തിരുവനന്തപുരം: ശബരിമലയിൽ നിന്നും അയ്യപ്പസേവാ സംഘത്തെ പുറത്താക്കി. ഇതിന് പിന്നാലെ വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നടപടികളും തിരുവിതാംകൂർ ദേവസ്വംബോർഡിൽ തകൃതി. ഇൻഷുറൻസിന്റെ നടത്തിപ്പിന് അടുത്ത തീർത്ഥാടനംമുതൽ ബുക്കിങ് സമയത്ത് 10 രൂപ ഈടാക്കാനാണ് തീരുമാനം. ഇൻഷുറൻസ് കമ്പനിയെ പോലും നിശ്ചയിക്കാതെയാണ് ഈ നീക്കം. കോടികളുടെ ലാഭം ഇൻഷുറൻസ് കമ്പനിക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നതാണ് വസ്തുത. ഇതിനൊപ്പം 5000 പേരെ സ്വാകാര്യ ഏജൻസി വഴി നിയമിക്കാനും ദേവസ്വം ബോർഡിൽ നീക്കമുണ്ട്.

ശബരിമലയിൽ അയ്യപ്പസേവാ സംഘത്തിന്റെ പ്രതിനിധികളാണ് ശൂചീകരണം നടത്തിയിരുന്നത്. ദേവസ്വം ബോർഡിൽ നിന്ന് വേതനം വാങ്ങാതെയായിരുന്നു ഈ സന്നദ്ധ പ്രവർത്തനം. ഇവരെയാണ് പുറത്താക്കിയത്. പകരം 5000 പേരെ ദേവസ്വം ബോർഡ് ദിവസകൂലിയിൽ നിയമിക്കും. ഇതിന് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്താനാണ് നീക്കം. ഫലത്തിൽ പ്രതിദിനം ആയിരം രൂപവച്ച് ഒരാൾക്ക് നൽകിയാലും അയ്യായിരം പേർക്കായി 50ലക്ഷം രൂപ ചെലവാകും. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടം ഇതിലൂടെ ഉണ്ടാകും.

മാസപൂജയ്ക്കു നടതുറക്കുമ്പോൾ വെർച്വൽ ക്യൂവിലൂടെ പ്രവേശിപ്പിക്കുന്ന പരമാവധി തീർത്ഥാടകരുടെ എണ്ണം അമ്പതിനായിരമാക്കിയും ബോർഡ് നിശ്ചയിച്ചു. മാസപൂജയ്ക്ക് നടതുറക്കുന്നത് മലയാളമാസം അവസാനദിവസം വൈകീട്ടായതിനാൽ അന്ന് 25,000 തീർത്ഥാടകരെ മാത്രമേ അനുവദിക്കൂ. വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ഇൻഷുറൻസിന്റെ നടത്തിപ്പിന് അടുത്ത തീർത്ഥാടനംമുതൽ ബുക്കിങ് സമയത്ത് 10 രൂപ ഈടാക്കും. മാസപൂജയ്ക്കും വെർച്വൽ ക്യൂ നിർബന്ധമാക്കുന്നത് പത്തുരൂപ വീതം പിരിക്കാനാണ്.

വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവർ പിന്നീട് ദർശനത്തിന് എത്തിയില്ലെങ്കിലും ഇൻഷുറൻസ് തുക നൽകേണ്ടി വരുമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഇൻഷുറൻസിന്റെ പേരിലാണെങ്കിലും ഇത് നിർബന്ധിത പരിവായി മാറും. റെയിൽവേയിലും മറ്റും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസുണ്ട്. എന്നാൽ അത് യാത്രക്കാർക്ക് വേണമെങ്കിൽ തിരഞ്ഞെടുത്താൽ മതി. എന്നാൽ ശബരിമലിയിലെ ദർശനത്തിന് ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.

നവംബറിൽ തുടങ്ങുന്ന തീർത്ഥാടനക്കാലത്ത് ദിവസം 80,000 പേരെമാത്രം അനുവദിച്ചാൽ മതിയെന്നു നേരത്തേ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മാസപൂജയ്ക്കും തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയത്. മാസപൂജയ്ക്ക് മിക്കപ്പോഴും ഇതിലും താഴെയാണ് തീർത്ഥാടകരുടെ എണ്ണമെന്ന് ദേവസ്വം ബോർഡ് പറയുന്നു. എങ്കിലും ക്രമീകരണങ്ങളിൽ വീഴ്ച ഉണ്ടാകാതിരിക്കാനാണ് പരിധി നിശ്ചയിച്ചത്. അടുത്ത തീർത്ഥാടനത്തിന്റെ ഒരുക്കം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ.

നിലവിലെ ഇൻഷുറൻസ് പദ്ധതിയിൽ ചെറിയ ആനുകൂല്യമാണ് നൽകുന്നത്. അതിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധവുമല്ല. ഇൻഷുറൻസ് വിപുലമാക്കുന്നതിന് കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിക്കും. സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം ബാരിക്കേഡിലൂടെ കടത്തിവിടുകയും അപ്പം, അരവണ പ്രസാദവിതരണ കൗണ്ടറുകളിൽ ആദ്യ ക്യൂ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെയ്ക്കുകയും ചെയ്യും. സ്പോൺസർമാരുടെ യോഗം ജൂൺ ആദ്യവാരം പമ്പയിൽ നടക്കുന്നുണ്ട്.