പാലക്കാട്: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ഇടതുകോട്ടയായ മലമ്പുഴയില്‍ വിസ്മയ നീക്കത്തിന് യു.ഡി.എഫ് ഒരുങ്ങുന്നു. സി.പി.എം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എസ്. സുരേഷിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അണിയറ നീക്കം.

യു.ഡി.എഫ് സ്വതന്ത്രനായി സുരേഷ് കളത്തിലിറങ്ങുന്നതോടെ ജില്ലയിലെ ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സുരേഷ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് സൂചന. പാലക്കാട്ടും സുരേഷിനെ പരിഗണിച്ചേക്കും.

വി.എസ്. അച്യൂതാനന്ദന്റെ നിഴലായി നടന്നിരുന്ന സുരേഷിനെ മലമ്പുഴയില്‍ രംഗത്തിറക്കുന്നതിലൂടെ വി.എസ് അനുകൂലികളുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പിക്കാമെന്ന് യു.ഡി.എഫ് കരുതുന്നു. വര്‍ഷങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്ന മലമ്പുഴയില്‍ ബി.ജെ.പിക്കും ശക്തമായ സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ കോട്ട തകര്‍ക്കാന്‍ അവരുടെ തന്നെ മുന്‍ തന്ത്രശാലിയെ കളത്തിലിറക്കുക എന്ന 'ഷോക്ക് ട്രീറ്റ്മെന്റ്' ആണ് യു.ഡി.എഫ് പയറ്റുന്നത്.

വി.എസ്. അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ് സുരേഷിനെ സി.പി.എം പുറത്താക്കിയത്. അന്ന് മുതല്‍ പാര്‍ട്ടിയ്ക്ക് പുറത്തുള്ള സുരേഷിനെ തിരിച്ചെടുക്കാന്‍ പലവട്ടം ശ്രമങ്ങള്‍ നടന്നെങ്കിലും ഔദ്യോഗിക പക്ഷം അതിനെ ശക്തമായി എതിര്‍ത്തു. ഈ നീറ്റലാണ് ഇപ്പോള്‍ സി.പി.എമ്മിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ സുരേഷും കോണ്‍ഗ്രസും ഒരുങ്ങുന്നത്.

ഇടതുകോട്ടയായ മലമ്പുഴയില്‍ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടാല്‍ അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നീക്കങ്ങളില്‍ ഒന്നായി മാറും. സി.പി.എമ്മിന്റെ ഉള്ളുകള്ളികള്‍ അറിയാവുന്ന ഒരാള്‍ തന്നെ പോര്‍ക്കളത്തിലിറങ്ങുന്നത് പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. വിഎസ് മത്സരിച്ചു ജയിച്ച മലമ്പുഴയെ സുരേഷിനും അടുത്തറിയാം.