- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാക്കി കാത്തിരുന്ന് കാണാം... അടിവരയിട്ട് തന്നെ പറയുന്നു... 'ബാക്കി കാത്തിരുന്ന് കാണാം,,,, എന്തായാലും പുതിയ മേൽശാന്തിക്ക് ഭഗവാനെ യഥാവിധി സേവിക്കാനുള്ള അനുഗ്രഹമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു...; പഴയ പോസ്റ്റുകൾ ചർച്ചയാക്കി പിണറായി വിരുദ്ധ വിശ്വാസികളുടെ ട്രോളുകൾ; ശബരിമല മേൽശാന്തിക്ക് മണ്ഡലപൂജ നഷ്ടമാകുമ്പോൾ
ശബരിമല: ഫ്രാൻസിന് ലോകകപ്പ് നഷ്ടമായതിന്റെ കാരണമായി പോലും പിണറായി ആണെന്ന് പറയുന്ന ട്രോളന്മാരുള്ള നാടാണ് കേരളം. പുതുവൽസരം ആശംസിച്ച മുഖ്യമന്ത്രിയേയും അവർ വെറുതെ വിടുന്നില്ല. തുടർഭരണം കിട്ടിയ സിപിഎം മുഖ്യമന്ത്രിയായി മാറിയിട്ടും പിണറായിയെ ഭാഗ്യമില്ലായ്മയുടെ പ്രതീകമായി ചിത്രീകരിക്കുന്ന സംഘം സോഷ്യൽ മീഡിയയിൽ സജീവമാണ്. കാര്യമില്ലാ വിമർശനമാണ് ഇതെല്ലാം. ഇപ്പോഴിതാ ശബരിമല മേൽശാന്തിയേയും പിണറായിയുമായി ചേർത്ത് ട്രോളുകയാണ് ചിലർ.
സന്നിധാനത്തെ മേൽശാന്തിയായി ചുമതലയേറ്റ ശേഷമുള്ള മണ്ഡലപൂജാ നിയോഗം ശബരിമല മേൾശാന്തി കെ.ജയരാമൻ നമ്പൂതിരിക്ക് നഷ്ടമാകുന്നതാണ് ഇതിന്റെ പശ്ചാത്തലം. ബന്ധു മരിച്ചതിനാലാണ് മണ്ഡലപൂജയക്ക് തന്ത്രിക്കൊപ്പം സഹകാർമികത്വം വഹിക്കാനുള്ള മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെ അവസരം നഷ്ടമാകുന്നത്. മാതാവ് ശ്രീദേവി അന്തർജനത്തിന്റെ സഹോദരനും താന്ത്രിക ആചാര്യനുമായിരുന്ന തൃശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് മനയ്ക്കൽ സി.കെ.ഗോദൻ നമ്പൂതിരി (86) അന്തരിച്ചതിനെ തുടർന്നുള്ള പുല മൂലമാണ് മേൽശാന്തിക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തത്.
മേൽശാന്തിയുടെ ചുമതല തന്ത്രി കണ്ഠര് രാജീവര് ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിപുരുഷനായ തിരുവല്ല കാവുംഭാഗം സ്വദേശി നാരായണൻ നമ്പൂതിരിയാണ് മേൽശാന്തി നടത്തിവന്ന പൂജകൾ ചെയ്യുന്നത്. പുല കാരണം 26ന് വൈകിട്ട് തങ്ക അങ്കി ചാർത്തി നടക്കുന്ന ദീപാരാധനയ്ക്കും മേൽശാന്തി പങ്കെടുക്കില്ല. മണ്ഡല പൂജയ്ക്കു ശേഷം 27ന് രാത്രി 10ന് നട അടയ്ക്കുന്നതും മകരവിളക്കു തീർത്ഥാടനത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കുന്നതും തന്ത്രിയായിരിക്കും. 31ന് ഉച്ചയ്ക്ക് മേൽശാന്തിയുടെ പുല അവസാനിക്കും. പിന്നീട് ശുദ്ധിക്രിയയ്ക്കു ശേഷമേ മേൾശാന്തി തിരികെ ശ്രീകോവിലിൽ പ്രവേശിക്കൂ. ശബരിമലയിൽ തന്നെയുള്ള ഗസ്റ്റ് ഹൗസിലാകും അതുവരെ മേൽശാന്തി തങ്ങുക.
