ശബരിമല: പൊലീസ് ഉദ്യോഗസ്ഥരുടെ പതിനെട്ടാം പടിയില്‍ കയറി നിരന്ന് നിന്നുള്ള ഫോട്ടോ ഷൂട്ട് വിവാദത്തില്‍. എഡിജിപി യും ശബ രിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ്.ശ്രീജിത്ത് സന്നിധാനം സ്പെഷ്യല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. പതിനെട്ടാം പടിയില്‍ ഡ്യൂട്ടി ചെയ്ത പോലീസുകാരാണ് ഫോട്ടോ എടുത്തതെന്നാണ് സൂചന. പതിനെട്ടാം പടിയിലെ പോലീസ് സേവനം ഇത്തവണ ഏറെ പ്രശംസ നേടിയതുമാണ്. ഇതില്‍ കൈയ്യടി കിട്ടുമ്പോഴാണ് പോലീസിനെ തേടി ഫോ്‌ട്ടോ വിവാദം എത്തുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. മണ്ഡലകാലത്തെ ആദ്യ പോലീസ് ബാച്ച് ഡ്യൂട്ടി കഴിഞ്ഞ് 25 ന് മലയിറങ്ങി. ഈ ബാച്ചില്‍ ഉള്ളവരാണ് മടങ്ങും മുന്‍പ് 24 ന് ഉച്ചയ്ക്ക് 1.30 ന് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ശ്രീകോവിലിനും കൊടിമരത്തിനും പതിനെട്ടാംപടിക്കും പുറം തിരിഞ്ഞ് നിരന്ന് നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഭക്തര്‍ക്ക് പോലും ഫോട്ടോ എടുക്കാന്‍ കര്‍ശന വിലക്കുള്ളപ്പോഴാണ് നിയമം പാലിക്കേണ്ട പോലീസ് പടിയില്‍ കയറി നിന്ന് ചിത്രം എടുത്തത്. മുമ്പൊരിക്കലും ഇത്തരത്തില്‍ ഫോട്ടോ എടുത്തിട്ടില്ല.

ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വിശ്വഹിന്ദു പിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു. അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയില്‍ പുറംതിരഞ്ഞ് നിന്ന് ഫോട്ടോ ഷൂട്ട് നടത്തി ആചാര ലംഘനം നടത്താന്‍ പോലീസ് ഉദ്യോസ്ഥര്‍ക്ക് അവസരം നല്‍കിയതില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ ആരോപിച്ചു.

മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പവിത്രമായ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. പതിനെട്ടാംപടിയുടെ പവിത്രതയും, ആചാരവും അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ല. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഹൈന്ദവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണാമാണ് ശബരിമല 18-ാം പടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കടുത്ത ആചാരലംഘനമെന്ന ചര്‍ച്ചയാണ് വിശ്വഹിന്ദു പരിഷത്ത് ഉയര്‍ത്തുന്നത്.

പതിനെട്ടാം പടിയിലെ ആചാരലംഘനാരോപണത്തില്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന കുറിപ്പ് ചുവടെ

ശബരിമല പതിനെട്ടാംപടിയില്‍ നിന്ന് ഫോട്ടോ ഷൂട്ട്, കടുത്ത ആചാര ലംഘനം

ഇത് ഈ കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് സംഭവിച്ചത്, എന്താണ് ഇതിനര്‍ത്ഥം??????

അയ്യപ്പ ഭക്തര്‍ 41 ദിവസത്തെ കഠിന ബ്രഹ്‌മചര്യ വ്രതം അനുഷ്ഠിച്ച് പുണ്യ പാപ ചുമടായ ഇരുമുടി കെട്ടുമേന്തിയാണ് പരമ പവിത്രമായ പതിനെട്ടാം പടി കയറുന്നത്. അങ്ങനെ ഉള്ള പടിയില്‍ പോലീസുകാര്‍ ഭഗവാന്റെ മുന്നില്‍ പുറംതിരിഞ്ഞു നിന്നു ഫോട്ടോ എടുക്കുന്നു. ഒരു കാരണവശാലും ഇത് അനുവദനീയമല്ല

ഇന്ന് എന്തു തോന്ന്യാസവും ആവാം എന്നതാണ് സന്നിധാനത്തെ സ്ഥിതികള്‍. പണ്ടൊക്കെ വ്രതാനുഷ്ഠാനത്തോടെ ആയിരുന്നു പോലീസ് ഡ്യൂട്ടിക്ക് സന്നിധാനത്ത് എത്തിയിരുന്നത്. സന്നിധാനത്ത് ഡ്യൂട്ടി വേണമെന്ന ആവശ്യവുമായി പോലീസുകാര്‍ പണ്ടൊക്കെ നേരത്തെ ആവശ്യപ്പെട്ടിരുന്നു, അതിനായി പ്രത്യേക വ്രതവും എടുത്തിരുന്നു. ഇന്ന് അതെല്ലാം മാറി ഒരു വ്രതവും ഇല്ലാത്ത പോലീസുകാര്‍ സന്നിധാനത്തും പതിനെട്ടാം പടിയിലും ജോലി ചെയ്യുന്നു

