തിരുവനന്തുപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനം പ്രശ്‌ന രഹിതമാക്കി പൂര്‍ത്തിയാകുമ്പോള്‍ രാഷ്ട്രപതി ഭവനും തിരിച്ചറിയുന്നത് 'അയ്യപ്പ കടാക്ഷം'. ഒന്നിലേറെ മനുഷ്യ സഹജമായ പിഴവുകളുണ്ടായി. പക്ഷേ അവിടെയെല്ലാം ഒരു കരുതല്‍ തുണയ്‌ക്കെത്തി. കോണ്‍ക്രീറ്റില്‍ ഹെലികോപ്ടര്‍ താഴന്നത് മുതല്‍ പ്രതിസന്ധി തുടങ്ങി. പക്ഷേ ഇതിന്റെ പ്രതിസന്ധികളൊന്നും രാഷ്ട്രപതിയെ ബാധിച്ചില്ല. മനസ്സ് നിറഞ്ഞ് അയ്യനെ കണ്ടു. അതുകൊണ്ട് തന്നെ ശബരിമല യാത്രയിലെ സുരക്ഷാ പാളിച്ചകളിലൊന്നും സംസ്ഥാന സര്‍ക്കാരിനേയോ കേന്ദ്ര ഏജന്‍സികളേയോ രാഷ്ട്രപതി ഭവന്‍ കുറ്റപ്പെടുത്തില്ല. എന്നാല്‍ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകരുതെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്യും. ശബരിമല ദര്‍ശനത്തിനു രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പു നിലയ്ക്കലിനും പ്ലാപ്പള്ളിക്കും മധ്യേ മണ്‍തിട്ട ഇടിഞ്ഞു വീണു കല്ലുകള്‍ റോഡില്‍ പതിച്ചു. ഉച്ചയ്ക്ക് രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോര്‍ഡ് ഗെസ്റ്റ് ഹൗസില്‍നിന്ന് വാഹനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പായി പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം മരം ഒടിഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.

തിങ്കളാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ത്തന്നെ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നു പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഓറഞ്ച് അലര്‍ട്ട് ആവര്‍ത്തിച്ചു. ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്ഥ വന്നപ്പോള്‍ കാലാവസ്ഥാ വകുപ്പിനെ വിമര്‍ശിച്ചവരുണ്ട്. എന്നാല്‍, ഉച്ചയോടെ നിലയ്ക്കല്‍ മേഖലയില്‍ ശക്തമായ മഴ തുടങ്ങി. രാവിലെ രാഷ്ട്രപതി നിലയ്ക്കലില്‍ ഇറങ്ങിയിരുന്നെങ്കില്‍ മടക്കം പ്രതിസന്ധിയിലായേനെ. നിലയ്ക്കലിലെ ഹെലിപാഡില്‍ ഇറങ്ങുന്നത് ഒഴിവാക്കിയത് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ്. മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും പകരം പത്തനംതിട്ടയിലെ പ്രമാടത്ത് ഹെലിപാഡ് ഒരുക്കാന്‍ തലേദിവസം രാത്രിവരെ കാത്തിരിക്കേണ്ടിവന്നത് വന്‍ വീഴ്ചയായി.

പ്രമാടത്തുനിന്നു നിലയ്ക്കല്‍ വരെ രാഷ്ട്രപതിയെ റോഡ് മാര്‍ഗം എത്തിച്ചത് ട്രയല്‍ റണ്‍ പോലും നടത്താതെയാണ്. ഇതും വളരെ ഗൗരവത്തില്‍ എടുക്കേണ്ട വിഷയമാണ്. ഒക്ടോബര്‍ 5നാണ് രാഷ്ട്രപതിയുടെ ഓഫിസില്‍നിന്നു ശബരിമല സന്ദര്‍ശനം സംബന്ധിച്ച സ്ഥിരീകരണം വരുന്നത്. 2 ആഴ്ചയിലേറെ സമയം ലഭിച്ചിട്ടും മുന്നൊരുക്കങ്ങള്‍ പാളിയെന്നതാണ് വസ്തുത. പ്രമാടത്ത് ഹെലിപാഡിനു ചുറ്റും സുരക്ഷാ വേലിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പലപ്പോഴും നായ്ക്കള്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിനടുത്തുവരെയെത്തി. ഇത് പോലീസുകാര്‍ക്കും തലവേദനയായി. നിലയ്ക്കലില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ തയാറാക്കേണ്ട മറ്റു പ്ലാനുകള്‍ (റോഡ് വഴി) പരിശോധിച്ചില്ലെന്നതും വീഴ്ചയാണ്.

