കോന്നി: മാനേജ്മെന്റിനും ജീവനക്കാർക്കും നന്ദി നേരുന്നു. ഹൃദയത്തിൽ കാരുണ്യം നിറച്ച കുഞ്ഞുങ്ങളേ നിങ്ങൾ നേട്ടങ്ങളുടെ ഉന്നതിയിലെത്തട്ടെ. ഞങ്ങൾ കേരളത്തെ സ്നേഹിക്കുന്നു. ഞങ്ങൾക്കൊരുക്കിയ സംരക്ഷണത്തിന് നന്ദി. റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡിൽ ചോക്ക് കൊണ്ട് ഇങ്ങനെ എഴുതിയത് ഗോപാൽ ആയിരുന്നു.

ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘത്തിലെ ആർട്ടിസ്റ്റ്. വാഹനം കേടായി വഴിയിൽ കുടുങ്ങിയ തെലങ്കാനയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്ക് ഒരു രാവും പകലും വിശ്രമിക്കാൻ സ്‌കൂളിലെ ക്ലാസ് മുറി തുറന്നു കൊടുത്തതിന് കുറിച്ച നന്ദി വാക്കുകളായിരുന്നു ഇത്. ചൊവ്വാഴ്ച രാത്രിയാണ് തെലങ്കാനയിലെ ഗുഡല്ലൂർ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 35 അംഗ തീർത്ഥാടക സംഘം ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലായി വാഹനം തകരാറിലായത്. ഇവർ റോഡിന്റെ വശത്ത് വിഷമിച്ചു നിന്നു.

ചിലർ അവിടെ ഇരുന്നു. മറ്റു ചിലർ കിടന്നു. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ മാനേജ്മെന്റ് അംഗം എസ്.സന്തോഷ് കുമാർ ഇവരോട് വിവരം തിരക്കി. വാഹനം ശരിയാക്കാൻ ഒരു ദിവസം വേണ്ടിവരുമെന്ന് അവർ പറഞ്ഞു.തുടർന്ന് സന്തോഷ് കുമാർ സ്‌കൂൾ ഹെഡ്‌മാസ്റ്ററെ വിവരം ധരിപ്പിച്ചു. രണ്ട് ക്ലാസ് റൂമുകൾ ഇവർക്ക് വിശ്രമിക്കാൻ വിട്ടുകൊടുത്തു. ഒരു പകലും രാത്രിയും ഇവിടെ ചെലവിട്ട തീർത്ഥാടക സംഘം വാഹനം ശരിയാക്കി കിട്ടിയതോടെ മടങ്ങി. ഇവർ കഴിഞ്ഞിരുന്ന ക്ലാസ് റൂമിലെ ബ്ലാക്ക് ബോർഡിൽ കേരളത്തെ സ്നേഹിക്കുന്നുവെന്നും, അഭയം തന്നതിന് നന്ദിയും രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനും കുളിക്കാനും ഉറങ്ങാനുമെല്ലാം ഇവിടെ സൗകര്യമൊരുക്കിക്കൊടുത്തു. മലയാളികളുടെ സ്നേഹം തൊട്ടറിഞ്ഞ തീർത്ഥാടകർ സ്‌കൂൾ കുട്ടികൾക്കും ഈ സന്ദേശം പകർന്നു നൽകാൻ ബ്ലാക്ക് ബോർഡിൽ ഇംഗ്ലീഷിൽ തങ്ങളുടെ സ്നേഹ സന്ദേശം രേഖപ്പെടുത്തിയത്. റോഡ് വശത്ത് സ്ത്രീകളും, കുട്ടികളുമടക്കം വരുന്നവർ രാത്രി കഴിച്ചുകൂട്ടുന്ന ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും മനസിലാക്കിയാണ് ഇവർക്ക് വേണ്ട സൗകര്യം ഒരുക്കിയതെന്ന് എസ്.സന്തോഷ് കുമാർ പറഞ്ഞു.