- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീർത്ഥാടകരെ നിയന്ത്രിക്കാൻ ബാരിക്കേഡിന് പകരം മനുഷ്യച്ചങ്ങല; സന്നിധാനത്ത് പൊലീസിന്റെ മണ്ടൻ പരിഷ്‌കാരം പാളി; സ്റ്റാഫ് ഗേറ്റിന് മുന്നിൽ തീർത്ഥാടകർക്കും മാധ്യമപ്രവർത്തകർക്കും പൊലീസ് മർദനം; മഫ്ടിയിലെത്തിയ ഐജി അടികൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്!
ശബരിമല: സന്നിധാനത്ത് മകരജ്യോതി ദർശനത്തിന് വന്നവരുടെ തിരക്ക് നിയന്തിക്കാൻ പൊലീസ് കൊണ്ടു വന്ന മണ്ടൻ പരിഷ്‌കാരം പാളി. സ്റ്റാഫ് ഗേറ്റിന് മുന്നിൽ തീർത്ഥാടകരെയും മാധ്യമപ്രവർത്തകരെയും പൊലീസ് മർദിച്ചു. മഫ്ടിയിലെത്തിയ ഐജി പി. വിജയൻ അടി കൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.
പിഞ്ചുകുട്ടികൾ അടക്കമുള്ള തീർത്ഥാടകർക്കും മാധ്യമ പ്രവർത്തകർക്കും നേരേയായിരുന്നു പൊലീസ് അതിക്രമം. പ്രത്യേക പാസുമായി സ്റ്റാഫ് ഗേറ്റിലൂടെ തിരുമുറ്റത്തേക്ക് പ്രവേശിക്കാൻ എത്തിയ പിഞ്ചു കുട്ടികൾ അടക്കമുള തീർത്ഥാടകരെ പൊലീസ് വലിച്ചെറിഞ്ഞു. മാധ്യമ പ്രവർത്തകരെയും പൊലീസ് കൈയേറ്റം ചെയ്തു. സന്നിധാനം സ്പെഷ്യൽ കമ്മീഷണർ എം. മനോജിന്റെ സാന്നിധ്യത്തിൽ പോലും പൊലീസ് തീർത്ഥാടകർക്ക് നേരേ ബലപ്രയോഗത്തിന് മുതിർന്നു. വൈകിട്ട് നാലു മണി മുതലുള്ള ഒരു മണിക്കൂർ ആയിരുന്നു തീർത്ഥാടകർക്ക് നേരെയുള്ള പൊലീസിന്റെ കൈയാങ്കളി.
പൊലീസ് അതിക്രമം അതിരുവിട്ടതോടെ ഇതര സംസ്ഥാന തീർത്ഥാടകർ അടക്കമുള്ളവർ സംഘം ചേർന്ന് പൊലീസിന് നേരേ ഗോ ബാക്ക് വിളിച്ചു. സ്റ്റാഫ് ഗേറ്റിന്റെ മുമ്പിലെ തിക്കുംതിരക്കും ഒഴിവാക്കുന്നതിനായി മുൻകാലങ്ങളിൽ ഗേറ്റിന് മൂന്നു വശങ്ങളിലുമായി ബാരിക്കേടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ ഒഴിവാക്കി നടത്തിയ തിരക്ക് നിയന്ത്രണത്തിലാണ് പൊലീസിന് വൻപാളിച്ച സംഭവിച്ചത്.
സ്റ്റാഫ് ഗേറ്റിന് ഇരുവശങ്ങളിലുമായി കൈകോർത്ത് ചങ്ങല സൃഷ്ടിച്ച് ഇതിനുള്ളിലൂടെ പ്രത്യേക പാസുമായി എത്തിയവരെ കടത്തി വിടാൻ പൊലീസ് നടത്തിയ നീക്കമാണ് തിക്കും തിരക്കിലും കൈയേറ്റത്തിലും കലാശിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ ആജ്ഞകൾ പോലും വക വയ്ക്കാതെ ആംഡ് പൊലീസ് അടക്കമുള്ളവർ തീർത്ഥാടകരെ കൈയേറ്റം ചെയ്യുകയായിരുന്നു. അതിനിടെ മഫ്ടിയിൽ വന്ന ഐജിയെ തിരിച്ചറിയാതെ പൊലീസുകാർ കൈയേറ്റത്തിന് ഒരുങ്ങുകയായിരുന്നു. കാര്യങ്ങൾ പൊലീസിന്റെ കൈ വിട്ടു പോയതോടെ കേന്ദ്ര സേനയെത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്