ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആശ്വാസം. കോവിഡിന്റെ ഭീതി മറന്ന് തീർത്ഥാടകർ ഒഴുകിയെത്തിയപ്പോൾ ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനം. 222 കോടി 98 ലക്ഷം രൂപയാണ് നടവരുമാനമായി ലഭിച്ചത്. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017-ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം. വലിയ തോതിൽ തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. വെർച്യുൽ ക്യൂവിലൂടെ പരമാവധി പേർക്ക് ദർശനാവസരം നൽകിയതും ഭക്തർക്ക് സന്നിധാനത്തേക്ക് എത്താൻ അവസരമൊരുക്കി.

കോവിഡ് ആഘാതമായ 2020ൽ വെറും 9.09 കോടിയായിരുന്നു നടവരവ്. അടുത്ത വർഷം അത് 78.92 കോടിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന മാർഗ്ഗം ശബരിമലയാണ്. ഇവിടെ വരുമാനം കുറയുന്നത് ദേവസ്വത്തിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. സർക്കാരിൽ നിന്ന് സഹായം തേടേണ്ട അവസ്ഥയുണ്ടാക്കി. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുമോ എന്ന ആശങ്കയും എത്തി. എന്നാൽ അതെല്ലാം വെറും ആശങ്ക മാത്രമാവുകയാണ്. ഈ സീസൺ പ്രതീക്ഷയുടേതായി മാറുന്നു.

2017ൽ 164 കോടിയായിരുന്നു നടരവ്. 2018ലും 2019ലും വരവ് കുറഞ്ഞു. ഇതിന് കാരണം പ്രളയമായിരുന്നു. സാധാരണ എല്ലാ വർഷവും നടവരവ് ഉയരുന്നതായിരുന്നു 2017ന് മുമ്പുള്ള പതിവ്. ഇതാണ് പ്രളയവും കോവിഡും 2021വരെ തെറ്റിച്ചത്. വീണ്ടും ക്രമാനുഗതമായ വളർച്ച ശബരിമലയിൽ ഉണ്ടാകുന്നു. ചില ദിവസങ്ങളിൽ 18 മണിക്കൂറിന് അപ്പുറത്തേക്ക് ദർശനത്തിനുള്ള ക്യൂ നീണ്ടു. എങ്കിലും എല്ലാവരും നല്ല ദർശനം കിട്ടിയെന്ന ആഹ്ലാദത്തിലാണ് സന്നിധാനം വിട്ടത്.

ഈ സീസണിൽ ഇതുവരെയായി 29 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 70.10 കോടി രൂപ കാണിക്കയായുംലഭിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. ഇന്നാണ് മണ്ഡല പൂജ. അതുകൊണ്ട് തന്നെ ഈ കണക്കുകൾ ഇനിയും ഉയരും. കൃത്യമായി 222,98,70,250 രൂപ നടവരുമാനവും 70,10,81,986 രൂപ കാണിക്കയുമായി ലഭിച്ചു. അരവണയ്ക്കും അപ്പത്തിനും എത്രവരവ് ഉണ്ടായെന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയില്ല.

എത്തിയ 29,08,500 തീർത്ഥാടകരിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായവർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക വരി ഫലപ്രദമാണ്. വെർച്യുൽ ക്യൂ ഉള്ളതുകൊണ്ട് തന്നെ കണക്കെടുപ്പിനും പ്രശ്‌നമില്ല. പൊലീസും ദേവസ്വവുമായുള്ള പ്രശ്‌നം പരിഹരിച്ചുവെന്നും സൂചനയുണ്ട്.

ഒരുദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്. സാധാരണയിൽ കൂടുതൽ നേരം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുമെന്നും അനന്തഗോപൻ പറഞ്ഞു.