ശബരിമല: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മുന്നറിയിപ്പ് ഫലിച്ചു. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് തീർത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിർദ്ദേശം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീർത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ ശബരമലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിർദ്ദേശം ഉണ്ടായിരുന്നത്.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിർദ്ദേശത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്ത് വന്നിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിർന്നാൽ പഴയതൊന്നും ഓർമ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഈ സാഹചര്യത്തിൽ കൂടിയാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിൽ അന്തിമ തീരുമാനം വരുന്നത് വരെമുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്നു എഡിജിപി എം ആർ അജിത്കുമാർ വ്യക്തമാക്കി.കുറെ അധികം തെറ്റുകൾ ഉണ്ട്.എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ വിവാദം അപ്രസക്തമാകുകയാണ്. എന്നാൽ സുപ്രീം കോടതി വിധിയിൽ സ്‌റ്റേ ഇല്ല. പുനപരിശോധന മാത്രമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ആരെങ്കിലും സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഏതായാലും സ്ത്രീകളെ ശബരിമലയിൽ കയറ്റില്ലെന്ന് സർക്കാർ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ഇതാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്.

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 28-09-2018 തീയതിയിലെ wp(c) 373/2016 വിധി ന്യായ പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണ്-എന്നാണ് ഈ വാചകം. അതായത് 12നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും തീർത്ഥാടനമാകാമെന്ന് വിശദീകരിക്കുകായണ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങളിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഈ രേഖ പുറത്തു വിട്ടത്. ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നുണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ പറഞ്ഞു.

പൊലീസുകാർക്കുള്ള പൊതു നിർദ്ദേശത്തിലെ രണ്ടാം പോയിന്റും ശ്രദ്ധേയമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ എല്ലാ ഉദ്യോഗസ്ഥരും പാലിക്കേണ്ടതാണ്. സ്ത്രീകളെ പ്രവേശിക്കുന്നത് ആചാരാനുഷ്ഠാന പ്രകാരം പാടില്ലെന്നതാണ് വിശ്വാസം. ആചാരങ്ങൾ അനുഷ്ഠിക്കാൻ പറയുന്ന പൊലീസുകാരോട് പൊതു നിർദ്ദേശങ്ങളിൽ അതിന് വിരു്ദ്ധമായ സുപ്രീംകോടതി വിധിയെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ഫലത്തിൽ സ്ത്രീ പ്രവേശന വിഷയത്തിൽ പൊലീസിനും സർക്കാരിനുമുള്ള ആശയക്കുഴപ്പമാണ് പൊതുനിർദ്ദേശത്തിൽ നിറയുന്നത്. എന്നാൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്കാണ് ഈ നിർദ്ദേശങ്ങൾ കൈമാറിയിട്ടുള്ളത്. ഏതായാലും സ്ത്രീ പ്രവേശനത്തിന് സർക്കാർ മുതിരുമോ എന്ന സംശയം ചർച്ചയാക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. ശബരിമലയിൽ നിരീക്ഷണത്തിന് പരിവാർ പ്രസ്ഥാനങ്ങൾ സംവിധാനം ഒരുക്കിയെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് സർക്കാർ നിലപാട് വിശദീകരിച്ചത്.

മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റിരുന്നു. വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പൊലീസ് കോ-ഓർഡിനേറ്ററും ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പിയുമായ എം.ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ സന്നിഹിതനായിരുന്നു. ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ ആദ്യ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദ്ദേശം നൽകി. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമിമാർക്ക് സുഗമമായ ദർശനവും തൃപ്തിയോടെ തൊഴുത് മടങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം.

ശബരിമല സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർ ആർ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പൊലീസ് സേന സേവനം അനുഷ്ഠിക്കുക. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവിൽ പൊലീസ് ഓഫീസർമാർ, എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, 12 ഡിവൈഎസ്‌പിമാർ, 110 എസ്ഐ, എഎസ്‌ഐമാർ, 30 സിഐ.മാർ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്. ഈ പൊലീസുകാർക്ക് നൽകിയ മാർഗ്ഗ നിർദ്ദേശത്തിലാണ് ആചാരാനുഷ്ഠാനങ്ങൾ പാലിക്കണമെന്നതിനൊപ്പം സുപ്രീംകോടതി വിധിയും ഓർമിപ്പിക്കുന്നത്. സ്ത്രീ പ്രവേശന വിവാദത്തെ തുടർന്ന് സ്ത്രീകളെ കയറ്റുന്നതിൽ സർക്കാർ പിന്നോക്കം പോയിരുന്നുവെന്നതാണ് വസ്തുത. ഇത് തുടരുമെന്നാണ് മന്ത്രിയും പറയുന്നത്.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികളിൽ വിധി 2019ൽ വന്നിരുന്നു. കേസ് ഏഴംഗ വിശാല ബഞ്ചിലേക്ക് വിടാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് അന്ന് തീരുമാനിച്ചിരുന്നു. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് അന്ന് വിധി പറഞ്ഞത്. കേസ് വിശാല ബഞ്ചിലേക്ക് വിടണമെന്ന് മൂന്ന് ജസ്റ്റിസുമാർ വിധിയെഴുതി. രണ്ടു ജസ്റ്റിസുമാർ ഇതിനെ എതിർത്തു. ഈ കേസാണ് പുതിയ പൊലീസ് മാർഗ്ഗ നിർദ്ദേശത്തിലും ചർച്ചയാക്കുന്നത്. ഫലത്തിൽ സ്ത്രീകളെത്തിയാൽ കയറ്റി വിടണമെന്ന സുപ്രീകോടതി വിധി ഓർമ്മിപ്പിക്കുകയാണ് പൊലീസ്.

പുനപരിശോധനാ ഹർജിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവർ കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്.നരിമാൻ എന്നിവർ വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തു. നാലു പേരിൽ മൂന്നു പേരും നേരത്തെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമാകാമെന്നു വിധിയെഴുതിയവരാണ്. ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് അന്ന് സ്ത്രീപ്രവേശനത്തെ എതിർത്തത്. അങ്ങനെ ഒന്നിനെതിരെ നാല് എന്ന നിലയിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമാകാം എന്ന വിധി പുറപ്പെടുവിച്ചു. ഈ വിധി ഇനിയും സ്റ്റേ ചെയ്തിട്ടില്ല. എന്നാൽ പുനപരിശോധനാ ഹർജി നിലനിൽക്കുയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധി അനുസരിച്ച് ആർക്കും ദർശനമാകാം.