തന്ത്രിയും മേല്‍ശാന്തിയും വരെ പതിനെട്ടാം പടിക്ക് താഴെ വരുന്നത് ഭഗവാന്റെ നേരെ നോക്കി പുറകോട്ട് ആണ് ഇറങ്ങുന്നത്. പണ്ടൊക്കെ ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ പടി കയറുന്നത് പോലെ തന്നെ പടി ഇറങ്ങുമായിരുന്നു. അന്നും തിരിഞ്ഞാണ് പുറകോട്ട് ഇറങ്ങിയിരുന്നത്. അല്ലാതെ ഭഗവാന് നമ്മുടെ പുറകുവശം കാണിച്ചിട്ടല്ല

ഒന്നാമത് ഇന്ന് പതിനെട്ടാം പടിയില്‍ ഡ്യൂട്ടിക്ക് നില്ക്കുന്ന പോലീസുകാരില്‍ എത്ര പേര്‍ വിശ്വാസത്തോടേയും വ്രത വിശുദ്ധിയോടേയും ഉണ്ടെന്ന് ആര്‍ക്കറിയാം. ശരിക്കും പറഞ്ഞാല്‍ ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയിലും മുകളില്‍ ഭഗവാന്റെ സന്നിധിയിലും ഡ്യൂട്ടി ചെയ്യുന്നവര്‍ വ്രത വിശുദ്ധിയോടെ ആയിരിക്കണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവ് ഇറക്കണം. അയ്യപ്പന്മാര്‍ പടി കയറുന്ന സമയത്ത് അവരെ പിടിച്ചു സഹായിക്കുന്നത് ഒരുപാട് പുണ്യ പ്രവൃത്തിയാണ്. അതിനാല്‍ അവിടെ പടിയില്‍ ജോലി ചെയ്യുന്ന പോലീസ് അയ്യപ്പന്മാര്‍ വ്രതാനുഷ്ഠാനം ഉള്ളവര്‍ ആയിരിക്കണം

മാത്രമല്ല ഇന്ന് ഭഗവാന്റെ തിരുനടയില്‍ ഡ്യൂട്ടിക്ക് നില്ക്കുന്ന പോലീസുകാരില്‍ പലരും അയ്യപ്പ ഭക്തരോട് വളരെ മോശമായി ആണ് പെരുമാറുന്നത്. ഭക്തരുടെ ശരീരത്തില്‍ പിടിച്ചു വലിച്ച് മാറ്റാന്‍ പാടില്ല എന്ന് ബഹുമാനപ്പെട്ട ഹൈകോടതി ഉത്തരവു ഉണ്ടെങ്കിലും അതൊന്നും അവിടെ കാര്യമല്ല. സൗമ്യമായി പെരുമാറുന്ന പോലീസുകാര്‍ വളരെ വിരളം, ഒന്ന് ഭഗവാനെ നോക്കാന്‍ പോലും സമ്മതിക്കില്ല, അതിന് മുമ്പ് പിടിച്ചു വലിച്ച് മാറ്റും

ഇതിനെല്ലാം ഒരു അറുതി വരുത്തണം, കൂടാതെ മുകളില്‍ പറഞ്ഞതു പോലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പോലീസുകാര്‍ ചെയ്ത ഈ അനാചരണത്തിന് നടപടി എടുക്കാന്‍ ഉടനെ ഉത്തരവ് പുറപ്പെടുവിക്കണം

ഭക്തരുടെ വേദന തന്ത്രിയും മേല്‍ശാന്തിയും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും പരിഗണിക്കും എന്ന വിശ്വാസത്തില്‍ നിര്‍ത്തുന്നു

ജെ പി കെ നായര്‍ (കണ്ണന്‍ സ്വാമി)

ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വികെ. ബീനാകുമാരി ഉത്തരവും നല്‍കി. പതിനെട്ടാം പടി കയറുമ്പോള്‍ പൊലീസുകാരന്‍ കരണത്തടിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം. പത്തനംതിട്ട സ്വദേശി കിരണ്‍ സുരേഷാണ് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചത്.

സംഭവത്തില്‍ റാന്നി ഡിവൈഎസ്പി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഈ പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു റാന്നി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. അങ്ങനെ ആ വിവാദം അവസാനിച്ചു. അതിന് ശേഷമാണ് പതിനെട്ടാം പടിയില്‍ പുതിയ വിവാദം തുടങ്ങുന്നത്.

അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേള്‍ക്കുന്നത് വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് ക്യത്യവിലോപമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.