തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പറയുന്നതെല്ലാം പച്ചക്കള്ളം. തിരുപ്പതി മോഡലാണ് ശബരിമലയില്‍ നടപ്പാക്കുന്നതെന്നായിരുന്നു ആദ്യം പ്രശാന്ത് പറഞ്ഞത്. എന്നാല്‍ തിരുപ്പതിയില്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന് മറുനാടന്‍ വാര്‍ത്ത നല്‍കിയതോടെ ഈ വാദം ഉപേക്ഷിച്ചു. പകരം ശബരിമലയില്‍ ദര്‍ശനം നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനാണു സ്‌പോട് ബുക്കിങ് ഒഴിവാക്കിയതെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം ചര്‍ച്ചകളില്‍ എത്തി. എന്നാല്‍ ഇതും പച്ചക്കള്ളമാണ്. സ്‌പോട് ബുക്കിങ് വഴി ദര്‍ശനത്തിന് അപേക്ഷിക്കുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍ തന്നെയാണ് വെര്‍ച്വല്‍ ബുക്കിങ്ങിനും നല്‍കേണ്ടത്. ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് രേഖകളിലൊന്നാണ് സ്‌പോട്ട്, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനായി നല്‍കേണ്ടത്. ഇതോടെ സ്‌പോട് ബുക്കിംഗ് നിര്‍ത്തലാക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം തീര്‍ത്ഥാടന അട്ടിമറിക്ക് വേണ്ടിയാണോ എന്ന സംശയം സജീവമാകുകയാണ്. തിരുത്തലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിപിഎം നേതൃത്വവും പ്രശാന്തിന്റെ നിലപാട് അംഗീകരിക്കില്ല.

വെര്‍ച്യുല്‍ ക്യൂ ബുക്കിംഗിലും സ്‌പോട്ട് ബുക്കിംഗിലും വ്യക്തിയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെയായിരിക്കും സ്‌പോട് ബുക്കിങ് ഇല്ലാത്തതു ബാധിക്കുക. വലിയ സംഘങ്ങളായി എത്തുന്ന ഇവരില്‍ എല്ലാവര്‍ക്കും വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഉണ്ടാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌പോട് ബുക്കിങ് വഴിയാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കു ദര്‍ശനം ലഭിച്ചിരുന്നതെന്നതാണ് വസ്തുത. വെര്‍ച്വല്‍ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്നവരില്‍ മുഴുവന്‍ ആളുകളും ശബരിമലയില്‍ എത്തിച്ചേരാത്ത സാഹചര്യമുണ്ടാകും. ഈ ഒഴിവില്‍ മറ്റുള്ളവര്‍ക്കു ദര്‍ശനത്തിന് അവസരം കൊടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ശബരിമലയില്‍ ഭക്തരില്ലാ അവസ്ഥ പോലുമുണ്ടാകും. തിരുപ്പതിയും ശബരിമലയും തമ്മില്‍ താരതമ്യം പോലും ചെയ്യാനാകില്ലെന്നതാണ് വസ്തുത.

ശബരിമലയില്‍ സ്‌പോട് ബുക്കിങ് വേണം. ശബരിമലയിലേക്കു വരുന്ന എല്ലാ ഭക്തര്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം. നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവില്‍ നിജപ്പെടുത്തിയിരിക്കുന്നത്. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണ്ടിവരും. തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇതിനെ സിപിഎമ്മും സിപിഐയും പിന്തുണച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമാണ് ഇതെല്ലാമെന്ന വിശദീകരണവും ചോദ്യം ചെയ്യപ്പെടുകയാണ്.

തിരുപ്പതിയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിപുലമായ സൗകര്യമാണുള്ളത്. ക്യൂ നില്‍ക്കാനും ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും എല്ലാം സൗകര്യം തിരുപ്പതിയിലുണ്ട്. ഇതൊരുക്കിയ ശേഷമാണ് സുഖദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ശബരിമലിയില്‍ ഭക്തര്‍ക്കായി ഒന്നുമില്ല. മണിക്കൂറുകള്‍ ക്യൂ നിന്ന് തളര്‍ന്ന് വീഴുന്ന ഭക്തരുടെ കാഴ്ചയാണ് ഓരോ തീര്‍ത്ഥാടന കാലവും നല്‍കുക. ഈ സാഹചര്യത്തില്‍ തിരുപ്പതിയുമായി ശബരിമലയെ എങ്ങനെ താരതമ്യം ചെയ്യുമെന്ന ചോദ്യവും സജീവമാണ്. ഏതായാലും വെര്‍ച്യുല്‍ ക്യൂവെന്ന കടുംപിടിത്തം ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കേണ്ടി വരും. സിപിഐയുടെ എതിര്‍പ്പും ഇതിനൊരു കാരണമായി മാറും.

വെര്‍ച്വല്‍ ബുക്കിങ് ഇല്ലാതെ ദര്‍ശനമില്ലെന്ന നിലപാടു കടുപ്പിച്ചാല്‍ വരുന്ന സീസണില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും ഇടിവുണ്ടായേക്കും. സ്‌പോട് ബുക്കിങ് പ്രതിസന്ധി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ദേവസ്വം ബോര്‍ഡ് തീയതി നിശ്ചയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അടുത്ത ശബരിമല അവലോകന യോഗത്തില്‍ പ്രശ്‌നം അവതരിപ്പിക്കാനാണ് നീക്കം. അതിനിടെ ശബരിമല സ്‌പോട് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായി ഡപ്യൂട്ടി സ്പീക്കറുടെ നിലപാട് ചര്‍ച്ചകളിലുണ്ട് സ്‌പോട് ബുക്കിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവനു കത്തയച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ നേരത്തേ സ്‌പോട് ബുക്കിങ്ങിന് അനുകൂല നിലപാടു സ്വീകരിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗമായ ഡപ്യൂട്ടി സ്പീക്കര്‍ പരസ്യമായി നിലപാട് അറിയിച്ചതോടെ ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനു മുകളില്‍ സമ്മര്‍ദമേറും. ശബരിമല തീര്‍ഥാടനത്തിനു സ്‌പോട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80,000 പേരെ മാത്രമേ ഒരു ദിവസം പ്രവേശിപ്പിക്കാനാവൂ.

കഴിഞ്ഞവര്‍ഷം 90,000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. കൂടാതെ സ്‌പോട് ബുക്കിങ് വഴി 15,000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും ഒട്ടേറെപ്പേര്‍ക്കു ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പതിനായിരക്കണക്കിനു ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെക്കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരും. ഭക്തരെ തടഞ്ഞുനിര്‍ത്തുന്ന കേന്ദ്രങ്ങളില്‍ ആവശ്യമായ ഭക്ഷണം, പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയുണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി.

ശബരിമലയുടെ പേരില്‍ വിവാദങ്ങള്‍ പാടില്ല. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് അവസരമുണ്ടാകണം. പുനര്‍വിചിന്തനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും നിലപാടു തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.