ശബരിമല: ശബരിമലയില്‍ ശ്രീകോവിലിന്റെ ഉള്‍വശം അടക്കം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുവാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീല്‍സ് ചിത്രീകരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയതായി പ്രസിഡണ്ട് പി.കെ. പ്രശാന്ത് അറിയിച്ചു.

ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉള്‍വശം അടക്കം ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. തീര്‍ത്ഥാടകര്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എല്ലാം ഇത് ബാധകമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. മാളികപ്പുറത്ത് മഞ്ഞള്‍പൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈകോടതി വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാര്‍ക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

അതിനിടെ, ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയ 23 പൊലീസുകാരെ കണ്ണൂര്‍ കെ.എ.പി-നാല് ക്യാമ്പിലേക്ക് നല്ലനടപ്പ് പരിശീലനത്തിനയച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്.

തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ 23 പൊലീസുകാരെയാണ് കണ്ണൂര്‍ കെ.എ.പി നാലിലേക്ക് പരിശീലനത്തിനയക്കുന്നത്. തീവ്രപരിശീലനം നല്‍കണമെന്നാണ് എ.ഡി.ജി.പിയുടെ നിര്‍ദേശം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ബാച്ച് പൊലീസുകാര്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി ഇറങ്ങുംമുമ്പ് പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത്. സമൂഹ മാധ്യമങ്ങളിലടക്കം സംഭവം വലിയ വിവാദമായിരുന്നു.