ഇടുക്കി: പിവി അന്‍വറിനൊപ്പം ഇടുക്കിയിലെ എസ് രാജേന്ദ്രന്‍ പോകുമെന്ന പ്രചരണം പച്ചക്കള്ളമോ? എസ് രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നത് തള്ളാതെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് പ്രതികരിക്കുമ്പോള്‍ വീണ്ടും രാജേന്ദ്രന്‍ ചര്‍ച്ചകളിലെത്തുകയാണ്. രാജേന്ദ്രന്‍ പാര്‍ട്ടിയെയും പാര്‍ട്ടി രാജേന്ദ്രനെയും തള്ളി പറഞ്ഞിട്ടില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്ന കാര്യം രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും സി.വി. വര്‍ഗീസ് പറഞ്ഞു.

രാജേന്ദ്രന്‍ പാര്‍ട്ടിയെ തള്ളി പറയാത്തത് പാര്‍ട്ടിയോട് താല്‍പര്യമുള്ളതുകൊണ്ടെന്നാണ് വര്‍ഗീസ് പറയുന്നത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുക എന്നത് രാജേന്ദ്രന്‍ ചെയ്യേണ്ടതാണെന്നും അംഗത്വം പുതുക്കിയാലേ ചുമതലയും ഘടകവും തീരുമാനിക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. പൊതുപരിപാടിയില്‍ മുന്‍ എംല്‍എ എന്ന നിലയില്‍ എകെ മണിയുടെ പേര് വച്ചാല്‍ എസ് രാജേന്ദ്രന്റെ പേരും വെക്കണം. അത് പ്രോട്ടോക്കോളാണ്. പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന്റെ പേരില്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ല. അതില്‍ പരാതി നല്‍കേണ്ടത് രാജേന്ദ്രനാണെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് കാരണമായവര്‍ ഇപ്പോഴും നേതൃസ്ഥാനത്തുണ്ടെന്നും അവര്‍ അവിടെ ഇരിക്കുന്നിടത്തോളം ഭീതിയോടെ കഴിയേണ്ടിവരുമെന്നും എസ്.രാജേന്ദ്രന്‍ പ്രതികരിച്ചു.

കുറച്ചു ദിവസം മുമ്പ് പി.വി.അന്‍വര്‍ എം.എല്‍.എ.യുമായി കൂടിക്കാഴ്ച നടത്തിയതായി സി.പി.എമ്മില്‍നിന്ന് സസ്‌പെന്‍ഡുചെയ്യപ്പെട്ട മുന്‍ എം.എല്‍.എ. എസ്.രാജേന്ദ്രന്‍ സമ്മതിച്ചിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെ നാലുവര്‍ഷമായി തന്നെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്‍വറുമായുള്ള കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. യാത്രയ്ക്കിടയില്‍ കട്ടപ്പനയില്‍വെച്ചാണ് അദ്ദേഹവുമായി സംസാരിച്ചത്. വന്യമൃഗശല്യം തടയണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ നടത്തുന്ന ജനകീയയാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പാണുള്ളത്. സമരം തികച്ചും ന്യായമാണ്. അന്‍വറുമായി സംസാരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന് അര്‍ഥമില്ല. അന്‍വര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ല. അതുകൊണ്ട് താന്‍ പാര്‍ട്ടിക്ക് എതിരാണെന്ന് അര്‍ഥമില്ല. രണ്ട് നീതി പാര്‍ട്ടിയില്‍ പാടില്ല. സംസ്ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയും ഇത്തരത്തില്‍ നിലപാട് എടുത്തുവെന്ന് കരുതുന്നില്ല. താന്‍ ജില്ലാ കമ്മിറ്റി അംഗവും എം.എല്‍.എ.യും ആയിരുന്ന സമയത്ത് ചില നേതാക്കള്‍ക്കെതിരേ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ നാലുവര്‍ഷമായി തന്നെ ഒഴിവാക്കുകയാണ്. മുന്‍ എം.എല്‍.എ. എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ.മണിയെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നുണ്ട്. ചില നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി തന്നെ ഒഴിവാക്കുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

ഇടുക്കിയില്‍ നിര്‍ണ്ണായക നീക്കവുമായി പി വി അന്‍വര്‍ എംഎല്‍എ എന്ന തരത്തിലായിരുന്നു കഴിഞ്ഞ ആഴ്ച വാര്‍ത്ത എത്തിയത്. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയെന്നും ഇടതുവിമതരെ ഒപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യ്ക്ക് ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മിറ്റി രൂപീകരിച്ചുവെന്നും വാര്‍ത്ത വന്നു. തൊടുപുഴയിലും കട്ടപ്പനയിലും അന്‍വര്‍ പങ്കെടുത്ത യോഗങ്ങള്‍ ചേര്‍ന്നു. സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപി പ്രവേശനം പൂര്‍ണ്ണമായും തള്ളാതെയാണ് നേരത്തെ പ്രതികരിച്ചത്.

ഇതിനിടെയാണ് പി വി അന്‍വറുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത. ഇതോടെയാണ് രാജേന്ദ്രനെ വീട്ടും അടുപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്.