മൂവാറ്റുപുഴ: എങ്ങനേയും ശബരി റെയിൽ യാഥാർത്ഥ്യമാക്കാൻ പിണറായി സർക്കാർ. ശബരി പാതയ്ക്കായി റെയിൽവേ ബോർഡിന്റെ നിർദ്ദേശം അനുസരിച്ചു എസ്റ്റിമേറ്റ് പുതുക്കി നൽകുന്നതു ജില്ലയുടെ കിഴക്കൻ മേഖയ്ക്കു വീണ്ടും പ്രതീക്ഷ പകരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നിരീക്ഷിക്കുന്ന പ്രോ ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെൻേറഷൻ പദ്ധതിയിൽ (പ്രഗതി) ശബരി റെയിൽപാത നിർമ്മാണം 5 വർഷം മുൻപ് ഉൾപ്പെടുത്തിയിരുന്നു. പദ്ധതി ചെലവിൽ 50% സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിലപാട് സംസ്ഥാനം അംഗീകരിച്ചില്ല. ഇതോടെ ശബരി റെയിൽ പ്രതിസന്ധിയിലായി. എന്നാൽ കേരളം നിലപാടു മാറ്റി.

പകുതി ചെലവു വഹിക്കാമെന്ന സംസ്ഥാന നിലപാട് പദ്ധതിക്കു ഗുണം ചെയ്യും. അങ്കമാലി-എരുമേലി-പുനലൂർ പാതയിൽ 20 റെയിൽവേ സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അങ്കമാലി, പുനലൂർ സ്റ്റേഷനുകൾ ഇതോടെ ജംക്ഷൻ സ്റ്റേഷനുകളായി മാറും. ഇതിനൊപ്പം ചെങ്ങന്നൂരിൽ നിന്ന് ശബരിമലയിലേക്കുള്ള ആകാശ പാതയും റെയിൽവേയുടെ പരിഗണനയിലുണ്ട്. ഇതിന് ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ല. മെട്രോ മാൻ ഇ ശ്രീധരനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഇതും യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് ശബരി റെയിലിൽ സംസ്ഥാന സർക്കാർ പിടി വാശി വിട്ടത്. ചെങ്ങന്നൂർ പാതയും ശബരി റെയിലും ഒരുമിച്ച് യാഥാർത്ഥ്യമായാൽ അത് ശബരിമലയിലെ യാത്ര പ്രശ്‌നത്തിന് വലിയൊരു ആശ്വാസമാകും.

ശബരി റെയിൽ മലയോരത്ത് വികസനം എത്തിക്കും. റെയിൽവേ കടന്നു ചെല്ലാത്ത കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം എന്നിവിടങ്ങളിലാണു സ്റ്റേഷനുകൾ വരിക. ഇതിൽ മൂവാറ്റുപുഴയിലും വാഴക്കുളത്തും സ്റ്റേഷനുകൾ വരുന്നതോടെ കാർഷിക മേഖലയ്ക്കും വലിയ ഉണർവായിരിക്കും ഉണ്ടാകുക. കാലടി വരെ 7 കിലോമീറ്റർ പാത നിർമ്മാണമാണു പൂർത്തിയായത്. റെയിൽവേ ഇതുവരെ പദ്ധതിയിൽ 264 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

ശബരി റെയിൽ പാതയ്ക്കായി ഏറ്റെടുത്ത സ്വന്തം ഭൂമിയിലെ തകർന്നടിഞ്ഞ വീടുകളിൽ അന്യരെപ്പോലെ ജീവിതം തള്ളിനീക്കേണ്ടി വരുന്നവർ വലിയ പ്രതിസന്ധിയാണ്. പദ്ധതി നടപ്പാകുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതു കൊണ്ട് ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ഈ ഗതികേടിന് ഇനിയെങ്കിലും അറുതി വരുമെന്ന ആശ്വാസമാണ് പുതിയ നീക്കം നൽകുന്നത്. ശബരിപാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ട കുടുംബങ്ങൾക്കെതിരെ ജപ്തി നടപടികൾ വരെ ചില ധനകാര്യ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു. ഭൂമിയേറ്റെടുക്കാൻ കല്ലിട്ടു തിരിച്ചു പോയതോടെ ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ വീടു പുതുക്കി പണിയാനോ കഴിയാതെ വിഷമിക്കുകയായിരുന്നു ഇവർ.