ഈ വാർത്തയിലാണ് ട്രോളന്മാരുടെ ഇടപെടൽ. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്ത ജയരാമൻ നമ്പൂതിരി, മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഈ ഫോട്ടോ വൈറലാകുകയും ചെയ്തു. മുഖ്യമന്ത്രി ആശംസിച്ചതിലാണ് ജയരാമൻ നമ്പൂതിരിക്ക് മണ്ഡല പൂജ നഷ്ടമായതെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. തുടർഭരണമെന്ന ഭാഗ്യം കിട്ടിയിട്ടും നിർഭാഗ്യത്തിന്റെ പ്രതിപുരുഷനായി പിണറായിയെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ എതിരാളികൾ മാറ്റുന്നുവെന്നതാണ് വസ്തുത.
പിണറായി വിജയനെ മേൽശാന്തി കാണാൻ പോയതു മുതൽ ട്രോളന്മാർ സജീവമായിരുന്നു. ബാക്കി കാത്തിരുന്നു കാണാമെന്ന് പറഞ്ഞവരും ഉണ്ട്. പലതും സത്യമായി വന്നു എന്ന തരത്തിൽ മഹേന്ദ്രകുമാർ പി എസ് ഇട്ട പോസ്റ്റും ചർച്ചയാണ്. മുമ്പ് ഇതേ കുറിച്ച് നടത്തിയ അവലോകനം അടക്കമാണ് വൈറലാകുന്നത്.
പി എസ് മഹേന്ദ്രകുമാർ ഇട്ട പഴയ പോസ്റ്റ് ചുവടെ
നിയുക്ത ശബരിമല മേൽശാന്തി പിൺറോയ് സെർ നെ പോയി കണ്ടതിൽ വല്യ വിവാദം വേണ്ടെന്നാണ് എന്റെ അഭിപ്രായം...??
ശരിക്കും വിവാദമല്ല ജാഗ്രതയാണ് വേണ്ടത്...??
അങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്...
തന്ത്രശാസ്ത്രപരമായി ചിന്തിച്ചാൽ ക്ഷേത്രമെന്നത് ശരിക്കും ഒരു മെഷിനറി സംവിധാനമാണ്...
(ക്ഷേത്രതന്ത്രമെന്നത് തന്ത്രശാസ്ത്രത്തിന്റെ ഒരു അപ്ലൈഡ് വേർഷനാണ് താനും )
സാക്ഷാത് പരബ്രഹ്‌മസ്വരൂപത്തെ അതേ മാതിരി ആവാഹിച്ചിരുത്താൻ ഒരു പഞ്ചപ്രാകാര പരിധിക്കുള്ളിലെ സ്ഥലം തികയില്ലെന്ന് എനിക്കും നിങ്ങൾക്കും സകലർക്കും അറിവുള്ളതാണ്...
അപ്പൊ പിന്നെ ശ്രീലകത്ത് ആരാണ് ?
'സർവ്വത്രഗോസി ഭഗവാൻ... ' ഇത്യാദിയായ ശാസ്ത്രഭാഗത്ത് അതിനുത്തരമുണ്ട്...
സർവ്വഭൂതവാസിയായ ഈശ്വര ചൈതന്യത്തിന്റെ ലോലാംശത്തെ ആവാഹിച്ച ശേഷം...
നമുക്ക് സദൃശമാംവണ്ണം കരചരണാദി അവയവങ്ങളെ കല്പിച്ച്...
നമുക്കുള്ളത് പോലെ ആഹാര-നിദ്രാദികളെ നിശ്ചയിച്ച്...
നമ്മുടേത് പോലെ വികാര- വിചാരാദികളെയും, എന്തിന് നവരസങ്ങളെ വരെയും സമ്യക്കായി കല്പിച്ച് ഒക്കെയാണ് ഒരു വിഗ്രഹം പ്രതിഷ്ഠിക്കാറ്...
