ചെന്നൈ: ശബരിമല സ്വര്‍ണ തട്ടിപ്പ് കേസില്‍ അന്വേഷണത്തിന്റ ഭാഗമായി എസ്‌ഐടി സംഘം ചെന്നൈയിലെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. അതേസമയം, ശബരിമലയിലെ സ്വര്‍ണ തട്ടിപ്പില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസമാണ് ദേവസ്വം നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പ പാളികളിലെയും ശ്രീകോവിലിന്റെ വാതില്‍ പടിയിലെയും സ്വര്‍ണ്ണം കവര്‍ന്നതിനാണ് കേസ്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാംപ്രതി.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍നിന്നും ശ്രീകോവിലിന്റെ കട്ടിളയില്‍ നിന്നും കവര്‍ന്ന അരക്കിലോയോളം സ്വര്‍ണം കണ്ടെടുക്കുക പ്രത്യേക അന്വേഷക സംഘത്തിന്റെ ചുമതലയാണ്. ഉണ്ണികൃഷണന്‍ പോറ്റി എത്തിച്ച പാളികളില്‍നിന്ന് സ്വര്‍ണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഈ സ്വര്‍ണം തിരിച്ചെടുക്കാനാണ് ശ്രമം. ഈ സാഹചര്യത്തിലാണ് അന്വേഷണം. ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറുള്‍പ്പെടെയുള്ളവരെയാണ് പ്രതി ചേര്‍ത്തത്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ദ്വാരപാലകശില്‍പ്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍. രണ്ടാമത്തേത് ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ്. ഈ രണ്ടാമത്തെ എഫ്ഐആറിലാണ് ഇപ്പോള്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തിട്ടുള്ളത്. ആദ്യത്തെ സംഭവം 2019 മാര്‍ച്ചിലും രണ്ടാമത്തേത് ജൂലായിലും നടന്നതുകൊണ്ടാണ് രണ്ടു എഫ്ഐആറുകള്‍. ശബരിമലയിലെ സ്വത്ത് നഷ്ടപ്പെടുന്ന രീതിയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണുള്ളത്. ചെന്നൈയില്‍ സ്മാര്‍ട് ക്രിയേഷന്‍സില്‍ ഇപ്പോള്‍ സംഘം പരിശോധന നടത്തിവരികയാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്‍പങ്ങളുംവാതിലുകളുംസ്വര്‍ണംപൂശിയതെന്നാണ് ഇണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന തെളിവുകള്‍ നിര്‍ണായകമാകും. യഥാര്‍ഥ ദ്വാരപാലക പാളികള്‍ തന്നെയാണോ തിരിച്ചുകൊണ്ടുവന്നത് എന്നതിലടക്കം വ്യക്തത വരേണ്ടതുണ്ട്.

പാളികള്‍ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചവരാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്. അഴിമതിനിരോധനം, കവര്‍ച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേര്‍ത്തത്. സ്വര്‍ണംപൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതരെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ല. പാളികളിലെ സ്വര്‍ണം ഉരുക്കിയെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് എംഡി പങ്കജ് ഭാണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്.