൂടുതൽ വർഗീയത കാണുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. പുതുതലമുറയുടെ ചിന്താഗതി മതേതരമാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയില്ലെന്നും ശബരിമല പോലൊരു വിഷയം കത്തിച്ചിട്ടു പോലും കേവലം 15 ശതമാനത്തിൽ താഴെ വോട്ടേ അവർക്ക് കിട്ടിയുള്ളൂ. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആരാധനാലയമാണ് ശബരിമല. പണ്ട് ബിജെപിക്ക് മുമ്പ് ഹിന്ദു മുന്നണിയുണ്ടായിരുന്നപ്പോൾ അവർക്ക് പിന്തുണ കിട്ടിയിട്ടുള്ളത് ശബരിമല വിഷയത്തിലാണ്. അതിനു ശേഷം വീണ്ടും അതേ പ്രശ്നം പറഞ്ഞിട്ട് ഇത്രയും വോട്ടേ സമാഹരിക്കാൻ പറ്റിയുള്ളൂ. ഉള്ള സീറ്റ് പോവുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

ബിജെപിയെ അനുകൂലിക്കാൻ കൂടുതൽ ക്രൈസ്തവരുടെ അംഗീകാരത്തിനായി കാത്തുനിൽക്കുന്ന മതേതരമുഖമുള്ള കുറെ ഹിന്ദുക്കൾ ഉണ്ടല്ലോ, അതുണ്ടായാൽ ഉടനെ അവർങ്ങോട്ട് മാറുമെന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാരണം, കഴിഞ്ഞതവണ ലഭിച്ചത് ബിജെപിക്ക് കിട്ടാവുന്ന പരമാവധി വോട്ടാണെന്നും ശബരിമല വിഷയം കത്തിച്ചിട്ടു പോലും 15 ശതമാനത്തിൽ താഴെ വോട്ടല്ലേ അവർക്കു കിട്ടിയിള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വാജ്പേയി വന്നാണ് ഒരു മിതവാദത്തിലൂടെ ബിജെപിയെ രക്ഷിച്ചത്. അതുകഴിഞ്ഞ് മോദി ഇങ്ങനെ ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്ന് ഞാൻ വിചാരിച്ചില്ല. കാരണം കേരളത്തിൽ നിന്നുകൊണ്ട് ഇന്ത്യയെ കണ്ടതിന്റെ പ്രശ്നമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2019ൽ വീണ്ടും മോദി അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം മലയാളികളും വിചാരിച്ചിരുന്നു. കേരളത്തിൽ 19 സീറ്റുകളിൽ കോൺഗ്രസിനെ വിജയിപ്പിച്ചത് എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിക്കോട്ടെ എന്നോർത്താണ്. അല്ലാതെ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വിചാരിച്ചല്ല.

അതേസമയം, ക്രിസ്ത്യൻ മതവിശ്വാസികളായ എത്ര പേരെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് അടർത്തിയെടുക്കാൻ അവർക്ക് പറ്റിയിട്ടുണ്ടെന്നും ഹരീഷ് ചോദിച്ചു. ജോണി നെല്ലൂരിനെ പോലയുള്ള കുറച്ചുപേരല്ലേയുള്ളൂ. അല്ലാതെ മലയാളികൾ ഗൗരവത്തിൽ കാണുന്ന എത്ര പേരെ അങ്ങോട്ട് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കുറവല്ലേ?. കുറച്ച് ഉദ്യോഗസ്ഥരൊക്കെ പോയിട്ടുണ്ട്. അല്ലാതെ ആരാണ് ധൈര്യപൂർവം അവരുടെ കൂടെ പോവാൻ തയാറാവുന്നതാണെന്നും ഹരീഷ് പറഞ്ഞു.