അരൂപിയായ ഈശ്വരനോട് സംവദിക്കാനുള്ള ബൗദ്ധികനിലവാരത്തിലേക്ക് നമ്മൾ ഉയരുന്നതിനേക്കാൾ എളുപ്പം, ഈശ്വരനെ നമ്മുടെ നിലവാരത്തിലേക്ക് താഴ്‌ത്തി കൊണ്ടു വരിക എന്നതാണല്ലോ (അല്ലേലും വലിച്ച് താഴെയിറക്കാൻ നമ്മൾ മിടുക്കന്മാരാണല്ലോ ??)
അങ്ങനെ തത്വങ്ങളും കലകളും ദേവതകളും സൃഷ്ടമായി...
അതൊക്കെ അവിടെ നിൽക്കട്ടെ...
ചുരുക്കത്തിൽ ഓരോ ദേവതയ്ക്കും തനത് സ്വഭാവവും താത്പര്യങ്ങളും ഉണ്ടെന്ന കാര്യം മനസ്സിലായതായി വിശ്വസിക്കുന്നു...
മനുഷ്യ സൃഷ്ടമായ എന്തിനും പരിധികളും പരിമിതികളും ഉണ്ടല്ലോ..
ക്ഷേത്രതന്ത്രമെന്ന മെഷിനറി സംവിധാനത്തെ dysfunctional ആക്കാൻ സാധിക്കുന്ന ചിലയിനം Technicality കളെ പറ്റി തന്ത്രസമുച്ചയകാരൻ ഉൾപ്പെടെയുള്ളവർ സൂചിപ്പിച്ചിട്ടുണ്ട്...
' ക്ഷേത്രേ മൃതിർ... ' ഇത്യാദിയായ പ്രകരണത്തിന്റെ അവസാനഭാഗത്ത്
'ക്ഷുദ്രാന്യമന്ത്രയജനം പ്രതിഷിദ്ധദുഷ്ട
പുഷ്പാദി പൂജനമഥോമരിചാദിലേപ: '
എന്ന് പറയുന്നുണ്ടല്ലോ...
ക്ഷേത്രസംവിധത്തിന്റെ ആകെ മൊത്തം പാസ്സ്വേഡായ മൂലമന്ത്രത്തെ വികലമാക്കി ജപിച്ചാൽ...
ക്ഷുദ്രമന്ത്രം ജപിച്ചാൽ...
അന്യദേവമന്ത്രം കൊണ്ട് പൂജിച്ചാൽ...
ഒരു ദേവന് പാടില്ലാത്ത പുഷ്പം / ദുഷ്ടപുഷ്പം കൊണ്ട് പൂജിച്ചാൽ...
ബിംബത്തിൽ തേയ്ക്കാൻ പാടില്ലാത്ത വസ്തുക്കൾ - കുരുമുളക് പോലുള്ളവ അരച്ച് തേച്ചാൽ (ഇതിന് മരിചാദിലേപം എന്ന് പറയും).....
ഒക്കെ ചൈതന്യം ക്ഷയിക്കും..ക്രമേണ സാന്നിദ്ധ്യം തന്നെ ഇല്ലാണ്ടാവും....
( അത്തരത്തിൽ ചെയ്തതായ ഐതിഹ്യകഥകൾ മാത്രമല്ല;
സമകാലീന അനുഭവങ്ങളും നമുക്ക് മുന്നിൽ ഉദാഹരണങ്ങളായുണ്ടല്ലോ...)
ഇത്തരമൊരു വിഷയത്തെ പറ്റി ഇപ്പൊ പറയാനെന്താ കാര്യമെന്ന് ചിന്തിച്ച് തലപുണ്ണാക്കണ്ട...
'കലി കാലമാണ്...ആരെയും നമ്പരുത് ' എന്നാണ് ഗുരൂപദേശം....
അനുഭവങ്ങളും അപ്രകാരം തന്നെ ??
താനൊരു SFI പ്രവർത്തകൻ ആയിരുന്നു എന്നും അക്കാരണത്താലാണ്, തന്റെ കാരണവർ സ്ഥാനത്തുള്ള പിണറായിയെ പോയി കണ്ട് അനുഗ്രഹം തേടിയതെന്നും അദ്ദേഹം പറഞ്ഞതായി വാർത്തകളിൽ കാണാനിടയായി..
അവിടെയാണ് അപകടം...