അതിനിടെയാണ് വർഷങ്ങൾക്കു മുൻപെടുത്ത വായ്പകളുടെ പേരിൽ ജപ്തി നടപടികൾ ആരംഭിച്ചത്. ഇവർക്കൊക്കെ പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാണ്. അങ്കമാലി-എരുമേലി തീവണ്ടിപ്പാത നിർമ്മാണം സംബന്ധിച്ച് അനിശ്ചിതത്വം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വർഷങ്ങളായി ഫയലിൽ ഉറങ്ങുന്ന ഈ പദ്ധതിക്ക് വെല്ലുവിളി സ്ഥലമെടുപ്പു തന്നെയാണ്. അതുകൊണ്ട് തന്നെ ആരും ഈ പദ്ധതിയോട് വലിയ തൽപ്പര്യം കാണിക്കാറുമില്ല. ഈ അവസ്ഥയിലാണ് ഇ ശ്രീധരൻ ആസൂത്രണം ചെയ്ത ചെങ്ങന്നൂർ-പമ്പ ലൈൻ സജീവ പരിഗണനയിലേക്ക് വന്നത്. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പുതിയ തീവണ്ടിപ്പാതയ്ക്കുള്ള നിർദ്ദേശം റെയിൽവേ സജീവമായി പരിഗണിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ശബരിമലയാത്ര എളുപ്പത്തിലാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനാണ് റെയിൽവേ ബോർഡിന് പുതിയ നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത്.

ഇ ശ്രീധരന്റെ നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ വലിയ പരിഗണന നൽകുന്നില്ല. എന്നാൽ കേന്ദ്രം താൽപ്പര്യം പ്രകടിപ്പിച്ചാൽ ഈ പദ്ധതിയുമായി അവർക്കു മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉറപ്പാണ്. പമ്പാനദിയുടെ തെക്കുഭാഗത്തുകൂടിയാണ് 70 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിക്കാൻ ആലോചിക്കുന്നത്. നദീതീരത്തെ പുറമ്പോക്കുകളിലൂടെ ഉയരത്തിലുള്ള തൂണുകളിൽക്കൂടി പാത കടന്നുപോകുന്നതിനാൽ വളരെക്കുറച്ച് ഭൂമിയേ ഏറ്റെടുക്കേണ്ടതായുള്ളൂ. ചെങ്ങന്നൂരിൽനിന്ന് 40 മിനിറ്റുകൊണ്ട് പമ്പയിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. രണ്ട് സ്റ്റേഷനുകളിൽ ഒന്ന് ആറന്മുളയിലാകും.

അതേസമയം പുതിയപാത വന്നാൽ ആയിരക്കണക്കിന് വാഹനങ്ങൾ പമ്പയിൽ എത്തുന്നതുമൂലമുണ്ടാകുന്ന തിരക്കും പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാകും. വനപാതയിൽ തീർത്ഥാടനകാലത്തുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനുമാകും. പമ്പയിൽ പാർക്കിങ്ങിന് കൂടുതൽ സ്ഥലം വേണ്ടിവരില്ല. പുകയും പൊടിപടലങ്ങളും കാരണമുള്ള അന്തരീക്ഷ മലിനീകരണവുമുണ്ടാകില്ല. വാഹനങ്ങളുടെ എണ്ണം കുറയുന്നതോടെ വന്യജീവികളുടെ സ്വൈരവിഹാരത്തെ ബാധിക്കില്ല.