- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീര്‍ഥാടകരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടും മണ്ഡല-മകരവിളക്ക് കാലം വിവാദ രഹിതമാക്കുവാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചത് ദേവസ്വം പ്രസിഡന്റ്; പോലീസുമായുള്ള ഏകോപനവും സൂപ്പറാക്കി; പ്രശാന്തിന് രണ്ടാമൂഴം നല്‍കുന്നത് പിണറായിയുടെ സജീവ പരിഗണനയില്‍; ശബരിമലയില്‍ ഒരു തീര്‍ത്ഥാടന പരിസമാപ്തി കൂടി
ശബരിമല : വലിയ വിവാദങ്ങളില്ലാതെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയായതിന്റെ ആശ്വാസത്തില്‍ പിണറായി സര്‍ക്കാര്‍. ശബരിമലയില്‍ ജനുവരി 18 വരെ 52 ലക്ഷം തീര്‍ഥാടകര്‍ എത്തി. ചില്ലറ അസ്വാരസ്യങ്ങള്‍ മാത്രമാണ് ഇതിനിടെ ഉണ്ടായത്. വെര്‍ച്യൂല്‍ ക്യൂവില്‍ അടക്കമുള്ള പരാതികള്‍ അതിവേഗം പരിഹരിച്ചു. ഹൈക്കോടതിയുടെ ഇടപെടലുകളിലും സര്‍ക്കാര്‍ അതിവേഗ ഇടപെടല്‍ നടത്തി. സോളാറില്‍ വൈദ്യുതി ഉദ്പാദനത്തിനും ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീങ്ങുകയാണ്. സിയാലുമായുള്ള പുതിയ നീക്കം ശബരിമലയിലെ വികസന മുഖച്ഛായ തന്നെ മാറ്റുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.എസ് പ്രശാന്തിന് രണ്ടാമൂഴത്തിന് സാധ്യത കൂട്ടുന്നതാണ് വിവാദരഹിത ശബരിമല തീര്‍ത്ഥാടനം. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള വിജയകരമായ പ്രവര്‍ത്തനം അടിസ്ഥാനപ്പെടുത്തിയാണ് രണ്ടാമൂഴത്തിന് പ്രശാന്തിന് സാധ്യതയേറുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടും തീര്‍ഥാടന കാലം പരാതി രഹിതമാക്കുവാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചു എന്നതും പരിഗണിക്കപ്പെടുന്നു. ഈ സീസണില്‍ ശബരിമലയില്‍ എത്തിയ പ്രതിപക്ഷ നേതാവ് അടക്കമുള്ള രാഷ്ട്രീയ കക്ഷി നേതാക്കള്‍ പോലും ദേവസ്വം ബോര്‍ഡിന്റെ മികച്ച പ്രവര്‍ത്തനത്തെ കൈയ്യടിച്ചു.
2023ലെ മണ്ഡലകാലാരംഭത്തിന് കേവലം രണ്ട് ദിനം ബാക്കി നില്‍ക്കെ നവംബര്‍ 13നാണ് പ്രശാന്ത് പ്രസിഡന്റായി ചുമതലയേറ്റത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാര്യങ്ങള്‍ പഠിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പദ്ധതികള്‍ നടപ്പിലാക്കാനും ശബരിമല തീര്‍ത്ഥാടനം വന്‍ വിജയമാക്കാനും ഇക്കുറി സാധിച്ചു. 2025 നവംബര്‍ വരെയാണ് പ്രശാന്തിന് കാലാവധി ഉള്ളത്. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി ചുമതലയേറ്റ എ. പത്മകുമാറിന് രണ്ടാമൂഴത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എ. പത്മകുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായ വിവാദ പരാമര്‍ശമാണ് രണ്ടാമൂഴത്തിന് തടയിടപ്പെട്ടത്. ഇത്തവണ പ്രശാന്തിന് രണ്ടാമൂഴം നല്‍കുമെന്നാണ് വിലയിരുത്തല്‍.
തീര്‍ഥാടകകാലം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കി. തുടക്കത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തി. വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു. വാഹന പാര്‍ക്കിങ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കി.
പൊലിസിന്റെ കൃത്യവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. പതിനെട്ടാം പടിയിലെ പൊലീസുകാരുടെ പ്രവര്‍ത്തന സമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റില്‍ 85 തീര്‍ഥാടകരെ വരെ കയറ്റിവിടാനായി. സോപാനത്തിന് മുമ്പിലുള്ള ദര്‍ശനക്രമീകരണവും ഫലപ്രദമായിരുന്നു. തീര്‍ഥാടകരോടുള്ള പൊലീസിന്റെ പെരുമാറ്റവും കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനസൗകര്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. എഡിജിപി ശ്രീജിത്തനായിരുന്നു ഇത്തവണ ശബരിമലയിലെ സുരക്ഷാ ചുമതല. എഡിജിപി ശബരിമലയില്‍ തമ്പടിച്ച് കാര്യങ്ങള്‍ നിയന്ത്രിച്ചു. പതിവിന് വിപരീതമായി ദേവസ്വം പ്രസിഡന്റും സന്നിധാനത്ത് സജീവമായിരുന്നു.
ഇതെല്ലാം പരിഗണിച്ച് പ്രശാന്തിന് രണ്ടാമതൊരു ടേം കൂടി നല്‍കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം വട്ടവും നിയമിതനാകുന്നതിന് മന്ത്രിസഭയുടെ അംഗീകാരം മാത്രമാണ് ആവശ്യം. അടുത്ത മണ്ഡല - മകരവിളക്ക് കാലയളവ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ആ തീര്‍ത്ഥാടനവും വിജയമാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടമായ ഹൈന്ദവ വോട്ടുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരികെ പിടിക്കാന്‍ ഇത് അനിവാര്യതയുമാണ്. അതുകൊണ്ട് തന്നെ പ്രശാന്തിന് വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാനുള്ള സാധ്യത ഏറെയാണ്.
ശബരിമലയില്‍ നിന്നും രാജപ്രതിനിധി മടങ്ങി
പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മ ഇന്നു ദര്‍ശനം നടത്തി മടങ്ങുന്നതോടെ മകരവിളക്ക് ഉത്സവം സമാപിച്ചു. രാവിലെ 5ന് നടതുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠരര് രാജീവരുടെയും മകന്‍ ബ്രഹ്‌മദത്തന്റെയും കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. പന്തളത്തുനിന്നെത്തിയ തിരുവാഭരണസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടര്‍ന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാള്‍ രാജരാജ വര്‍മ്മയുടെ ദര്‍ശനത്തിനുശേഷം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കിയശേഷം നടയടയ്ച്ചു.
പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോല്‍ കൂട്ടവും പണക്കിഴിയും കൈമാറി. ഇവ രണ്ടും മടക്കി നല്‍കി ശബരിമലയിലെ പൂജകള്‍ അടുത്ത തീര്‍ത്ഥാടനകാലംവരെ തുടരാന്‍ നിര്‍ദ്ദേശിച്ച് തിരുവാഭരണത്തിനൊപ്പം അദ്ദേഹം മടക്കയാത്ര തുടങ്ങി. ഇന്നലെ നടയടച്ചശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്നിലായി രാജ പ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ മഹാഗുരുതി നടന്നിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ നിശബ്ദരായി മലയിറങ്ങി. ഇന്ന് രാജപ്രതിനിധിക്ക് മാത്രമായിരുന്നു ദര്‍ശനം.