തുലാമാസ പൂജയ്ക്കായി ശബരിമല തുറന്നതുമുതല്‍ ദിവസവും മഴ പെയ്തിട്ടും രാഷ്ട്രപതി എത്തുന്ന ഇന്നലെ നിലയ്ക്കലില്‍ ശക്തമായ മഴ പെയ്യുമെന്നു രണ്ടുദിവസം മുന്‍പേ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതാണു രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയ്ക്കിടയായത്. രാവിലെ ആറരയ്ക്കാണു മണ്‍കൂന റോഡിലേക്കു ഇടിഞ്ഞുവീഴുന്നത്. രാത്രി പെയ്ത മഴയാണു മണ്ണിടിയാന്‍ കാരണം. ഈ സമയം റോഡില്‍ പൊലീസ് സംഘം ഉണ്ടായിരുന്നതിനാല്‍ ബന്ധപ്പെട്ടവരെ ഉടന്‍ വിവരം അറിയിക്കാനായി. ആദ്യം തന്നെ ഒരു വശത്തു കൂടി വാഹനങ്ങള്‍ക്കു പോകാനുള്ള ക്രമീകരണം ഒരുക്കിയ ശേഷമാണു ബാക്കി കല്ലുകള്‍ നീക്കം ചെയ്തത്. കാലാവസ്ഥ അടക്കം വിശകലനം ചെയ്ത് രാഷ്ട്രപതി ഭവനെ കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിക്കുന്നതില്‍ വലിയ പിഴവുണ്ടായി. രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോര്‍ഡ് ഗെസ്റ്റ് ഹൗസില്‍നിന്ന് വാഹനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പാണ് വനമേഖലയിലെ മരം വീണത്. അഗ്‌നിരക്ഷാസേനാ ജീവനക്കാര്‍ സമീപത്തുണ്ടായിരുന്നു. ഇവര്‍ കലക്ടര്‍ എസ്.പ്രേം കൃഷ്ണനെ വിവരമറിയിച്ചു. പമ്പയിലാണു രാഷ്ട്രപതിക്കു ഭക്ഷണം ക്രമീകരിച്ചിരുന്നത്. മരം മുറിച്ചുമാറ്റുന്നതു വരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കാത്തിരുന്നു.

അഗ്‌നിരക്ഷാസേനയുടെ പതിനെട്ട് പേരടങ്ങിയ സംഘം എട്ട് കട്ടറുകള്‍ ഉപയോഗിച്ച് 7 മിനിറ്റു കൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി. റോഡിലെ പൊടിയും വെള്ളമുപയോഗിച്ച് കഴുകിനീക്കി. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അപകടകരമായ എല്ലാ മരങ്ങളും ഒരാഴ്ച മുന്‍പേ സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു. എന്നിട്ടും വീണ്ടും മരം വീണു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച ഹെലിപാഡ് താഴ്ന്നത് വലിയ സുരക്ഷാവീഴ്ചയാണെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടുവരെയും ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമാകുമെന്ന വിവരത്തെ തുടര്‍ന്ന് രാത്രിയിലാണ് പ്രമാടത്ത് ഇറങ്ങാന്‍ തീരുമാനിക്കുന്നത്. രാഷ്ട്രപതി നിലയ്ക്കല്‍ ഇറങ്ങുന്നത് സംബന്ധിച്ച് പ്ലാന്‍ എ മാത്രമാണ് തയാറാക്കിയത്.

പ്ലാന്‍ ബിയെ സംബന്ധിച്ച് ചിന്തിച്ചില്ലെന്നും പ്രമാടത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എംപി ആരോപിച്ചു. രാഷ്ട്രപതി ഹെലികോപ്റ്ററില്‍നിന്ന് ഇറങ്ങുന്ന സമയത്ത് തൊട്ടടുത്ത ഹെലിപാഡിലേക്ക് തെരുവുനായ എത്തിയതും സുരക്ഷ വീഴ്ചയാണെന്ന് എംപി പറഞ്ഞു. തെരുവുനായ എത്തുന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത പൊലീസുതന്നെ നായയെ ഓടിക്കുകയായിരുന്നെന്നും എംപി പറഞ്ഞു.