ഒരു സഖാവിന് ആസ്തികനായി മാറിക്കൂടാ എന്ന അഭിപ്രായമില്ല..
പക്ഷേ പിണറായിയോട് അളവിലധികം വിധേയത്വമുള്ള ഒരാൾ മേൽശാന്തി ആകുമ്പോൾ - എന്തോ തന്ത്രശാസ്ത്രം സൂചിപ്പിച്ച അപായസാദ്ധ്യതകളെ പറ്റിയുള്ള ചിന്തകൾ തികട്ടി വരുന്നു...
ദേവതയെ വശ്യമാക്കി നിർത്താൻ ശ്രമിച്ചിട്ട് സാദ്ധ്യമായില്ലെങ്കിൽ ബന്ധനത്തിൽ ആക്കുന്ന ഇടപാട് ചില പ്രയോഗങ്ങളിൽ ഉണ്ടല്ലോ...
( വശ്യം - in favour of
ബന്ധനം - like imprisonment )
' തീക്കട്ടയിൽ ഉറുമ്പ് അരിക്കില്ലാ ' എന്നുറപ്പുണ്ട്...????
പക്ഷേ കുറച്ച് നാളുകൾക്ക് മുമ്പ്,.. എന്തോ ആണിയോ മറ്റോ തറച്ച കാരണത്താൽ ശബരിമല ശ്രീകോവിലിലെ മേൽക്കൂരയ്ക്ക് ചോർച്ച വന്നതായി ഒരു വാർത്ത കണ്ടിരുന്നു...അതിൽ അസാധാരണത്വം ഒന്നുമില്ലെങ്കിൽ സാരമില്ല...പക്ഷേ മറിച്ചാണെങ്കിൽ വല്യ ജാഗ്രത വേണം...
ദേശാഭിമാനി വരിക്കാരനായി അദ്ദേഹം ചേർന്ന ചിത്രം കണ്ടതിലെ രാഷ്ട്രീയ വൈരാഗ്യം മൂത്താണ് ഈ പോസ്റ്റ് എന്നൊന്നും കരുതരുതേ..??
ഒരു മുൻപ്രചാരകൻ കൂടിയ എന്റെ സുഹൃത്ത് നേരിട്ട് പോയാണ് അദ്ദേഹത്തെ കേസരി വരിക്കാരനാക്കിയത് എന്നും കൂടി സൂചിപ്പിക്കുന്നു...
ഇവിടെ രാഷ്ട്രീയമല്ല വിഷയം...
വിശ്വാസമില്ലാത്തവന്റെ, വിശ്വാസികളുടെ ഹൃത്തടം കുത്തി കീറിയവന്റെ, അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്‌മചര്യത്തെ പുച്ഛിച്ചവന്റെ...മൂട് താങ്ങാൻ പോയ അദ്ദേഹത്തിന്റെ ഉളുപ്പില്ലായ്മയെയാണ് നാട്ടുകാർ ചർച്ച ചെയ്തത്....
പിന്നെ മറ്റൊന്ന് കൂടി...
ശബരിമലയിലെ മേൽശാന്തി നിയമനം അടക്കമുള്ള പല വിഷയങ്ങളിലെയും സാമ്പത്തിക വ്യവസ്ഥകളെ പറ്റി സുവ്യക്ത ബോദ്ധ്യമുള്ളതു കൊണ്ട് തന്നെ പല ആരാദ്ധ്യ വ്യക്തിത്വങ്ങളുടെയും ആത്മാർത്ഥതയിൽ, ഒരു സാധാരണ ഭക്തൻ എന്ന നിലയിൽ സംശയം തോന്നുക സ്വാഭാവികം...??
ബാക്കി കാത്തിരുന്ന് കാണാം...
അടിവരയിട്ട് തന്നെ പറയുന്നു...
'ബാക്കി കാത്തിരുന്ന് കാണാം' ??
എന്തായാലും പുതിയ മേൽശാന്തിക്ക് ഭഗവാനെ യഥാവിധി സേവിക്കാനുള്ള അനുഗ്രഹമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു... ??
എല്ലാ ഭാവുകങ്ങളും നേരുന്നു ??
മറുനാടന് മലയാളി ബ്യൂറോ